സെറീനയെ കണ്ടും ടെന്നിസ് കണ്ടും കൊതിക്കരുത് !

ഓരോ അമ്മമാരുടെയും ശാരീരികക്ഷമതയും ആരോഗ്യശേഷിയും വ്യത്യസ്തമാണ്. ഇതു ഭൂപ്രകൃതി, ശാരീരിക ഘടന, ചെയ്യുന്ന ജോലിയുടെ കാഠിന്യം, ഭക്ഷണരീതി തുടങ്ങി ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വ്യായാമവും മറ്റു കായിക ഇനങ്ങളും ശീലമാക്കിപ്പോന്ന സ്ത്രീകൾക്കു ഗർഭകാലത്തും അതു തുടരുന്നതിനു തടസ്സമില്ല.

സെറീന വില്യംസിന്റെ കാര്യത്തിൽ ടെന്നിസ് എന്നാൽ അവരുടെ ജീവിതം തന്നെയാണ്. എത്രയോ വർഷങ്ങളായി അവർ അതു തുടരുന്നു. ഗർഭിണിയാകുകയെന്നതു വളരെ സ്വാഭാവികമായ കാര്യമാണല്ലോ. സെറീനയുടെ ശരീരത്തിലെ ആ സ്വാഭാവിക വ്യതിയാനത്തിന് ടെന്നിസ് കളിയാകും ഏറ്റവും കൂടുതൽ ഉല്ലാസം പകരുന്നത്. നമ്മുടെ സാഹചര്യങ്ങളിൽനിന്നു നോക്കുമ്പോഴാണ് ഇതു വലിയ പ്രശ്നമായി അനുഭവപ്പെടുന്നത്. അവർ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന കാര്യമാണു ടെന്നിസ്.

ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തിൽ അമ്മയുടെ മനഃസന്തോഷം വളരെ വലുതാണ്. തന്നെയുമല്ല, വിദഗ്ധ ഡോക്ടർമാരുടെയും ഫുഡ് സ്പെഷലിസ്റ്റുകളുടെയും രാജ്യാന്തര നിലവാരത്തിലുള്ള സേവനവും സ്വീകരിച്ചുകൊണ്ടാണു സെറീന കോർട്ടിൽ ഇറങ്ങുന്നത്. ഗർഭകാലത്തു ശരീരത്തിനു പ്രത്യേക ശ്രദ്ധവേണമെന്ന നിർദേശവും അവർ കൃത്യമായി പാലിക്കുന്നുണ്ടാകാം. സെറീന ടെന്നിസ് കളിച്ചല്ലോ എന്നാൽ നമുക്കും എന്തും ചെയ്യാം എന്നു ഗർഭിണികൾ വിചാരിക്കരുത്. ഓരോരുത്തരുടെയും ക്ഷമത ഇതിൽ പ്രധാനമാണ്.

സെറീനയെ പോലെ ചെറുപ്പം മുതലേ ടെന്നിസുമായി ട്യൂൺഡ് ആയവർക്കു കുഴപ്പമില്ല. അതേസമയം, ചെറു വ്യായാമം പോലും ചെയ്യാത്തവർ ദേഹം അമിതമായി അനക്കിയാൽ തന്നെ പ്രശ്നമാകാം. ഏഷ്യക്കാരുടെ ശരീര ഘടന സെറീയുടേതു പോലെയുള്ള കരുത്തുറ്റതല്ലെന്നും ഓർക്കാം. ഗർഭകാലത്തെ ഛർദി, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങളും ഓരോരുത്തരിലും വ്യത്യസ്തമാകാം.

ഡോ. ഹരീഷ് ചന്ദ്രൻ നായർ‍,

ഗൈനക്കോളജി വിഭാഗം മേധാവി,

കാരിത്താസ് ആശുപത്രി, കോട്ടയം