ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ് ഇന്നുമുതൽ; മത്സരരംഗത്ത് 8 മലയാളികൾ ഉൾപ്പെടെ 59 ഇന്ത്യൻ താരങ്ങൾ

Mail This Article
കുമീ (ദക്ഷിണ കൊറിയ)∙ 26–ാമത് ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിന് ഇന്നു ദക്ഷിണ കൊറിയയിലെ കുമീയിൽ തുടക്കം. 8 മലയാളികൾ ഉൾപ്പെടെ 59 ഇന്ത്യൻ അത്‌ലീറ്റുകളാണു പങ്കെടുക്കുന്നത്. ഡയമണ്ട് ലീഗിനുള്ള പരിശീലനത്തിലായതിനാൽ ജാവലിൻ ത്രോ ചാംപ്യൻ നീരജ് ചോപ്ര പങ്കെടുക്കുന്നില്ല. നീരജിന്റെ അഭാവത്തിൽ സച്ചിൻ യാദവ്, യഷ്‌വീർ സിങ് എന്നിവരാണ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്കായി ഇറങ്ങുക.
പുരുഷൻമാരുടെ 200 മീറ്റർ റേസ് വോക്കാണ് ഇന്നത്തെ ആദ്യ മെഡൽ മത്സരം. വനിതാ ജാവലിൻ ത്രോയിലും ഇന്ന് മെഡൽ മത്സരമുണ്ട്. ഏഷ്യൻ ഗെയിംസ് ചാംപ്യൻ അന്നു റാണിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. പുരുഷ ട്രിപ്പിൾ ജംപിൽ അബ്ദുല്ല അബൂബക്കർ, വനിതാ ലോങ്ജംപിൽ ആൻസി സോജൻ, 400 മീറ്റർ ഹർഡിൽസിൽ ആർ.അനു എന്നിവരാണ് ചാംപ്യൻഷിപ്പിൽ വ്യക്തിഗത ഇനങ്ങളിൽ മത്സരിക്കുന്ന മലയാളികൾ. ട്രിപ്പിൾ ജംപിൽ നിലവിലെ ചാംപ്യനാണ് അബ്ദുല്ല.
4–400 പുരുഷ റിലേ ടീമിൽ ടി.എസ്.മനു, റിൻസ് ജോസഫ് എന്നിവരും വനിതാ റിലേ ടീമിൽ കെ.സ്നേഹ, ജിസ്ന മാത്യു, സാന്ദ്രമോൾ സാബു എന്നിവരും മത്സരിക്കും. 2023ൽ തായ്‌ലൻഡിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ 6 സ്വർണമുൾപ്പെടെ 27 മെഡലുകളുമായി ഇന്ത്യ മൂന്നാമതായിരുന്നു.