ഏഷ്യൻ അത്ലറ്റിക്സിൽഇന്ത്യൻ കുതിപ്പ്; ഇന്നലെ ഇന്ത്യയ്ക്ക് 6 മെഡലുകൾ, മിക്സ്ഡ് റിലേയിൽ സ്വർണം

Mail This Article
കുമീ (ദക്ഷിണ കൊറിയ) ∙ ഒരു ദിവസത്തിനിടെ 6 മെഡലുകളുമായി ഏഷ്യൻ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ കുതിപ്പ് തുടർന്ന് ഇന്ത്യ. മിക്സ്ഡ് റിലേയിലാണ് ഇന്നലത്തെ ഏക സ്വർണം. രൂപൽ ചൗധരി (വനിതാ 400 മീറ്റർ), പ്രവീൺ ചിത്രവേൽ (പുരുഷ ട്രിപ്പിൾ ജംപ്), പൂജ (1500 മീറ്റർ), തേജസ്വിൻ ശങ്കർ (ഡെക്കാത്‍ലൺ) എന്നിവർ വ്യക്തിഗത ഇനങ്ങളിൽ വെള്ളി നേടിയപ്പോൾ പുരുഷ 1500 മീറ്ററിൽ യൂനുസ് ഷാ വെങ്കല മെഡലും സ്വന്തമാക്കി. 2 സ്വർണമടക്കം ആകെ 8 മെഡലുകളുമായി പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. ചൈനയും ജപ്പാനുമാണ് ആദ്യ 2 സ്ഥാനക്കാർ.
മിക്സ്ഡ് റിലേയിൽ നിലവിലെ ഏഷ്യൻ ചാംപ്യൻമാരായ ഇന്ത്യൻ ടീമിനു വെല്ലുവിളിയുയർത്താൻ ഇന്നലെ എതിരാളികൾക്കായില്ല. രൂപൽ ചൗധരി, സന്തോഷ് കുമാർ, ടി.കെ.വിശാൽ, ശുഭ വെങ്കടേശൻ എന്നിവരുൾപ്പെട്ട ഇന്ത്യൻ ടീം 3:18.12 മിനിറ്റിൽ ഫിനിഷ് ചെയ്ത് സ്വർണമുറപ്പിച്ചു. നേരത്തേ വനിതാ 400 മീറ്ററിൽ വെള്ളി നേടിയ രൂപൽ ചൗധരിയുടെ മെഡൽനേട്ടം ഇതോടെ രണ്ടായി.
2023ലെ ചാംപ്യൻഷിപ്പിൽ ഡെക്കാത്‌ലണിൽ നേടിയ വെങ്കലമാണ് തേജസ്വിൻ ഇന്നലെ വെള്ളിയായി ഉയർത്തിയത്. ട്രിപ്പിൾ ജംപിൽ 16.90 മീറ്റർ പിന്നിട്ട് പ്രവീൺ ചിത്രവേൽ വെള്ളിയുറപ്പിച്ചപ്പോൾ മലയാളി താരം അബ്ദുല്ല അബൂബക്കർ (16.72 മീറ്റർ) നാലാംസ്ഥാനത്തായി.
∙ ആൻസി ഫൈനലിൽ
വനിതാ ലോങ്ജംപിൽ രാജ്യത്തിന്റെ മെഡൽ പ്രതീക്ഷ സജീവമാക്കി ശൈലി സിങ്ങും മലയാളി താരം ആൻസി സോജനും ഫൈനലിലെത്തി. യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ശൈലിയും (6.17 മീറ്റർ) മികച്ച മൂന്നാമത്തെ പ്രകടനത്തോടെ ആൻസിയും (6.14 മീറ്റർ) മുന്നേറി. ഇന്നാണ് ഫൈനൽ. വനിതാ 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യാരാജി സെമിഫൈനലിലെത്തി.