Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളിയിലും പരിശീലനത്തിലും മാറ്റങ്ങള്‍; ഇതു പുതുപുത്തന്‍ നദാല്‍

TOPSHOT-TEN-US-OPEN-POUILLE-NADAL

സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ കടുത്ത ആരാധകനാണ് റാഫേൽ നദാൽ. ക്ലബ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് മുതൽ മുൻ നായകൻ ഐകർ കസിയ്യസ് വരെയുള്ളവരുടെ അടുപ്പക്കാരൻ. മേജർ ടൂർണമെന്റുകൾക്കിടയിൽപ്പോലും റയലിന്റെ കളി ടിവിയിൽ കാണും. ഇക്കഴിഞ്ഞ ജൂൺ മൂന്നിന് തന്റെ 31–ാം പിറന്നാൾ ദിനത്തിൽ റയൽ 12–ാം തവണ യൂറോപ്യൻ കിരീടമുയർത്തിയപ്പോൾ, ജൻമദിനസമ്മാനം കിട്ടിയ കുട്ടിയെപ്പോലെ സന്തോഷിച്ചു താരം. കൃത്യം എട്ടാം ദിനത്തിൽ,  ആഹ്ലാദം പതിന്മടങ്ങാക്കി റൊളാങ് ഗാരോയിൽ റാഫയുടെ ദശാവതാരം. നിലയ്ക്കാത്ത കരഘോഷത്തിനിടെ ആരാധകരും വിദഗ്ധരും ഉറപ്പിച്ചു: ഇതു നദാലിന്റെ രണ്ടാം വരവ് – റാഫ വേർഷൻ 2 

∙ റയലിനെപ്പോലെ

ഈ സീസണിൽ റയലിന്റെ വിജയക്കുതിപ്പിലെ നിർണായക ഘടകം പതിവിലുമേറെ ഊർജസ്വലനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ്. വേണ്ടത്ര വിശ്രമം നൽകി കോച്ച് സിനദീൻ സിദാൻ ക്രിസ്റ്റ്യാനോയുടെ പ്രതിഭയുടെ മൂ‍ർച്ച കൂട്ടിയെടുക്കുമ്പോൾ, സമാനമായ ശ്രമങ്ങളിലായിരുന്നു  റാഫയുടെ പരിശീലകസംഘം. പെനൽറ്റി ബോക്സിനകത്ത് വട്ടമിട്ടുനിൽക്കുന്ന സെന്റർ ഫോർവേഡ് ആയി ക്രിസ്റ്റ്യാനോ പുനരവതരിച്ചതു പോലെ, കൂടുതൽ കരുത്തും വേഗവുമായി റാഫ കൊടുങ്കാറ്റ് വീശിയടിച്ചു. ഇക്കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ എത്തിയ താരം പിന്നീട് റോമിലും മഡ്രിഡിലും ബാർസിലോനയിലുമൊക്കെ മിന്നുന്ന പ്രകടനമാണു പുറത്തെടുത്തത്. ഒടുവിൽ പത്താം ഫ്രഞ്ച് ഓപ്പൺ കിരീടവും 15–ാം ഗ്രാൻസ്‌ലാം സ്വന്തമാക്കിയപ്പോൾ ബോണസ് ആയി ഇന്നലെ ലോക രണ്ടാം റാങ്കും ഒപ്പമെത്തി. 2014 ഒക്ടോബർ ആറിനു ശേഷം ആദ്യമാണ് റാഫ ഈ റാങ്കിലെത്തുന്നത്.

