ഒറ്റച്ചിറകിൽ പറന്ന് ലോക സ്വർണം; ലോക പാരാ അത്‍ലറ്റിക്സ് ഗ്രാൻപ്രിയിൽ മലയാളിക്ക് സുവർണ നേട്ടം

Mail This Article
തിരുവനന്തപുരം ∙ തോൽക്കാത്ത മനസ്സുമായി ഒറ്റച്ചിറകിൽ പറന്ന മുഹമ്മദ് ബാസിലിന് ലോക പാരാ അത്‍ലറ്റിക്സ് ഗ്രാൻപ്രിയിൽ സ്വർണം. പാരിസിൽ നടക്കുന്ന ചാംപ്യൻഷിപ്പിൽ കൈയ്ക്കു പരിമിതിയുള്ളവരുടെ വിഭാഗത്തിൽ (ടി 47) 100 മീറ്ററിലാണ് (11.06 സെക്കൻഡ്) മലപ്പുറം വെളിയങ്കോട് സ്വദേശിയായ ബാസിൽ ജേതാവായത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ ഡിഗ്രി വിദ്യാർഥിയാണ്.
വെളിയങ്കോട് കളത്തിങ്ങൽ സിറാജുദ്ദീൻ– സീനത്ത് ദമ്പതികളുടെ മകനായ മുഹമ്മദ് ബാസിലിന് ജന്മനാ വലതു കൈ നഷ്ടപ്പെട്ടതാണ്. വെളിയങ്കോട് ഉമരി സ്കൂളിൽ വിദ്യാർഥിയായിരിക്കെ പരിശീലകൻ കെ.വി.മുഹമ്മദ് അനസാണ് അത്‍ലറ്റിക്സിലേക്കു നയിച്ചത്.
ജനറൽ വിഭാഗത്തിൽ മത്സരിച്ചു മികവുകാട്ടിയ താരം ദേശീയ സ്കൂൾ അത്‍ലറ്റിക്സിൽ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. നിലവിൽ തിരുവനന്തപുരം എൽഎൻസിപിഇയിൽ ആർ.ശ്രീനിവാസന് കീഴിലാണ് പരിശീലനം. ഈ വർഷത്തെ ഖേലോ ഇന്ത്യ പാരാ ഗെയിംസിലും ബാസിൽ സ്വർണം നേടിയിരുന്നു.