Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൾഡ് ഈസ് ഗോൾഡ്

federer

പാരമ്പര്യം കൊണ്ടു വിമ്പിൾഡനു പകരം വയ്ക്കാൻ ടെന്നിസ് ടൂർണമെന്റുകളില്ല. അവിടെ പുരുഷ വിഭാഗം സിംഗിൾസിൽ ജയിച്ച റോജർ ഫെഡററെ പ്രതിഭയുടെയും കിരീടങ്ങളുടെയും കാര്യത്തിൽ വെല്ലാനും മറ്റാരുമില്ല. പച്ചപ്പുൽ കോർട്ടിൽ 35–ാം വയസ്സിലും ഫെഡറർ പുതിയ സ്വപ്നങ്ങളുടെ നാമ്പുകൾ കണ്ടെത്തുന്നു. വനിതാ വിഭാഗത്തിലെ ജേത്രി 23 വയസ്സുകാരി മുഗുരുസ. 

ടെന്നിസിലെ ഓപ്പൺ കാലം

ടെന്നിസ് യുഗത്തെ 1968നു മുൻപും ശേഷവും എന്ന് രണ്ടായി തിരിക്കാം. 1968 വരെ ഗ്രാൻസ്ലാം ടൂർണമെന്റുകളിലും ഡേവിസ് കപ്പുകളിലും പങ്കെടുക്കാനുള്ള അനുമതി അമച്വറുകൾക്ക് (അപ്രശസ്തർ) മാത്രമായിരുന്നു. ഇതു പലപ്പോഴും കലാശിച്ചത് പ്രതിഫലത്തുകയെച്ചൊല്ലിയുള്ള തർക്കങ്ങളിലും മറ്റു വഴക്കുകളിലുമാണ്. പ്രഫഷനൽ താരങ്ങൾ അന്ന് ഏറ്റുമുട്ടിയിരുന്നത് പ്രൊ– സ്ലാംസ് എന്നറിയപ്പെട്ടിരുന്ന പ്രഫഷനൽ ടൂർണമെന്റുകളിലും. ടെന്നിസിലെ സുതാര്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടിഷ് അസോസിയേഷൻ ഓപ്പൺ എറ സംവിധാനത്തിനു തുടക്കം കുറിച്ചത്. ഇതോടെ പ്രഫഷനൽ താരങ്ങൾക്കും ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ മത്സരിക്കാൻ അവസരം ലഭിച്ചു. 

പ്രഫഷനൽ താരങ്ങൾക്ക് ടെന്നിസിലൂടെ ജീവിതമാർഗം എന്നതു യാഥാർഥ്യമായത് ഓപ്പൺ എറയുടെ വരവോടെയാണ്. ഓപ്പൺ എറയ്ക്കുശേഷമുള്ള റെക്കോർഡുകൾക്കും കണക്കുകൾക്കും മാത്രമാണ് ഇന്ന് അംഗീകാരമുള്ളത്.

വീര്യമേറ്റിയ പഴക്കം 

 പഴകുംതോറും വീഞ്ഞിന് വീര്യം കൂടുമെന്നാണ്. അടുത്തമാസം 36 വയസ്സ് തികയുന്ന ഫെഡററുടെ ‘വീര്യ’ത്തെപ്പറ്റി ഇത്തവണ വിമ്പിൾഡനിൽ ഫെഡററെ നേരിട്ട താരങ്ങളോടു ചോദിക്കുകയാകും ഉചിതം. ഫെഡറർ വീണ്ടും ‘ഫെഡറ’റായപ്പോൾ മത്സരങ്ങളിൽ പലതും (ഫൈനൽ അടക്കം) വഴിപാടുകൾ മാത്രമായി. ഒരൊറ്റ സെറ്റ് പോലും നഷ്ടമാക്കാതെ വിമ്പിൾഡൻ കിരീടത്തിലേക്ക്. വിമ്പിൾഡൻ കീരീടത്തിൽ താരം മുത്തമിടുന്നതിത് എട്ടാം വട്ടം. 

