സെൻട്രൽ ഏഷ്യ വോളിബോളിൽ ഉസ്ബെക്കിസ്ഥാനെയും പാക്കിസ്ഥാനെയും തോൽപിച്ചു; ഇന്ത്യ ഫൈനലിൽ

Mail This Article
ഫെർഗാന (ഉസ്ബെക്കിസ്ഥാൻ) ∙ സെൻട്രൽ ഏഷ്യ വോളിബോൾ അസോസിയേഷന്റെ (കാവാ) നേഷൻസ് ലീഗ് ചാംപ്യൻഷിപ്പിൽ തുടർച്ചയായ നാലാം ജയത്തോടെ ഇന്ത്യൻ പുരുഷ ടീം ഇന്ത്യ ഫൈനലിൽ. കഴിഞ്ഞദിവസം നിലവിലെ ചാംപ്യൻമാരായ പാക്കിസ്ഥാനെ 3–0ന് കീഴടക്കിയ ഇന്ത്യ ഇന്നലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ വീഴ്ത്തിയത് കരുത്തരായ കസഖ്സ്ഥാനെ.
ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് അഞ്ചിനു ഫൈനലിൽ ഇറാനാണ് ഇന്ത്യയുടെ എതിരാളികൾ. 5 സെറ്റ് നീണ്ട ത്രില്ലർ പോരാട്ടത്തിലായിരുന്നു കസഖ്ഥാനെതിരായ ഇന്ത്യൻ വിജയം. ആദ്യ 3 സെറ്റ് പിന്നിടുമ്പോൾ 2–1ന് പിന്നിലായിരുന്ന ഇന്ത്യൻ ടീം അടുത്ത 2 സെറ്റുകളിലും ഉജ്വലമായി തിരിച്ചടിച്ച് ജയം സ്വന്തമാക്കി (26–24, 19–25, 23–25, 25–21, 15–13).
കഴിഞ്ഞ ദിവസം 25–15, 25–19, 25–23 എന്ന സ്കോറിലായിരുന്നു പാക്കിസ്ഥാനെതിരായ ഇന്ത്യൻ വിജയം. 2023 ഏഷ്യൻ ഗെയിംസിൽ പാക്കിസ്ഥാനോടേറ്റ തോൽവിക്കുള്ള മധുര പ്രതികാരംകൂടിയായി മാറി ഇന്ത്യൻ ടീമിന്റെ അനായാസ വിജയം. മലയാളികളായ ഷോൺ ടി.ജോൺ, ജോൺ ജോസഫ്, കെ.ആനന്ദ്, മുജീബ് എന്നിവർ ഇന്ത്യൻ ടീമിലുണ്ട്.