Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമ്പിൾഡൻ: മുഗുരുസ – വീനസ് ഫൈനൽ

Garbine Muguruza and Venus Williams ഗാർബൈൻ മുഗുരുസ, വീനസ് വില്യംസ്

ലണ്ടൻ ∙ വിമ്പിൾഡൻ കിരീടത്തിലേക്കുള്ള വഴിയിൽ സ്പാനിഷ് താരം ഗാർബൈൻ മുഗുരുസയുടെ മുന്നിൽ ഒരിക്കൽ കൂടി വില്യംസ് സഹോദരിമാരിലൊരാൾ. 2015ൽ സെറീന വില്യംസിനോടു തോറ്റ മുഗുരുസയ്ക്ക് ഇത്തവണ ഫൈനലിൽ എതിരാളി സെറീനയുടെ മൂത്ത സഹോദരി വീനസ് വില്യംസ്. സ്ലൊവാക്യൻ താരം മഗ്ദലെന റൈബാരിക്കോവയെ നിഷ്പ്രഭയാക്കിയാണ് 2016 ഫ്രഞ്ച് ഓപ്പൺ ജേത്രിയായ മുഗുരുസ ഫൈനലിൽ കടന്നത് (6–1,6–1). വീനസ് ബ്രിട്ടന്റെ ജോഹന്ന കോണ്ടയെ തോൽപ്പിച്ചു. പുരുഷ സിംഗിൾസ് സെമിഫൈനിൽ ഇന്ന് റോജർ ഫെഡറർ ടോമാസ് ബെർദിച്ചിനെയും, സാം ക്വെറി മരിൻ സിലിച്ചിനെയും നേരിടും.

ലോക റാങ്കിങിൽ 87–ാം സ്ഥാനത്തുള്ള റൈബാരിക്കോവയെ ഒരു മണിക്കൂറിനുള്ളിലാണ് 14–ാം സീഡ് മുഗുരുസ തകർത്തു കളഞ്ഞത്. ആദ്യ പത്തു മിനിറ്റിൽ തന്നെ 3–0നു മുന്നിലെത്തി മുഗുരുസ തന്റെ നയം വ്യക്തമാക്കിയതോടെ പുതുമുഖമായ റൈബാരിക്കോവ സമ്മർദ്ദത്തിലമർന്നു. അര മണിക്കൂറിൽ തന്നെ മുഗുരുസ ആദ്യ സെറ്റ് സ്വന്തമാക്കി. വലതു കാലിൽ വലിയ ബാൻഡേജ് ധരിച്ചെത്തിയ മുഗുരുസ പക്ഷേ, കളിയിൽ അനായാസ ചലനത്തിലായിരുന്നു. ആകെ 11 അപ്രേരിത പിഴവുകൾ മാത്രം വരുത്തിയ താരം പായിച്ചത് 22 വിന്നറുകൾ. ‘‘അതിഭയയങ്കരമായ ആത്മവിശ്വാസത്തോടെയാണ് ഞാൻ കോർട്ടിലെത്തിയത്. കളിയിലും അതു നിലനിർത്താനായി’’– മുൻ താരം കൊഞ്ചിത മാർട്ടിനെസിന്റെ പരിശീലനത്തിൽ ഇറങ്ങിയ മുഗുരുസ പറഞ്ഞു. ഫൈനലിലും ജയിച്ചാൽ കൊഞ്ചിതയ്ക്കു ശേഷം വിമ്പിൾഡൻ കിരീടം ചൂടുന്ന സ്പാനിഷ് താരമെന്ന നേട്ടം മുഗുരുസയ്ക്ക് സ്വന്തമാക്കാം.

പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനത്തിലൂടെയാണ് വീനസും ഫൈനലിൽ കടന്നത്. ഗാലറിയുടെ അകമ്പടിയോടെ കളിച്ച ആതിഥേയ താരമായ കോണ്ടയ്ക്കു മേൽ വീനസ് മൽസരത്തിലുടനീളം ആധിപത്യം നിലനിർത്തി. 2009നു ശേഷം ആദ്യമായാണ് വീനസ് വിമ്പിൾഡൻ ഫൈനലിൽ കടക്കുന്നത്. രണ്ടു വട്ടം കോണ്ട മാച്ച് പോയിന്റ് രക്ഷപ്പെടുത്തിയെങ്കിലും പിന്നീടൊരു ഫോർഹാൻഡ് ഷോട്ടിൽ ബ്രിട്ടീഷ് താരത്തെ വീഴ്ത്തി വീനസ് ആഹ്ലാദത്തിമിർപ്പിലാർന്നു.