14 വർഷങ്ങൾക്കു മുൻപ് ഓസ്ട്രേലിയക്കാരൻ മാർക്ക് ഫിലെപ്പോസിസിനെ പരാജയപ്പെടുത്തി ആദ്യമായി ഫെഡറർ മുത്തമിട്ട ഗ്രാൻസ്ലാം കിരീടം വിമ്പിൾഡൻ തന്നെയായിരുന്നു. ഒരു തരത്തിൽപ്പറഞ്ഞാൽ ലണ്ടനിലെ വിമ്പിൾഡൻ സെന്റർ കോർട്ടിൽ കണ്ടത് ചരിത്രത്തിന്റെ ആവർത്തനം തന്നെയാണ്. അന്നും ഫെഡറർ ഫൈനൽ വിജയിച്ചത് ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെയാണ്. സ്കോ‍ർ 7–6, 6–2, 7–6. ലണ്ടനിലെ വിമ്പിൾഡൻ സെന്റർ കോർട്ടിൽ നിന്ന് അന്നു തുടങ്ങിയ പടയോട്ടം ഇതാ തുടങ്ങിയയിടത്തുതന്നെ എത്തിനിൽക്കുന്നു. ഇതിനിടെ 19 ഗ്രാൻസ്ലാം കിരീടങ്ങൾ ഫെഡററുടെ ഷെൽഫിലെത്തി. ആ ശേഖരത്തിലേക്ക് ഇനിയെത്ര കിരീടങ്ങൾ കൂടി എന്ന് ആർക്കാണു പറയാനാകുക? 

ഏതു സമ്മർദത്തെയും അതിജീവിച്ച് കളിക്കാനുള്ള മനക്കരുത്താണ് ഫെഡററുടെ പ്രധാന കൈമുതൽ. ഒട്ടുമിക്ക ഫൈനലുകളിലും ഫെഡററുടെ എതിരാളികൾക്കുവേണ്ടി ആർപ്പുവിളിച്ച കാണികൾപോലും മനസ്സുകൊണ്ടു നമിച്ചിട്ടുണ്ടാവണം ഈ പ്രതിഭയെ. വിമ്പിൾഡൻ നേടുന്ന ഏറ്റവും ‘സീനിയ’റായ ഫെഡറർക്ക് ഗ്രാൻസ്ലാം ജേതാക്കളുടെ പ്രായത്തിന്റെ കണക്കിൽ ഓസ്ട്രേലിയക്കാരൻ കെൻ റോസ്‍വാളിനെ മാത്രമാണ് ഇനി മറികടക്കാനുള്ളത്. 1972 ലെ ഓസ്ട്രേലിയൻ ഓപ്പൺ നേടുമ്പോൾ 37 വർ‌ഷവും രണ്ടു മാസവും ഒരു ദിവസവുമായിരുന്നു റോഡ്‍‌വാളിന്റെ പ്രായം!

‘സ്വിസ് ’ എയ്സ്

കളിക്കിടെ തൊടുത്ത എയ്സുകളുടെ എണ്ണത്തിലും വിമ്പിൾഡനിലെ ഒന്നാം റൗണ്ട് മത്സരത്തിൽത്തന്നെ ഫെഡറർ പതിനായിരം തൊട്ടു. ഒരു വിമ്പിൾഡൻ ടൂർണമെന്റിലെ ഏറ്റവുമധികം എയ്സുകളുടെ റെക്കോർഡ് ഗൊരാൻ ഇവാനിസെവിച്ചിന്റെ പേരിലാണ്. ടൂർണമെന്റിൽ 213 എയിസുകൾ പായിച്ചാണ് ഇവാനിസെവിച്ച് 2001 ലെ വിംബിൾഡൻ കിരീടം മാറോടണച്ചത്. 2009 ലെ വിംബിൾഡൻ ഫൈനലിൽ റോജർ ഫെഡറർ പായിച്ചത് 50 എയിസുകളാണ്. ഒരു ഗ്രാൻസ്ലാം ഫൈനലിലെ എയ്സുകളുടെ എണ്ണത്തിലെ റെക്കോർഡാണിത്.

റോജർ ഫെഡറർ 

റാങ്കിങ് :3 

പ്രായം: 35 

രാജ്യം: സ്വിറ്റ്സർലൻഡ് 

ഉയരം: 6 അടി ഒരിഞ്ച് 

വിളിപ്പേരുകൾ :  റോഗ്, ഫെഡ് എക്സ്പ്രസ്, സ്വിസ് മേസ്ട്രോ