Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീയിൽക്കുരുത്ത തുളസിക്കതിർ

pc-thulasi പി.സി.തുളസി

വീണാൽ എഴുന്നേൽക്കാൻ ചിലർ മടിക്കും. പുത്തൻപുരയിൽ ചന്ദ്രിക തുളസി എന്ന പി.സി. തുളസി പക്ഷേ, അങ്ങനെയല്ല. വീണപ്പോഴൊക്കെ ഇരുകയ്യും നിലത്തൂന്നി എഴുന്നേറ്റു നിവർന്നു നിന്നാണു ശീലം. ദേശീയ ബാ‍ഡ്മിന്റൻ സിംഗിൾസ് കിരീടം നേടിയ ആദ്യ മലയാളി വനിതയെന്ന പെരുമ നേടാനും ലോക ബാഡ്മിന്റൻ റാങ്കിങ്ങിൽ 34–ാം സ്ഥാനം വരെ പടവെട്ടിപ്പിടിക്കാനും തുളസിക്കു കരുത്തു നൽകിയതു തളരാത്ത ഈ മനസ്സാണ്.

പൊരിവെയിലിലും വാടാത്ത തുളസിക്കതിരാണ് ഈ താരം. പാലക്കാട് ഉമ്മിനിയിലെ ടി.വി. പ്രശാന്തന്റെയും പി.സി. ചന്ദ്രികയുടെയും മകൾ രണ്ടു വലിയ വീഴ്ചകളെയാണ് അതിജീവിച്ചത്. ഒരുവർഷം മുൻപ്, ലോക റാങ്കിങ്ങിലെ 34–ാം സ്ഥാനവുമായി അതിവേഗം പ്രശസ്തിയിലേക്കുയരുമ്പോൾ കണങ്കാലിനു ഗുരുതര പരുക്ക്. നാലുമാസം വീട്ടിലിരിക്കേണ്ടിവന്നു.

പരുക്കു ഭേദമായി തിരിച്ചെത്തിയെങ്കിലും കാര്യങ്ങളത്ര എളുപ്പമായില്ല. പങ്കെടുത്ത രാജ്യാന്തര ടൂർണമെന്റുകളിലെല്ലാം ഒന്നാം റൗണ്ടിനപ്പുറം കടക്കാൻ കഴിഞ്ഞില്ല. റാങ്കിങ് 120ലേക്കു താണു. ഫിറ്റ്നസിനപ്പുറം എന്തോ പാളിച്ചയുണ്ടെന്നു ബോധ്യമായി. പിന്നീടു മാസങ്ങളോളം തുളസിയെ മത്സരവേദിയിൽ കണ്ടില്ല. പരിശീലനം ഒന്നുമുതൽ തുടങ്ങി.

തന്നോടു തന്നെ ആഞ്ഞുപൊരുതി. ആ പോരാട്ടം 2016ൽ ചണ്ഡീഗഡ് ദേശീയ സീനിയർ ബാഡ്മിന്റനിലെ സിംഗിൾസ് കിരീടവിജയം വരെയെത്തി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി വനിത. പിന്നാലെ വന്നു രണ്ടാം വീഴ്ച. രണ്ടുമാസം മുൻപു കണങ്കാലിനു വീണ്ടും പരുക്കേറ്റു. വീണ്ടും നിർബന്ധിത വിശ്രമജീവിതം. പരുക്കിൽ നിന്ന് ഏറെക്കുറെ മുക്തയായതോടെ വീണ്ടും ഒന്നുമുതൽ പരിശീലനം. ഇത്തവണ ലക്ഷ്യം അൽപംകൂടി വലുതാണ്.

2020ലെ ടോക്കിയോ ഒളിംപിക്സിനു യോഗ്യത നേടുക, ഇന്ത്യയ്ക്കായി മെഡൽ സ്വന്തമാക്കുക. ആ ലക്ഷ്യത്തിലേക്കുള്ള ഒരുക്കത്തിലാണു തുളസി ഇപ്പോൾ. ബാഡ്മിന്റൻ താരമാവുകയെന്ന സ്വപ്നം തുളസിയിൽ നട്ടു നനച്ചത് അച്ഛൻ പ്രശാന്താണ്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആരംഭിച്ചതാണ് ഷട്ടിലിനോടുള്ള ഭ്രമം.

2006ൽ ദേശീയ ക്യാംപിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ കളി കാര്യമായി. 2008ൽ യൂത്ത് കോമൺവെൽത്ത് ഗെയിംസിൽ വനിതാ ഡബിൾസിൽ സ്വർണം, ലോക ജൂനിയർ ബാഡ്മിന്റനിൽ ടീം വെങ്കലം, 2011ലെ ദേശീയ ഗെയിംസിൽ മൂന്നു മെഡലുകൾ, 2010 ദക്ഷിണേഷ്യൻ ഗെയിംസിൽ സിംഗിൾസിൽ വെള്ളിയും ഡബിൾസിൽ സ്വർണവും, 2014ലെ ഏഷ്യൻ ഗെയിംസിൽ ടീമിനത്തിൽ വെങ്കലം.

ചെന്നൈ ഒഎൻജിസിയിലാണു ജോലി. പരുക്കിനെ പൊരുതിത്തോൽപിച്ച തുളസി കൊച്ചിയിലെ വീട്ടിൽ ഒളിംപിക്സ് ലക്ഷ്യമിട്ടുള്ള പരിശീലനം തുടങ്ങാനൊരുങ്ങുകയാണ്. ഒളിംപിക് മെഡലെന്ന നേട്ടത്തിനു പി.വി. സിന്ധുവിനൊരു പിൻഗാമി കൊച്ചിയിൽ ഉദിക്കുമോയെന്നു കാത്തിരുന്നു കാണാം.

സ്റ്റാര്‍ ഓഫ് 2016 –

നിങ്ങളുടെ വോട്ട് തുളസിക്കെങ്കിൽ VOTE സ്പെയ്സ് E എന്നു രേഖപ്പെടുത്തി
56767123 ലേയ്ക്ക് എസ്എംഎസ് * ചെയ്യുക.
*നിരക്കുകൾ ബാധകം

Your Rating: