എതിരാളി പിൻമാറി, ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ; അസറെങ്കയും മുന്നോട്ട്

സർവ് ചെയ്യാനൊരുങ്ങുന്ന അസറെങ്ക

ലണ്ടൻ ∙ മകൻ പിറന്നതിനു ശേഷം കോർട്ടിലേക്കുള്ള തിരിച്ചുവരവിലെ ആദ്യ വിമ്പിൾഡനിൽ ബെലാറൂസ് താരം വിക്ടോറിയ അസറെങ്ക മൂന്നാം റൗണ്ടിൽ. മുൻ ലോക ഒന്നാം നമ്പർ താരമായ അസറെങ്ക 15–ാം സീഡ് എലേന വെസ്നിനയെയാണ് തോൽപ്പിച്ചത് (6–3,6–3). മൂന്നാം റൗണ്ടിൽ ബ്രിട്ടന്റെ ഹീതർ വാട്സനാണ് അസറെങ്കയുടെ എതിരാളി. പുരുഷ വിഭാഗത്തിൽ ഫ്രഞ്ച് താരം ജോ വിൽ‍ഫ്രഡ് സോങ്ക, ജപ്പാനീസ് താരം കെയ് നിഷികോറി തുടങ്ങിയവരും വിജയം കണ്ടു.

പുരുഷ വിഭാഗം എട്ടാം സീഡായ സോങ്ക ഇറ്റലിയുടെ സിമോൺ ബോലെല്ലിയെ അനായാസം തോൽപ്പിച്ചു (6–1,7–5,6–2). യുക്രെയ്ന്റെ സെർജി സ്റ്റാക്കോവ്സ്ക്കിക്കെതിരെ നാലു സെറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു നിഷികോറിയുടെ ജയം (6–4, 6–7, 6–1, 7–6). വനിതാ വിഭാഗത്തിൽ എട്ടാം സീഡ് ഡൊമിനിക്ക സിബുൽക്കോവ അമേരിക്കൻ താരം ജെന്നിഫർ ബ്രാഡിയെ തോൽപ്പിച്ചു (6–4,6–4). 16 വിന്നറുകൾ പായിച്ചാണ് സിബുൽക്കോവയുടെ ജയം.

18–ാം സീഡ് അനസ്താസിയ സെവസ്റ്റോവയെ തോൽപിച്ചാണ് ആതിഥേയ താരമായ ഹീതർ വാട്സൺ മൂന്നാം റൗണ്ടിലെത്തിയത് (6–0,6–4). പുരുഷ വിഭാഗം ആദ്യ റൗണ്ടിൽ എതിരാളി സ്ലൊവാക്യയുടെ മാർട്ടിൻ ക്ലിസാൻ പരുക്കേറ്റു പിൻമാറിയതിനെത്തുടർന്ന് സെർബിയൻ താരം നോവാക് ജോക്കോവിച്ച് രണ്ടാം റൗണ്ടിലെത്തി.