Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പെർഫക്ട് ടെൻ’ തേടി നദാൽ

Mexico Tennis Acapulco Open

പാരിസ് ∙ റൊളാങ് ഗാരോസിൽ ചരിത്രമെഴുതാൻ റാഫേൽ നദാലിന് ഒരു വിജയത്തിന്റെ ദൂരം താണ്ടിയാൽ മതി. അത് ഇന്നത്തെ ഫ്രഞ്ച് ഓപ്പൺ ഫൈനലാണ്. എതിരാളി സ്വിസ് താരം സ്റ്റാൻ വാവ്റിങ്ക. ഇന്നു ജയിച്ചാൽ ഫ്രഞ്ച് ഓപ്പണിൽ നദാലിന്റെ പത്താം കിരീടനേട്ടമാകുമത്.

കളിമൺ കോർട്ടിൽ അസാധ്യമായ മെയ്‍വഴക്കവും വിജയചരിത്രവുമുള്ള നദാലിന് ഇവിടെ ഓരോ  മണൽത്തരിയും സുപരിചിതം. ആധുനിക ടെന്നിസിൽ ആർക്കും കൈവരിക്കാൻ കഴിയാത്ത സ്വപ്നസമാനമായ നേട്ടം. റൊളാങ്ഗാരോസിൽ നദാലിന്റെ മുന്നേറ്റങ്ങൾക്ക് ഒരു അശ്വമേഥത്തിന്റെ  ചാരുതയുണ്ട്. ഇവിടെക്കളിച്ച എൺപതു കളികളിൽ എഴുപത്തെട്ടിലും വിജയം. ഇക്കുറി ഫൈനൽ വരെ എത്തിയതും അനായാസം.

മിന്നുന്ന ഫോം കൂടി കണക്കിലെടുക്കുമ്പോൾ നദാലിനെ വീഴ്ത്താൻ വാവ്റിങ്ക നന്നായി വിയർക്കേണ്ടി വരുമെന്നു ചുരുക്കം. നദാലിനു പ്രായം 31 ആയി. ഇക്കുറി ഒരു സെറ്റുപോലും വഴങ്ങാതെയായിരുന്നു മുന്നേറ്റം. ആറു റൗണ്ടുകളിൽ നഷ്ടമായത് 29 ഗെയിമുകൾ മാത്രം. 

ഒന്നാം സീഡ് ആൻഡി മറെയെ സെമിയിൽ തോൽപിച്ച രീതിയിലാണു സ്റ്റാൻ വാവ്റിങ്ക വരുന്നതെങ്കിൽ ഫൈനൽ തീപാറും. വാവ്റിങ്കയ്ക്കും പ്രായം 32 ആയി. ബേസ് ലൈനാണ് കരുത്ത്. കളിച്ച മൂന്നു ഗ്രാൻസ്‌ലാം ഫൈനലുകളിലും കിരീടനേട്ടം.

ഫ്രഞ്ച് ഓപ്പണിൽ ഇതുവരെ വാവ്റിങ്കയുടെ കരുത്തുള്ള എതിരാളിയെ നദാലിനു നേരിടേണ്ടി വന്നിട്ടില്ല. 2015ൽ നൊവാക് ജോക്കോവിച്ചിനെ തോൽപിച്ച് ഇവിടെ കപ്പുയർത്തിയ ചരിത്രം വാവ്റിങ്കയ്ക്കുമുണ്ട്. ജയിച്ചാൽ ഫ്രഞ്ച് ഓപ്പൺ നേടിയ രണ്ടാമത്തെ പ്രായമേറിയ താരം എന്ന ബഹുമതിയും സ്വന്തം.