Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറെ, വാവ്റിങ്ക മുന്നോട്ട്; ഏഴാം സീഡ് ജോഹന്ന കോണ്ട പുറത്ത്

Andy-Murray ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ട് പോരാട്ടത്തിൽ സ്മാഷ് ചെയ്യാനൊരുങ്ങുന്ന ആൻഡി മറെ.

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് കിരീടം ലക്ഷ്യമിട്ട് അൻഡി മറെയും വാവ്‌റിങ്കയും തുടങ്ങി. റഷ്യൻ താരം ആന്ദ്രേ കുസ്നെറ്റ്സോവിനെ നാലു സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഒന്നാംസീഡ് ബ്രിട്ടന്റെ മറെ തോൽപിച്ചത്. 6–4, 4–6, 6–2, 6–0നായിരുന്നു മറെയുടെ ആദ്യറൗണ്ട് വിജയം. സ്ലൊവാക്യയുടെ ജോസഫ് കോവാലിക്കിനെയാണ് 6–2, 7–6, 6–3ന് സ്വിസ് താരം വാവ്റിങ്ക വീഴ്ത്തിയത്. രണ്ടാം സെറ്റിൽ കടുത്ത പോരാട്ടം നടത്തിയാണ് ഫ്രഞ്ച് ഓപ്പൺ അരങ്ങേറ്റക്കാരൻ കോവാലിക് കീഴടങ്ങിയത്.

സ്പെയിൻ താരം ഫെർണാണ്ടോ വേർദസ്കോയും രണ്ടാംറൗണ്ടിലേക്കു മുന്നേറി. ജർമൻ താരം അലക്സാണ്ടർ സ്വെരേവിനെ 6–4, 3–6, 6–4, 6–2നാണ് വേർദസ്കോ തോൽപിച്ചത്. ഫ്രാൻസിന്റെ ഗെയ്‌ൽ മോൺഫിൽസ് ജർമനിയുടെ ഡസ്റ്റിൻ ബ്രൗണിനെ (6–4, 7–5, 6–0) നേരിട്ടുള്ള സെറ്റുകളിൽ പറ‍ഞ്ഞയച്ചു.

ദക്ഷിണ കൊറിയയുടെ ചങ്ങ് ഹിയോണായിരുന്നു ആദ്യറൗണ്ടിലെ പുരുഷ അട്ടിമറിത്താരം. 27–ാം സീഡ് സാം ഖ്വെറിയെ 6–4, 3–6, 6–3, 6–3 എന്ന നിലയിൽ ചങ്ങ് മറികടന്നു. ഉസ്ബക്കിസ്ഥാന്റെ ഡെനിസ് ഇസ്തോമിനാണ് ചാങ്ങിന്റെ രണ്ടാംറൗണ്ട് എതിരാളി. ഓസീസ് താരം നിക് കിർഗിയോസ് ജർമനിയുടെ ഫിലിപ് കോൾഷ്റൈബറെയും (6–3, 7–6, 6–3) അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പോർട്ടോ നാട്ടുകാരൻ ഗ്വിഡോ പെല്ലയെയും (6–2, 6–1, 6–4) തോൽപിച്ചു.

ഒൻപതാം സീഡ് ജപ്പാന്റെ കെയ് നിഷികോരി ഓസീസ് താരം താനാസി കോക്കിനാകിസിനെ ( 4–6, 6–1, 6–4, 6–4) മറികടന്ന് രണ്ടാംറൗണ്ട് ഉറപ്പാക്കി. സ്ലൊവാക്യയുടെ മാർട്ടിൻ ക്ലിസാൻ 7–6, 6–3, 4–6, 6–4ന് ഫ്രാൻസിന്റെ ലോറന്റ് ലോകോലിയെ തോൽപിച്ചു. സൈപ്രസിന്റെ ബഗ്ദതീസ് പുറത്തായി. സ്പെയിൻ താരം നിക്കോളാസ് അൽമാഗ്രോയാണു തോൽപിച്ചത്.(സ്കോർ: 6–7, 6–4, 6–3, 7–6). ഫ്രാൻസിന്റെ ജെറെമി ചാർഡി 6–2, 6–4, 7–6 മോൾഡോവയുടെ റാഡു ആൽബോട്ടിനെ തോൽപിച്ചു.

വനിതകളിൽ യുഎസ് താരം മാഡിസൺ കീയ്സും ഫ്രാൻസിന്റെ അലൈസ് കോർനെറ്റും രണ്ടാംറൗണ്ടിലേക്കു കടന്നു. ഹംഗറിയുടെ ടിമിയ ബാബോസിനെയാണ് കോർനെറ്റ് 6–2, 6–7, 6–2നു പരാജയപ്പെടുത്തിയത്. എന്നാൽ ഏഴാം സീഡ് ബ്രിട്ടിഷ് താരം ജോഹന്ന കോണ്ടയ്ക്ക് ആദ്യ റൗണ്ടിൽ പരാജയം സംഭവിച്ചു. തായ്‌വാന്റെ സീഡില്ലാ താരം സു വെയ് ആണ് കോണ്ടയെ 1–6, 7–6, 6–4ന് അട്ടിമറിച്ചത്. കോണ്ടയ്ക്ക് ഫ്രഞ്ച് ഓപ്പണിൽ തുടർച്ചയായ മൂന്നാമത്തെ ആദ്യറൗണ്ട് തോൽവിയാണ്. അഞ്ചാം സീഡ‍് യുക്രെയ്നിന്റെ എലിന സ്വിറ്റോലിന കസഖ് താരം യരോസ്ലാവ ഷ്വെഡോവയെ 6–4, 6–3 നു തോൽപിച്ചു. കഴിഞ്ഞ വർഷത്തെ ക്വാർട്ടർ ഫൈനലിസ്റ്റ് ബൾഗേറിയയുടെ പിരൻകോവ ജർമനിയുടെ മോന ബർതേലിനെ തകർത്തു. (6–0, 6–4).

ജേണലിസ്റ്റിനെ കടന്നുപിടിച്ചു; ഫ്രഞ്ച് താരത്തിന് അയോഗ്യത

പാരിസ് ∙ മൽസരശേഷം ടിവി ജേർണലിസ്റ്റിനെ കടന്നുപിടിച്ചു ചുംബിച്ച ഫ്രഞ്ച് ടെന്നിസ് താരത്തെ അയോഗ്യനാക്കി. ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ ആദ്യറൗണ്ടിൽ പുറത്തായ  മാക്സിം ഹാമോയുടെ അക്രഡിറ്റേഷനാണ് ടൂർണമെന്റ് സംഘാടകർ റദ്ദാക്കിയത്. ഇന്റർവ്യൂവിനിടെ ജേർണലിസ്റ്റ് മാലി തോമസിനെ ബലമായി തന്നിലേക്കടുപ്പിച്ച് ശിരസ്സിന്റെ വശത്തു ചുംബിക്കുകയായിരുന്നു. എതിർപ്പു വകവയ്ക്കാതെ മൂന്നുവട്ടമാണ് മാക്സിം യുവതിയെ കടന്നുപിടിച്ചതെന്ന് ടിവി ദൃശ്യത്തിൽ വ്യക്തമായി. സംഭവത്തിന്റെപേരിൽ സംഘാടകർ യുവതിയോട് ഖേദം പ്രകടിപ്പിച്ചു.