നീരജ് ചോപ്ര ഇല്ലെങ്കിലെന്താ, പാക്കിസ്ഥാന്റെ ഒളിംപിക് ചാംപ്യനെ വിറപ്പിച്ച് ഇന്ത്യയുടെ പുതിയ ജാവലിൻ വിസ്മയം- വിഡിയോ

Mail This Article
കുമീ (ദക്ഷിണ കൊറിയ)∙ ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിന്റെ അവസാന ദിനം ജാവലിൻ ത്രോയിൽ വിസ്മയക്കുതിപ്പുമായി ഇന്ത്യയുടെ യുവതാരം സച്ചിൻ യാദവ്. നീരജ് ചോപ്രയുടെ പിൻമാറ്റത്തോടെ ഇന്ത്യയ്ക്ക് പ്രതീക്ഷ നഷ്ടമായ ജാവലിൻ ത്രോയിൽ, നീരജിനൊത്ത പിൻഗാമിയാണ് താനെന്ന പ്രഖ്യാപനത്തോടെയാണ് സച്ചിൻ യാദവ് വെള്ളി മെഡൽ എറിഞ്ഞിട്ടത്. നീരജിന്റെ അഭാവത്തിൽ അനായാസ വിജയത്തിലേക്കു നീങ്ങുകയായിരുന്ന പാക്കിസ്ഥാന്റെ ഒളിംപിക് ചാംപ്യൻ അർഷാദ് നദീമിനെ വിറപ്പിക്കാനും സച്ചിൻ യാദവിനായി.
പുരുഷവിഭാഗം ജാവലിൻ ത്രോയിൽ ഒളിംപിക് ചാംപ്യൻ പാക്കിസ്ഥാന്റെ അർഷാദ് നദീം (86.40 മീറ്റർ) സ്വർണം നേടിയപ്പോൾ കരിയറിലെ മികച്ച ദൂരമായ 85.16 മീറ്റർ പിന്നിട്ടായിരുന്നു സച്ചിന്റെ വെള്ളി നേട്ടം. അർഷാദ് നദീമിന്റെ ആദ്യ ഏഷ്യൻ ചാംപ്യൻഷിപ്പ് മെഡലാണിത്. ഏഷ്യൻ താരങ്ങളിൽ ഈ സീസണിലെ ഏറ്റവും മികച്ച ദൂരം കൂടിയാണ് നദീം സ്വന്തമാക്കിയത്.
കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് സച്ചിൻ യാദവ് വെള്ളി നേടിയത്. മത്സരരംഗത്തുണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം യഷ് വീർ സിങ്ങും കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും (82.57) അഞ്ചാം സ്ഥാനത്തായിപ്പോയി. വെള്ളി നേടിയ സച്ചിൻ യാദവിന് നേരിയ വ്യത്യാസത്തിൽ ലോക ചാംപ്യൻഷിപ്പ് യോഗ്യത നഷ്ടമായത് ഇന്ത്യയ്‌ക്ക് നിരാശയായി. 8.50 ആയിരുന്നു ലോക ചാംപ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്ക്.
സ്വർണം അകന്നുപോയെങ്കിലും ഏഷ്യൻ അത്‍ലറ്റിക്സിന്റെ അവസാന ദിനത്തിലും ഇന്ത്യൻ മെഡൽവേട്ടയ്ക്കു ശമനമുണ്ടായില്ല. ഇന്നലെ 3 വീതം വെള്ളിയും വെങ്കലവും നേടിയാണ് ഇന്ത്യൻ അത്‌ലീറ്റുകൾ ഏഷ്യൻ ചാംപ്യൻഷിപ്പിലെ മെഡൽ പോരാട്ടം അവസാനിപ്പിച്ചത്. 8 സ്വർണവും 10 വെള്ളിയും 6 വെങ്കലവുമടക്കം 24 മെഡലുകളുമായി ഇന്ത്യ രണ്ടാംസ്ഥാനം സ്വന്തമാക്കിയപ്പോൾ 15 സ്വർണമടക്കം 26 മെഡലുകൾ നേടിയ ചൈനയാണ് ഒന്നാമത്. 2023ലെ ചാംപ്യൻഷിപ്പിൽ 6 സ്വർണമടക്കം 27 മെഡലുകൾ നേടിയിരുന്ന ഇന്ത്യ ഇത്തവണ സ്വർണത്തിന്റെ തിളക്കം വർധിപ്പിച്ചു.