മത്സരത്തിനിടെ തേനീച്ചയെ അബദ്ധത്തിൽ വിഴുങ്ങി, പിന്നാലെ ദാരുണാന്ത്യം; സഞ്ജയുടെ മരണത്തിൽ ഞെട്ടി ആരാധകർ

Mail This Article
ലണ്ടൻ∙ പോളോ താരം സഞ്ജയ് കപൂറിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ കായിക ലോകം. പോളോ ആരാധകർക്കിടയില്‍ പ്രശസ്തനാണ് മത്സരത്തിനിടെ മരിച്ച സഞ്ജയ് കപൂർ. 53 വയസ്സുകാരനായ സഞ്ജയ്ക്ക് മത്സരത്തിനിടയിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം തേനീച്ച വായിൽ കയറി കുത്തിയതോടെയാണ് സഞ്ജയുടെ ആരോഗ്യ നില വഷളായത്. തൊട്ടുപിന്നാലെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ഉടൻ തന്നെ ചികിത്സ ലഭിച്ചെങ്കിലും സഞ്ജയുടെ ജീവൻ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്കു സാധിച്ചില്ല. കുതിരകളോടുള്ള പ്രിയമാണ്, സഞ്ജയെ പോളോ എന്ന കായിക ഇനത്തിന്റെ ലോകത്തിലെത്തിച്ചത്. ‘ഓറസ്’ എന്ന പോളോ ടീമിന്റെ ഉടമ കൂടിയാണു സഞ്ജയ്. ഓട്ടോ സ്പെയര്‍ പാര്‍ട്സ് രംഗത്തെ പ്രമുഖരായ സോണ ഗ്രൂപ്പിന്‍റെ സ്ഥാപകരായ പരേതനായ സുരീന്ദര്‍ കപൂറിന്‍റെയും റാണി കപൂറിന്‍റെയും മകനാണ്.
ബോളിവുഡ് താരം കരീഷ്മ കപൂറിനെ 2016ല്‍ വിവാഹം കഴിച്ചെങ്കിലും പിന്നീട് വേർപിരിഞ്ഞു. തേനീച്ചയെ വിഴുങ്ങിയാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി ജനറൽ സെക്രട്ടറി ഡോ. സി.എം. നാഗേഷ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ‘‘ഇത്തരമൊരു സംഭവം ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കാം. തേനീച്ച ഒരാളുടെ ശരീരത്തിനകത്ത് തൊണ്ടയിലോ, അന്നനാളത്തിലോ, ശ്വാസനാളത്തിലോ മറ്റോ കുത്തിയാല്‍ ആരോഗ്യ നില വഷളാകാൻ സാധ്യതയുണ്ട്.’’– നാഗേഷ് വ്യക്തമാക്കി.
തേനീച്ചയെ വിഴുങ്ങി ഒരു കായിക താരം മരിക്കുന്നത് ആദ്യമായല്ല. 2023ൽ ബ്രസീലിയൻ റോവിങ് താരം വാല്‍ഡനിൽറ്റൻ ആന്ദ്രെ റെയ്സ് സൈക്ലിങ്ങിനിടെ തേനീച്ച വായിൽ പോയതിനെ തുടർന്ന് മരിച്ചിരുന്നു. ആരോഗ്യനില വഷളായതോടെ, ചികിത്സ ലഭിക്കാതെയാണ് റോവിങ് താരം മരണത്തിനു കീഴടങ്ങിയത്.