കളി തോറ്റതിന്റെ കട്ടക്കലിപ്പ്, അശ്ലീല ആംഗ്യം കാണിച്ച് പാക്കിസ്ഥാൻ താരം, കോർട്ടിൽ പ്രതിഷേധം- വിഡിയോ

Mail This Article
സോൾ∙ സ്ക്വാഷ് മത്സരം തോറ്റതിനു പിന്നാലെ എതിരാളിക്കെതിരെ അശ്ലീല ആംഗ്യം കാണിച്ച് പാക്കിസ്ഥാൻ വനിതാ താരം. ദക്ഷിണകൊറിയയിൽ നടക്കുന്ന ഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാംപ്യൻഷിപ് മത്സരത്തിനിടെ പാക്കിസ്ഥാന്റെ മെഹ്‍വിഷ് അലിയാണ് അശ്ലീല ആംഗ്യം കാണിച്ചു വിവാദത്തിലായത്. പ്രീക്വാർട്ടർ പോരാട്ടത്തിൽ പാക്ക് താരം ഹോങ്കോങ്ങിന്റെ ചുങ് യുലിനോടു തോറ്റിരുന്നു.
11–13,5–11, 11–13,4–11 എന്ന സ്കോറിനായിരുന്നു പാക്ക് താരത്തിന്റെ തോൽവി. തൊട്ടുപിന്നാലെ ഹസ്തദാനം നടത്തുന്നതിനു പകരം പാക്കിസ്ഥാൻ താരം അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വൻ വിവാദമായി. മത്സര വേദിയിൽവച്ചു തന്നെ ഹോങ്കോങ് താരം പ്രതിഷേധിച്ചതോടെ മെഹ്‍വിഷ് അലിക്കെതിരെ അച്ചടക്ക നടപടി വരുമെന്നാണു വിവരം.
പാക്ക് താരത്തെ തോൽപിച്ച ചുങ് യുലിനെ ഇന്ത്യയുടെ അങ്കിത ദുബെ ക്വാർട്ടറിൽ കീഴടക്കി. മത്സരങ്ങൾക്കിടയിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ പാക്ക് താരങ്ങൾ വിവാദത്തിലാകുന്നത് ആദ്യ സംഭവമല്ല. മേയിൽ നടന്ന അണ്ടർ 16 ഡേവിസ് കപ്പ് മത്സരത്തിനിടെ ഷെയ്ക് ഹാൻഡ് കൊടുക്കാൻ ചെന്ന ഇന്ത്യന്‍ താരത്തിന്റെ കയ്യിൽ പാക്കിസ്ഥാന്‍ താരം അടിച്ചത് വൻ വിവാദമായിരുന്നു.
Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Instagram/MehwishAli എന്ന അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.