Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉരുണ്ടുരുണ്ട് പ്രമാടം !

yama-academy യാമാ സ്കേറ്റിങ് അക്കാദമിയിലെ പരിശീലനം. ചിത്രം: അരവിന്ദ് വേണുഗോപാൽ

പത്തനംതിട്ട ∙ ബാസ്കറ്റ്ബോളിന് കുറിയന്നൂരെന്നപോലെ, ഹോക്കിക്ക് മലയാലപ്പുഴ എന്നപോലെ റോളർ സ്കേറ്റിങ്ങിനു ജില്ലയുടെ അഭിമാനമായി മാറുകയാണ് പ്രമാടം. ചക്രച്ചെരിപ്പുകളിലേറി പ്രമാടത്തെ കുട്ടികൾ ഇതിനോടകം തന്നെ കൈപ്പിടിയിലൊതുക്കിയത് ഒട്ടേറെ ദേശീയ, രാജ്യാന്തര നേട്ടങ്ങൾ.

നേതാജി യാമാ സ്കേറ്റിങ് അക്കാദമി

2014ൽ പിറവിയെടുത്ത നേതാജി യാമാ സ്കേറ്റിങ് അക്കാദമിയാണ് പ്രമാടത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ചക്രങ്ങൾ വച്ചുപിടിപ്പിച്ചത്. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ ബാസ്കറ്റ്ബോൾ കോർട്ടിൽ റോളർ സ്കേറ്റിങ് പരിശീലനം നടത്താനായി കോന്നി സ്വദേശി അഭിജിത്ത് അമൽരാജും പിതാവ് ബിജുരാജും കൂടി എത്തിയതോടെയാണ് പ്രമാടം ചക്രച്ചെരുപ്പുകളുടെ കളിയരങ്ങായി മാറിയത്. മകന് മഴക്കാലത്തും പരിശീലനം നടത്താൻ കഴിയുന്ന ഒരു സ്ഥലം ആവശ്യപ്പെട്ട ബിജുരാജിനെ പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് സ്കൂൾ അധികൃതർ നിർമിച്ചുനൽകിയത് രാജ്യാന്തര നിലവാരത്തിലുള്ള സ്കേറ്റിങ് റിങ്ക്. സ്കൂളിൽ പുതുതായി നിർമിച്ച ഓഡിറ്റോറിയത്തിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയത്.

പുതിയ പരിശീലനക്കളരി ഒരുങ്ങിയതോടെ അഭിജിത്ത് അമൽരാജ് എന്ന ഒരു വിദ്യാർഥിയിൽനിന്ന് നൂറുകണക്കിനു വിദ്യാർഥികളുടെ പരിശീലനക്കളരിയായി നേതാജി സ്കൂളിലെ സ്കേറ്റിങ് റിങ്ക് മാറി. അതോടെ മുൻപൊരിക്കൽപോലും ചിന്തിച്ചിട്ടുപോലുമില്ലാത്ത രാജ്യാന്തര മൽസരവേദികളിലേക്ക് പ്രമാടത്തെ കുട്ടികളെ കൈപിടിച്ചുയർത്തിയ മാതൃകാ സംരംഭമായി നേതാജി യാമാ സ്കേറ്റിങ് അക്കാദമി മാറി. നേതാജി സ്കൂളിലെയും സമീപത്തെ മറ്റ് സ്കൂളുകളിലെയും വിദ്യാർഥികളാണ് അക്കാദമിയിലെ സ്ഥിരം അംഗങ്ങൾ.

ജില്ലയും സംസ്ഥാനവും കടന്ന് വിദ്യാർഥികൾ

പ്രമാടത്തെയും പരിസര പ്രദേശങ്ങളിലെയും മാത്രമല്ല, മറ്റു ജില്ലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നുപോലുമുള്ള വിദ്യാർഥികൾ നേതാജി യാമാ സ്കേറ്റിങ് അക്കാദമിയിൽ ഇപ്പോൾ പരിശീലനം തേടിയെത്തുന്നുണ്ട്. ഗുജറാത്തിൽനിന്നുള്ള കെനീഷാ മനീഷാ കുമാർ, തിരുവനന്തപുരത്തുനിന്നുള്ള ജാനകി നായർ എന്നിവരെല്ലാം പ്രമാടത്തെത്തിയത് യാമാ അക്കാദമിയിൽ പരിശീലനം നടത്താൻ വേണ്ടിയാണ്. കെനീഷാ മനീഷാ കുമാർ സ്കൂൾപഠനം പോലും പ്രമാടം നേതാജി സ്കൂളിലേക്ക് മാറ്റിയിരുന്നു.