സ്വർണജ്യോതി! ഇന്നലെ ഇന്ത്യയ്ക്ക് 6 മെഡൽ,വനിതാ ലോങ്ജംപിൽ ആൻസി സോജന്‍ വെള്ളി

Mail This Article
കുമീ (ദക്ഷിണ കൊറിയ) ∙ സ്റ്റാർട്ടിങ് പിഴച്ചു; 50 മീറ്റർ പിന്നിടുമ്പോൾ മെഡൽ സാധ്യതയ്ക്ക് ഏറെ പിന്നിൽ. എന്നിട്ടും അവസാന നിമിഷങ്ങളിലെ അവിശ്വസനീയ കുതിപ്പിൽ സ്വർണമണിഞ്ഞ് ഇന്ത്യയുടെ ജ്യോതി യാരാജി. ഏഷ്യൻ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്റർ ഹർഡിൽസിലായിരുന്നു ആന്ധ്രപ്രദേശുകാരി ജ്യോതിയുടെ വിസ്മയ പ്രകടനം. 12.96 സെക്കൻഡിൽ പുതിയ ചാംപ്യൻഷിപ് റെക്കോർഡ് കുറിച്ച് ജ്യോതി ഫിനിഷ് ലൈൻ തൊട്ടു. ഇന്നലെ ഇതടക്കം ഇന്ത്യ സ്വന്തമാക്കിയത് 3 സ്വർണവും 2 വെള്ളിയും ഒരു വെങ്കലവും. വനിതകളുടെ 4–400 റിലേ ടീമും 3000 മീറ്റർ സ്റ്റീപിൾ ചേസിൽ അവിനാഷ് സാബ്‍ലെയുമാണ് മറ്റു സ്വർണ ജേതാക്കൾ. വനിതാ ലോങ്ജംപിൽ മലയാളി ആൻസി സോജൻ വെള്ളി നേടി.
കസഖ്സ്ഥാൻ താരം ഓൾഗ ഷിജിന (13.04 സെക്കൻഡ്) 1998ൽ കുറിച്ച ചാംപ്യൻഷിപ് റെക്കോർഡ് തകർത്താണ് ജ്യോതി ഏഷ്യൻ ചാംപ്യൻഷിപ്പിലെ തുടർച്ചയായ രണ്ടാം സ്വർണം നേടിയത്. പുരുഷ സ്റ്റീപ്പിൾ ചേസിൽ 36 വർഷത്തിനുശേഷം രാജ്യത്തിന് ഏഷ്യൻ സ്വർണം സമ്മാനിച്ച അവിനാഷ് സാബ്‍ലെ 8:20.92 മിനിറ്റിൽ ഫിനിഷ് ചെയ്തു. വനിതാ 4–400 റിലേയിൽ രൂപൽ ചൗധരി, കുഞ്ജ രജിത, ശുഭ വെങ്കടേശൻ, മലയാളി താരം ജിസ്ന മാത്യു എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ ടീം ജേതാക്കളായപ്പോൾ സ്വർണ പ്രതീക്ഷയായിരുന്ന പുരുഷ ടീം വെള്ളിയിലൊതുങ്ങി.

വെള്ളിത്തിളക്കം
2 ഇന്ത്യൻ താരങ്ങൾ അണിനിരന്ന വനിതാ ലോങ്ജംപ് ഫൈനലിൽ പ്രതീക്ഷ കാത്ത് ആൻസി സോജനും ശൈലി സിങ്ങും. ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവായ ആൻസി 6.33 മീറ്റർ പിന്നിട്ട് ഏഷ്യൻ ചാംപ്യൻഷിപ്പിലെ കന്നി മെഡൽ സ്വന്തമാക്കി. 6.30 മീറ്റർ പ്രകടനത്തോടെ ശൈലി സിങ് വെങ്കലവും നേടി.