ഏഷ്യൻ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്: 3 സ്വർണം കൂടി; ഇന്ത്യ കുതിക്കുന്നു

Mail This Article
കുമീ (ദക്ഷിണ കൊറിയ) ∙ സ്വർണവേട്ടയ്ക്കൊപ്പം റെക്കോർഡുകളും തകർത്തു മുന്നേറിയ താരങ്ങളുടെ കരുത്തിൽ ഏഷ്യൻ അത്‍ലറ്റിക്സ് ട്രാക്കിൽ വീണ്ടും ഇന്ത്യൻ ആധിപത്യം. ഇന്നലെ 3 സ്വർണവും ഒരു വെള്ളിയും നേടിയതോടെ ഏഷ്യൻ മീറ്റിൽ ഇന്ത്യയുടെ മെഡൽനേട്ടം 18 ആയി. ചാംപ്യൻഷിപ് ഇന്നു സമാപിക്കാനിരിക്കെ മെഡൽ പട്ടികയിൽ ചൈനയ്ക്കു പിന്നിൽ രണ്ടാമതാണ് ഇന്ത്യ.
പുരുഷ 5000 മീറ്ററിൽ 10 വർഷം പഴക്കമുള്ള ചാംപ്യൻഷിപ് റെക്കോർഡ് തകർത്ത് മുന്നേറിയ ഇന്ത്യയുടെ ഗുൽവീർ സിങ് (13.24.74 മിനിറ്റ്) മീറ്റിലെ തന്റെ സ്വർണനേട്ടം രണ്ടാക്കി. ആദ്യദിനത്തിൽ 10,000 മീറ്ററിലും ഗുൽവീർ ജേതാവായിരുന്നു. വനിതാ ഹൈജംപിൽ പതിനെട്ടുകാരി പൂജ സിങ്, ഹെപ്റ്റാത്‍ലണിൽ നന്ദിനി അഗ്സാര എന്നിവരും സ്വർണ ജേതാക്കളായി.

ഏഷ്യൻ ചാംപ്യൻഷിപ്പിൽ വനിതാ ഹൈജംപിൽ ജേതാവാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് പൂജ. മലയാളി ബോബി അലോഷ്യസാണ് ആദ്യ വനിത. വനിതകളുടെ 3000 മീറ്റർ സ്റ്റീപിൾ ചേസിൽ വെള്ളി നേടിയ പാരുൽ ചൗധരി തന്റെ പേരിലുള്ള ദേശീയ റെക്കോർഡ് വീണ്ടും മെച്ചപ്പെടുത്തി (9:13.39 മിനിറ്റ്). പുരുഷൻമാരുടെ 4–100 റിലേയിൽ മെഡൽ പ്രതീക്ഷയായിരുന്ന ഇന്ത്യൻ ടീം ഹീറ്റ്സിൽ അയോഗ്യരാക്കപ്പെട്ടു. ബാറ്റൺ കൈമാറ്റത്തിലെ പിഴവാണ് കാരണം.