ഗുകേഷിന് ജന്മദിന മധുരം; വിജയം

Mail This Article
സ്റ്റവാങ്ങീർ (നോർവേ) ∙ ജന്മദിനത്തിൽ വിജയവഴിയിൽ തിരിച്ചെത്തി ലോക ചാംപ്യൻ ഇന്ത്യയുടെ ഡി.ഗുകേഷ്. നോർവേ ചെസിന്റെ മൂന്നാം റൗണ്ടിൽ ലോക 2–ാം നമ്പർ അമേരിക്കയുടെ ഹികാരു നകാമുറയെ തോൽപിച്ചാണ് ഗുകേഷ് വിജയവഴിയിൽ തിരിച്ചെത്തിയത്. ആദ്യ രണ്ടു റൗണ്ടുകളിൽ മാഗ്നസ് കാൾസനോടും അർജുൻ എരിഗെയ്സിയോടും ഗുകേഷ് തോൽവി വഴങ്ങിയിരുന്നു. ഗുകേഷിന്റെ 19–ാം ജന്മദിനമായിരുന്നു ഇന്നലെ.
മറ്റൊരു മത്സരത്തിൽ അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ ഫാബിയാനോ കരുവാന ഇന്ത്യയുടെ അർജുൻ എരിഗെയ്സിയെ തോൽപിച്ചു. എരിഗെയ്സിയുടെ ആദ്യ തോൽവിയാണിത്. ടൈബ്രേക്കറിൽ നോർവീജിയൻ ഗ്രാൻഡ് മാസ്റ്റർ മാഗ്നസ് കാൾസൻ ചൈനയുടെ വെയ് യിയോടു പരാജയപ്പെട്ടു. വനിത മത്സരത്തിൽ ഇന്ത്യയുടെ കൊനേരു ഹംപി ഇറാനിയൻ ഗ്രാൻഡ് മാസ്റ്റർ സാറ ഹാദീമിനെ പരാജയപ്പെടുത്തി. 10 റൗണ്ടുകളുള്ള മത്സരത്തിൽ 6 പോയിന്റുകളുമായി കരുവാനയാണ് മുന്നിൽ. കാൾസനാണ് (5) രണ്ടാമത്.