ഇത്തവണ ഫ്രഞ്ച് ഓപ്പണിൽ നദാലിന്റെ കളി ശരിക്കും കാര്യമായെന്ന് എതിരാളികൾക്കെന്ന പോലെ കാണികൾക്കും ബോധ്യമായി. കൂടുതൽ കരുത്തുറ്റ സെർവിലൂടെ റാഫ പോയിന്റുകൾ വാരിക്കൂട്ടുന്നു. കോർ‌ട്ടിനു കുറുകെ മൂളിപ്പറക്കുന്ന ഫോർഹാൻഡ് ഷോട്ടുകൾക്കു വേഗം കൂടിയിരിക്കുന്നു. ഇരുകൈകളും ചേർത്തുള്ള ബാക്ക്ഹാൻഡിനും പതിവിലുമേറെ കയ്യടക്കം. എതിരാളികളെ തുടക്കം മുതൽ വരിഞ്ഞുമുറുക്കുന്ന തന്ത്രമാണ് ഇത്തവണ റാഫ പുറത്തെടുത്തത്. ഫൈനലിൽ സ്റ്റാനിസ്‌ലാസ് വാവ്‌റിങ്കയ്ക്കെതിരെ 12 സെർവീസ് ഗെയിമുകളും റാഫ ജയിച്ചു. പിഴവുകൾ വെറും 12. മൊത്തം 94 പോയിന്റുകൾ നേടിയപ്പോൾ വാവ്‌റിങ്കയ്ക്കു കിട്ടിയത് 57 മാത്രം. 

∙ പോക്കും വരവും

മൂന്നാം വയസ്സിൽ പിതൃസഹോദരൻ ടോണി നദാലിന്റെ വിരലിൽത്തൂങ്ങി റാക്കറ്റ് കയ്യിലെടുത്ത റാഫ മറ്റൊരു കോച്ചിനു കീഴിലും പരിശീലിച്ചിട്ടില്ല, ഈ സീസണിനു തൊട്ടു മുൻപുവരെ. പതിവിൽനിന്നു വ്യത്യസ്തമായി ഒക്ടോബർ പകുതി മുതൽ രണ്ടു മാസം നീണ്ട മുന്നൊരുക്കമാണ് ടീം റാഫ നടത്തിയത്. 2014ൽ ഫ്രഞ്ച് ഓപ്പൺ നേടിയതിനു ശേഷം പരുക്കും ഫോമില്ലായ്മയുമായിരുന്നു കൂട്ട്. വിജയങ്ങൾ പിൻവാങ്ങിയ കാലത്ത്, പഴയ ഉയരങ്ങളിലേക്കു തിരിച്ചെത്താൻ തനിക്കു കഴിയുമോ എന്നു പോലും റാഫ സംശയിച്ചുപോയി. ഇതേത്തടുർന്നാണ് പതിവിലും നീണ്ട മുന്നൊരുക്കത്തിനു തീരുമാനമെടുത്തത്. മുൻ ലോക ഒന്നാം നമ്പർ താരവും നദാലിന്റെ നാട്ടുകാരനുമായ കാർലോസ് മോയ പരിശീലക സംഘത്തിൽ ചേർന്നത് തുടർന്നുള്ള പ്രകടനത്തിൽ നിർണായകമായി. ഈ സീസണിനു ശേഷം നദാലിനൊപ്പം ടൂർണമെന്റുകളിൽ താനുണ്ടാകില്ലെന്ന് ടോണി പ്രഖ്യാപിച്ചു കഴിഞ്ഞു. പകരം മോയയാകും മുഖ്യ കോച്ച്. മോയയുടെ ഇതുവരെയുള്ള സംഭാവന മോശമല്ലെന്നു തന്നെ വിദഗ്ധരും വിലയിരുത്തുന്നു. 

