Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷറപ്പോവയില്ല; റോളങ് ഗാരോയിൽ നിരാശ

TENNIS-WTA-GER-STUTTGART-SHARAPOVA, Maria Sharapova

പാരിസ് ∙ വിലക്കിൽനിന്നു മോചിത യായ ഷറപ്പോവയ്ക്ക് പരുക്കിന്റെ പീഡനം. റോം മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിൽ രണ്ടാം റൗണ്ടിൽ ഇടംകാലിലെ തുടയുടെ വേദനയെത്തുടർന്ന് ഷറപ്പോവ പിൻമാറി. ഫ്രഞ്ച് ഓപ്പണിൽ ഷറപ്പോവയ്ക്ക് വൈൽഡ് കാർഡ് എൻട്രിയില്ല എന്ന പ്രഖ്യാപനം വന്നതിനു തൊട്ടു പിന്നാലെയാണ് താരത്തിന്റെ പിൻമാറ്റം. നിലവിലുള്ള ചാംപ്യൻ ആൻഡി മറെ രണ്ടാംറൗണ്ടിൽ പുറത്തായതും റോം ചാംപ്യൻഷിപ്പിനെ സംഭവബഹുലമാക്കി. ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയാണ് മറെയെ വീഴ്ത്തിയ ത്. കാലിൽ ബാൻഡേജ് കെട്ടി കളിക്കാനിറങ്ങിയ ഷറപ്പോവ ക്രൊയേഷ്യയുടെ മിർജാന ലൂസിക്കിനെതിരെ 4–6, 6–3, 2–1ന് ലീഡ് ചെയ്യുമ്പോഴാണ് കളിയിൽനിന്നു പിൻമാറിയത്.

ടൂർണമെന്റിനിടയ്ക്ക് പിൻമാറിയതിന് ക്ഷമാപണം നടത്തിയ ഷറപ്പോവ പരുക്ക് ഗുരുതരമാകാതിരിക്കാൻ ചികിൽസ തേടുകയാണെന്നും വ്യക്തമാക്കി. റോം ചാംപ്യൻഷിപ്പിൽനിന്ന് പിൻമാറിയതോടെ വിമ്പിൾഡന്റെ മെയിൻഡ്രോയിൽ ഷറപ്പോവയ്ക്ക് സ്ഥാനം ലഭിക്കില്ല എന്നുറപ്പായി. ഇവിടെ സെമിഫൈനലിൽ എത്തിയിരുന്നെങ്കിൽ മെയിൻഡ്രോയിലെത്തുമായിരുന്നു.

ഫ്രഞ്ച് ഓപ്പണിൽ വൈൽഡ് കാർഡ് നിഷേധിച്ചതോടെ മരിയ ഷറപ്പോവയുടെ ഗ്ലാമർ സാന്നിധ്യം ടൂർണമെന്റിനു നഷ്ടമാകും. ഇവിടെ മുൻ ജേത്രി കൂടിയാണ് ഷറപ്പോവ. റോജർ ഫെഡററുടെ പിൻമാറ്റവും ഗർഭിണിയായതോടെ കളം വിട്ട സെറീന വില്യംസിന്റെ അസാന്നിധ്യവും ടൂർണമെന്റിന്റെ പകിട്ട് കുറച്ചിട്ടുണ്ട്. പരുക്കിൽനിന്നു മടങ്ങിയെത്തുമ്പോഴാണ് വൈൽഡ് കാർഡ് നൽകുന്നതെന്നും വിലക്കു കഴിഞ്ഞ് വരുന്നവർക്ക് അത് നൽകുന്നത് ശരിയായ കീഴ്‍‌വഴക്കമല്ലെന്നും ഫ്രഞ്ച് ടെന്നിസ് പ്രസിഡന്റ് ബെർണാഡ് ജിയൂദിസെല്ലി പറഞ്ഞു. കളിയുടെ ഉന്നതമായ മൂല്യങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ആരാധകരും ഷറപ്പോവയും അതു മനസ്സിലാക്കണമെന്നും അവരെ നിരാശപ്പെടുത്തിയതിൽ ഖേദമുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

റോളങ് ഗാരോസിൽ 2012ലും 14ലും കിരീടമുയർത്തിയ ഷറപ്പോവയുടെ തിരിച്ചുവരവുമോഹത്തിനാണ് ഇതോടെ തിരിച്ചടിയേറ്റത്. പതിനഞ്ചു മാസത്തെ വിലക്കിനൊടുവിൽ സജീവ ടെന്നിസിലേക്ക് ഫ്രഞ്ച് ഓപ്പണിലൂടെ ഷറപ്പോവ മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇപ്പോൾ ലോക റാങ്കിങ്ങിൽ 211ാം സ്ഥാനത്തുള്ള താരത്തിന് മെയിൻഡ്രോയിൽ പ്രവേശനം നൽകാൻ സംഘാടകർക്കു കഴിയില്ല. പിന്നെയുള്ള വഴി വൈൽഡ് കാർഡ് ആയിരുന്നു. മരിയയുടെ പിൻമാറ്റം ടെലിവിഷൻ സംപ്രേഷണം നൽകുന്ന കമ്പനികളെയും നിരാശരാക്കിയിട്ടുണ്ട്.

എന്നാൽ മരുന്നുപയോഗത്തിന് നിരോധിക്കപ്പെട്ട ഒരാളെ അങ്ങനെ സ്വാഗതം ചെയ്യേണ്ടെന്ന നിലപാടായിരുന്നു വേൾഡ് ടെന്നിസ് അസോസിസേഷന്. ഫ്രഞ്ച് ഓപ്പൺ കയ്യൊഴിഞ്ഞതോടെ വിമ്പിൾഡൻ സംഘാടകർ പ്രതിസന്ധിയിലായി. വിമ്പിൾഡനിലും ഷറപ്പോവയ്ക്ക് വൈൽഡ് കാർഡ് നൽകണമെന്ന മുറവിളി ഉയരും. ഇവിടെയും മുൻ ജേതാവാണ് അവർ. ധാർമികതയുടെ പേര് പറഞ്ഞ് വിമ്പിൾഡനും കയ്യൊഴിഞ്ഞാൽ ഷറപ്പോവയുടെ കരിയറിന് ഷട്ടർ വീഴും.