അവസാന ദിനം 3 വീതം വെള്ളിയും വെങ്കലവും, മെഡൽ പട്ടികയിൽ രണ്ടാമത്; ഏഷ്യൻ അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് സൂപ്പർ ഫിനിഷ്

Mail This Article
കുമീ (ദക്ഷിണ കൊറിയ) ∙ സ്വർണം അകന്നുപോയെങ്കിലും ഏഷ്യൻ അത്‍ലറ്റിക്സിന്റെ അവസാന ദിനത്തിലും ഇന്ത്യൻ മെഡൽവേട്ടയ്ക്കു ശമനമുണ്ടായില്ല. ഇന്നലെ 3 വീതം വെള്ളിയും വെങ്കലവും നേടിയാണ് ഇന്ത്യൻ അത്‌ലീറ്റുകൾ ഏഷ്യൻ ചാംപ്യൻഷിപ്പിലെ മെഡൽ പോരാട്ടം അവസാനിപ്പിച്ചത്. 8 സ്വർണവും 10 വെള്ളിയും 6 വെങ്കലവുമടക്കം 24 മെഡലുകളുമായി ഇന്ത്യ രണ്ടാംസ്ഥാനം സ്വന്തമാക്കിയപ്പോൾ 15 സ്വർണമടക്കം 26 മെഡലുകൾ നേടിയ ചൈനയാണ് ഒന്നാമത്. 2023ലെ ചാംപ്യൻഷിപ്പിൽ 6 സ്വർണമടക്കം 27 മെഡലുകൾ നേടിയിരുന്ന ഇന്ത്യ ഇത്തവണ സ്വർണത്തിന്റെ തിളക്കം വർധിപ്പിച്ചു.
പുരുഷൻമാരുടെ ജാവലിൻത്രോയിൽ സച്ചിൻ യാദവും വനിതകളുടെ 5000 മീറ്ററിൽ പാരുൽ ചൗധരിയും 4–100 വനിതാ റിലേ ടീമുമാണ് അവസാന ദിനത്തിലെ വെള്ളി മെഡൽ ജേതാക്കൾ. ജാവലിൻത്രോയിൽ ഒളിംപിക് ചാംപ്യൻ പാക്കിസ്ഥാന്റെ അർഷാദ് നദീം (86.40 മീറ്റർ) സ്വർണം നേടിയപ്പോൾ കരിയറിലെ മികച്ച ദൂരമായ 85.16 മീറ്റർ പിന്നിട്ടായിരുന്നു സച്ചിന്റെ വെള്ളി നേട്ടം. കഴിഞ്ഞ ദിവസം വനിതാ സ്റ്റീപ്പിൾ ചേസിൽ രണ്ടാംസ്ഥാനം നേടിയ പാരുൽ ചൗധരി 5000 മീറ്ററിലൂടെ തന്റെ വെള്ളി നേട്ടം രണ്ടാക്കി.
വനിതാ 800 മീറ്ററിൽ വെങ്കല മെഡൽ ജേതാവായ പൂജ മീറ്റിലെ രണ്ടാം മെഡലാണ് നേടിയത്. കഴിഞ്ഞദിവസം 1500 മീറ്ററിൽ വെള്ളി നേടിയിരുന്നു. പുരുഷ 200 മീറ്ററിൽ തന്റെ പേരിലുള്ള ദേശീയ റെക്കോർഡ് തിരുത്തിയ അനിമേഷ് കുജൂർ (20.32 സെക്കൻഡ്), വനിതാ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജ് എന്നിവരും വെങ്കലം നേടി.