Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രഞ്ച് ഓപ്പണിൽ വീണ്ടും അട്ടിമറി; ജോക്കോവിച്ച് ക്വാര്‍ട്ടറിൽ തോറ്റു പുറത്ത്

Novak-Djokovic ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ക്വാർട്ടറിൽ തന്നെ തോൽപ്പിച്ച ഓസ്ട്രിയൻ താരം ഡൊമിനിക് തീമിനെ അഭിനന്ദിക്കുന്ന ജോക്കോവിച്ച്.

പാരിസ്∙ കിരീടധാരിയായി ഇറങ്ങിയ രണ്ടാം സീഡ് നോവാക് ജോക്കോവിച്ച് ഇത്തവണ ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ സെമിയിൽ ഉണ്ടാവില്ല. ഓസ്ട്രിയക്കാരൻ എതിരാളി ഡൊമിനിക് തിയെമിനെയും അമ്പരപ്പിച്ചുകൊണ്ട് ഈ സെർബിയൻ താരം ക്വാർട്ടർ ഫൈനലിൽ കീഴടങ്ങി (6–7, 3–6, 0–6). കളി പുരോഗമിക്കുംതോറും മങ്ങിമങ്ങിപ്പോയ ചാംപ്യൻ അവസാന സെറ്റ് കൈവിട്ടത് 20 മിനിറ്റിനിടെയാണ്.

തുടർച്ചയായ ഏഴാം സെമിഫൈനലാണു ജോക്കോവിച്ചിനു നഷ്ടമായത്. ആഴ്ചകൾ മുൻപു റോമിൽ ജോക്കോവിച്ച് 6–1, 6–0നു തകർത്തുവിട്ട കളിക്കാരനാണു തിയെം. 12 ഗ്രാൻസ്‌ലാം വിജയങ്ങൾ സ്വന്തമായുള്ള ജോക്കോ 2010നു ശേഷം ഇവിടെ സെമിക്കു മുൻപു പുറത്താകുന്നത് ആദ്യമാണ്.

2010ലും ഒരു ഓസ്ട്രിയക്കാരനാണു ജോക്കോയെ കീഴടക്കിയത് – ജൂർഗൻ മെൽറ്റ്സർ. ഫ്രഞ്ച് ഓപ്പണിന് ഒരാഴ്ച മുൻപു തന്റെ ദീർഘകാല പരിശീലക സംഘത്തെ മാറ്റി ആന്ദ്രെ ആഗസിയുടെ ശിഷ്യത്വം സ്വീകരിച്ചാണു ജോക്കോവിച്ച് എത്തിയത്. ഈ മാറ്റമാണു താരത്തെ ബാധിച്ചതെന്നും വിലയിരുത്തലുണ്ട്. 

‘ഇന്നു കാര്യങ്ങളൊന്നും എന്റെ വഴിക്കായിരുന്നില്ല. എല്ലാം തിയെമിന്റെ വഴിക്കായിരുന്നു താനും. അയാൾ അർഹിച്ച വിജയമാണിത്’– ജോക്കോവിച്ച് മൽസര ശേഷം പറഞ്ഞു. ‘റൊളാങ് ഗാരോസിൽ ഇതുപോലെ കീഴടങ്ങുക എന്നതു നിർഭാഗ്യകരം തന്നെയാണ്. എന്റെ മികവിന് അടുത്തെങ്ങും എത്താൻ കഴിയുന്നില്ല എന്നതാണു സത്യം.’

കഴിഞ്ഞ വർഷം സെമിയിൽ ജോക്കോവിച്ചിനോടു തോറ്റ തിയെമിന് ഇത്തവണ സെമിയിലെ എതിരാളി സ്പെയിൻ താരം റാഫേൽ നദാലാണ്. നാലാം സീഡ് നദാൽ ക്വാർട്ടറിൽ നാട്ടുകാരനായ ഇരുപതാം സീഡ‍് പാബ്ലോ കറെനോയെ മറികടന്നു. രണ്ടാം സെറ്റ് പൂർത്തിയാകും മുൻപു കറെനോ പിൻമാറുകയായിരുന്നു (6–2, 2–0).

വനിതകളിൽ രണ്ടാം സീഡും ലോക മൂന്നാം നമ്പരുമായ ചെക്ക് താരം കരോളിന പ്ലിസ്കോവ സെമിയിൽ മൂന്നാം സീഡ് സിമോണ ഹാലെപ്പിനെ (റുമേനിയ) നേരിടും. കരോളിന 7–6, 6–4നു ഫ്രാൻസിന്റെ കരോളിൻ ഗാർഷ്യയെ ക്വാർട്ടറിൽ തോൽപിച്ചു. ഹാലെപ് കീഴടക്കിയത് യുക്രെയ്ൻകാരി അഞ്ചാം സീഡ് എലിന സ്വിറ്റോലിനയെയാണ് (3–6, 7–6, 6–0).