∙ മാറ്റം റാക്കറ്റ് മുതൽ

2005ൽ ഫ്രഞ്ച് ഓപ്പണിൽ ആദ്യം മത്സരിക്കാനെത്തിയ പത്തൊൻപതുകാരനിൽനിന്ന് ഏറെ വ്യത്യസ്തനാണ് രൂപത്തിലും ഭാവത്തിലും റാഫ ഇന്ന്. നീളൻ ഷോർട്സും സ്ലീവ്‌ലസ് ടീഷർട്ടും നീണ്ടു ചുരുണ്ട തലമുടിയുമെല്ലാം മാറി. കാളക്കൂറ്റനെപ്പോലെ കരുത്തനായിരുന്ന യുവാവിൽനിന്ന് കരിയറിന്റെ അസ്തമയ ഘട്ടത്തിലെത്തിയപ്പോൾ നേട്ടങ്ങൾക്കൊപ്പം ദുർബലമായ സന്ധികളും റാഫയുടെ സമ്പാദ്യമാണ്. കൂടുതൽ പേശീബലമുള്ള നദാലിനെയാണ് റോളാങ് ഗാരോയിൽ കാണാനായത്. 13 വർഷം പിന്നിട്ട പ്രഫഷനൽ ടെന്നിസ് ജീവിതത്തിനിടെ തേഞ്ഞു തളർന്ന സന്ധികളിലെ ഭാരം കുറയ്ക്കാൻ കരുത്തുറ്റ പേശികൾക്കേ കഴിയൂ എന്ന തിരിച്ചറിവിൽ പോഷണക്രമം തന്നെ മോയ മാറ്റി. റാക്കറ്റിൽ തലഭാഗത്ത് ലെഡ് ടേപ്പിങ് കൂട്ടാമെന്ന ടോണിയുടെ ആശയം റാഫയ്ക്കു ഷോട്ടുകൾക്കു കൂടുതൽ ശക്തി നൽകുന്നുണ്ടെന്ന് മോയ പറയുന്നു. സെർവിങ്ങിലെ മാറ്റത്തിനു പിന്നിലും മോയയുടെ സ്വാധീനമുണ്ട്. രണ്ടാം സെർവിനു കരുത്തു വർധിപ്പിച്ചാൽ എതിരാളിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കാമെന്ന കണക്കുകൂട്ടലും ശരിയായി. 

∙ ഇനി വിമ്പിൾഡൻ 

ഫ്രഞ്ച് ഓപ്പൺ വിജയത്തിന്റെ മധുരം നുണഞ്ഞു തീരും മുൻപ് നദാലിന് അടുത്ത വെല്ലുവിളിയെത്തും. വിമ്പിൾഡനിലെ പുൽത്തകിടിയിൽ റാഫയുടെ സമീപകാല പ്രകടനങ്ങൾ ആശാവഹമല്ല. 2008, 2010 വർഷങ്ങളിൽ കിരീടം നേടിയ താരകം 2006, 2007, 2011 വർഷങ്ങളിൽ റണ്ണർഅപ്പുമായിരുന്നു. 2014ൽ നാലാം റൗണ്ടിലെത്തിയതാണ് അടുത്ത കാലത്തെ മികച്ച പ്രകടനം. താരതമ്യേന ബൗൺസ് കുറഞ്ഞ പുൽത്തകിടിയിൽ പിടിച്ചുനിൽക്കാൻ നദാലിന്റെ ദുർബലമായ കാൽമുട്ടുകൾക്കു കഴിയുമോ എന്നാണ് കണ്ടറിയേണ്ടത്. അതു സംഭവിച്ചാൽ, ഉശിരൻ പോരാട്ടങ്ങൾക്കാകും വിമ്പിൾഡൻ സാക്ഷിയാവുക. ഫ്രഞ്ച് ഓപ്പണിൽനിന്ന് വിട്ടുനിന്ന റോജർ ഫെഡറർ നദാലിന്റെ കിരീടനേട്ടത്തെ അഭിനന്ദിക്കാൻ മുൻനിരയിലുണ്ടായിരുന്നു. ഫെഡററും റൊളാങ് ഗാരോയിൽ കാലിടറി വീണ നൊവാക് ജോക്കോവിച്ച്, ആൻഡി മറെ തുടങ്ങിയവരും കിരീടപ്പോരാട്ടത്തിനായി ലണ്ടനിലെത്തും. എങ്കിലും റയൽ മഡ്രിഡിലെ കൂട്ടുകാർ ആവേശത്തോടെ നദാലിനു വേണ്ടി ആർത്തു വിളിക്കും – വാമോസ് റാഫ.