Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രഞ്ച് ഓപ്പണിൽ ലാത്വിയൻ മുത്തം!

TENNIS-FRENCHOPEN/ യെലേന ഒസ്റ്റാപെൻകോ. ചിത്രം: റോയിട്ടേഴ്സ്

പാരിസ് ∙ ഗ്രാൻസ്‌ലാം ടൂർണമെന്റിൽ മൂന്നാം റൗണ്ടിനപ്പുറം പോകാത്ത യെലേന ഒസ്റ്റാപെൻകോ റോളാങ് ഗാരോയിൽ നടത്തിയത് ആധുനിക ടെന്നിസിലെ സമാനതകളില്ലാത്ത മുന്നേറ്റം. ഇരുപതാം പിറന്നാളാഘോഷിച്ചതിന്റെ മൂന്നാം നാൾ ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം വാനിലുയർത്തി ലാത്വിയൻ താരം ടെന്നിസിലെ പുതിയ റാണിയായി.

മൂന്നാം സീഡ് റുമാനിയയുടെ സിമോണ ഹാലെപ്പിനെ 4–6, 6–4, 6–3 സ്കോറിനാണ് ഒസ്റ്റാപെൻകോ തോൽപിച്ചത്. രണ്ടു താരങ്ങളും ഗ്രാൻസ്‌ലാം കിരീടം നേടിയിട്ടില്ലാത്തതിനാൽ ഫ്രഞ്ച് ഓപ്പൺ ഉയർത്തുന്നത് പുതുവിജയി ആണെന്നുറപ്പിച്ചിരുന്നു. 2014ലെ ഫൈനലിൽ മരിയാ ഷറപ്പോവയോടു തോറ്റ ഹാലെപ്പിനായിരുന്നു കലാശക്കളിയിൽ ഏറെ സാധ്യത കൽപിച്ചിരുന്നത്. ഫ്രഞ്ച് ഓപ്പൺ നേടിയിരുന്നെങ്കിൽ ആഞ്ചലിക് കെർബറെ മറികടന്ന് ഹാലെപ്പ് ലോക ഒന്നാം നമ്പർ താരമാകുമായിരുന്നു.

ഗ്രാൻസ്‌ലാം കിരീടം നേടുന്ന ആദ്യ ലാത്വിയൻ കളിക്കാരിയെന്ന ബഹുമതിയും യെലേന ഒസ്റ്റാപെൻകോ സ്വന്തമാക്കി. കൂട്ടുകാർക്കിടയിലും ജൻമനാട്ടിലും അലോനയെന്നാണ് ഒസ്റ്റാപെൻകോയുടെ വിളിപ്പേര്. കഴി‍ഞ്ഞ തവണ ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായ ഒസ്റ്റാപെൻകോ ഇക്കുറി ഓസ്ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ കടന്നതാണ് ഇതുവരെയുള്ള മികച്ച വിജയം. 2014ൽ ജൂനിയർ വിമ്പിൾഡൻ ചാംപ്യനായിരുന്നു. 

ശക്തമായ ഫോർഹാൻഡുകളാണ് ഒസ്റ്റാപെൻകോയുടെ കരുത്ത്. പുരുഷ ഒന്നാം നമ്പർ താരം ആൻഡിമറെയുടെ ഫോർഹാൻഡിനേക്കാൾ വേഗമേറിയതാണ് ഒസ്റ്റാപെൻകോയുടെ ഫോർഹാൻഡുകൾ എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇരുപതു ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ലാത്വിയയിൽ വലിയ സ്ക്രീനിൽ പലയിടത്തും ഫ്രഞ്ച് ഓപ്പൺ ഫൈനൽ കാണിച്ചിരുന്നു. മൽസരത്തിനു മുൻപ് ലാത്വിയയുടെ പ്രസിഡന്റ് റെയ്മണ്ട് വെജോണിസ് ഒസ്റ്റെപെൻകോയെ വിളിച്ച് ആശംസ അറിയിച്ചു. കായിക പാരമ്പര്യമുള്ള  കുടുംബത്തിൽ നിന്നാണ് ഒസ്റ്റാപെൻകോയുടെ വരവ്. പിതാവ് യെവ്ജിനിസ് ഒസ്റ്റാപെൻകോ യുക്രൈനിലെ മുൻ ക്ലബ് ഫുട്ബോൾ താരമായിരുന്നു.

അമ്മ യെലേന ജകോവ്‌ലീവ ടെന്നിസ് പരിശീലകയും. നാട്ടിൽപോലും ഒസ്റ്റാപെൻകോ അത്ര പ്രശസ്തയല്ലെന്നതാണ് യാഥാർത്ഥ്യം.  അനസ്താസിത സ്തെവസ്തോവയാണ് ലാത്വിയയിൽ അറിയപ്പെട്ടിരുന്ന വനിതാ ടെന്നിസ് താരം.

മകളുടെ പരിശീലനത്തിന് ഒരു സ്പോൺസറെ കണ്ടെത്താൻപോലും ഏറെ പാടുപെടേണ്ടി വന്നു കുടുംബത്തിന്.ഇവാമജോളിക്കു ശേഷം ഫ്രഞ്ച് ഓപ്പൺ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഒസ്റ്റാപെൻകോ.മജോളി  1997 ൽ ജേതാവാകുമ്പോൾ പത്തൊൻപതു വയസായിരുന്നു പ്രായം.

‘‘ എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല ഞാൻ ഫ്രഞ്ച് ഓപ്പൺ ചാംപ്യനായെന്ന്.എനിക്ക് പ്രായം ഇരുപതു മാത്രം.എനിക്കു വാക്കുകളില്ല.ഇതെന്റെ  ഒരു സ്വപ്നമായിരുന്നു ’’– മൽസരശേഷം ഒസ്റ്റാപെൻകോ വികാരഭരിതയായി.ആക്രമണോൽസുകമായ കളി പുറത്തെടുത്തതാണ് ഒസ്റ്റാപെൻകോയെ തുണച്ചത്.

ആദ്യ സെറ്റ് നഷ്ടമായിട്ടും ഗ്രാൻസ്ലാം പരിചയമില്ലാതിരുന്നിട്ടും മൽസരത്തിലേക്ക് ശക്തമായി തിരിച്ചുവരാനുള്ള ഘടകം സ്ഥിരോൽസാഹത്തോടെയുള്ള ഒസ്റ്റപെൻകോ  ശൈലിയായിരുന്നു. സെറീനവില്യംസ്,മരിയ ഷറപ്പോവ, വിക്ടോറിയ അസറങ്ക എന്നിങ്ങനെ വമ്പൻ പേരുകളുടെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഫ്രഞ്ച് ഓപ്പൺ അങ്ങനെ പുതിയൊരു ജേത്രിയെ കളിമൺകോർട്ടിലെ രാജ്ഞിയായി വാഴിക്കുന്നതിനും സാക്ഷിയായി.