Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമ്പിൾഡൻ: ഫെഡറർ– സിലിച്ച് പുരുഷ ഫൈനൽ; വനിത ഫൈനൽ ഇന്ന്

Marin Cilic സെമിയിൽ ജയിച്ച സിലിച്ചിന്റെ ആഹ്ലാദം. ചിത്രം: എഎഫ്പി

ലണ്ടൻ ∙ വിമ്പിൾഡൻ ടെന്നിസ് പുരുഷ സിംഗിൾസ് ഫൈനലിൽ സ്വിറ്റ്സർലൻഡുകാരൻ റോ‍ജർ ഫെഡററും ക്രൊയേഷ്യൻ താരം മരിൻ സിലിച്ചും ഏറ്റുമുട്ടും. ഏഴുവട്ടം വിമ്പിൾഡൻ ചാംപ്യനായ ഫെഡറർ ചെക്ക് റിപ്പബ്ലിക്ക് താരം തോമസ് ബെർദിച്ചിനെയാണ് കീഴടക്കിയത് 7-6(4) 7-6(4) 6-4.

ഫെഡററുടെ 11–ാം വിമ്പിൾഡൻ ഫൈനലാണിത്. അമേരിക്കക്കാരൻ സാം ക്വെറിയോടു പൊരുതി ജയിച്ചാണ് മരിൻ സിലിച്ച് ആദ്യ വിമ്പിൾഡൻ ഫൈനലിലെത്തിയത് (6-7(6) 6-4 7-6(3) 7-5). വനിതാ ഫൈനലിൽ ഇന്ന് വീനസ് വില്യംസും സ്പാനിഷ് താരം ഗാർബൈൻ മുഗുരുസയും ഏറ്റുമുട്ടും. 

1974ൽ കെൻ റോസ്‌വാൾ (39) വിമ്പൻഡൻ ഫൈനൽ കളിച്ച ശേഷം സമാനവേദിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയായാളാണു മുപ്പത്തിയഞ്ചുകാരൻ ഫെഡറർ.

ഗൊരാൻ ഇവാനിസെവിച്ചിനു ശേഷം (2001) പുരുഷ സിംഗിൾസ് ഫൈനലിലെത്തുന്ന ആദ്യ ക്രൊയേഷ്യൻ താരമാണ് ഇരുപത്തെട്ടുകാരൻ സിലിച്ച്.

ഏഴാം നമ്പർ താരമായ സിലിച്ചിന് ഒത്ത എതിരാളിയായിരുന്നു ആദ്യ സെറ്റിൽ ക്വെറി. ടൈബ്രേക്കർ വരെ നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് 24–ാം റാങ്കുകാരനായ ക്വെറി സ്വന്തമാക്കുകയും ചെയ്തു.

എന്നാൽ, മുൻപു നാലുവട്ടം ക്വെറിയെ നേരിട്ടപ്പോഴും വിജയിച്ച ചരിത്രമുള്ള സിലിച്ച് വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. പരിചയസമ്പത്തിന്റെയും പോരാട്ടവീര്യത്തിന്റെയും അടയാളങ്ങൾ കണ്ട കളി സെന്റർകോർട്ടിനു ദൃശ്യവിരുന്നായി.