Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിൻസിനാറ്റിയിൽ തിളങ്ങി; 2014 ജൂലൈക്കുശേഷം ആദ്യമായി നദാൽ ലോക ഒന്നാം നമ്പർ

Cincinnati Tennis നിക് കിർഗിയോസും റാഫേൽ നദാലും മൽസരശേഷം.

 സിൻസിനാറ്റി ∙ മൂന്നുവർഷത്തിനിടെ റാ ഫേൽ നദാൽ വീണ്ടും ലോക ഒന്നാം നമ്പർ. ടെന്നിസ് കോർട്ടിലെ കരുത്തിന്റെ പര്യായമായ സ്പെയിൻ താരം ഏറെക്കാലമായി മികച്ച ഫോമിലായിരുന്നില്ല. സിൻസിനാറ്റി മാസ്റ്റേഴ്സ് ടെന്നിസിൽ ഓസ്ട്രേലിയയുടെ നിക് കിർഗിയോസിനോട് ക്വാർട്ടർ ഫൈനലിൽ 6–2, 7–5 നു തോറ്റെങ്കിലും ഏറെക്കാലം അലങ്കരിച്ച ഒന്നാം നമ്പർ സിംഹാസനത്തിലേക്ക് തിരിച്ചെത്താനായത് നദാലിന് ആശ്വാസമായി. നാളെ പുറത്തുവരുന്ന റാങ്കിങ് പട്ടികയിൽ ബ്രിട്ടന്റെ ആൻഡി മറെയെയാണ് നദാൽ പിന്തള്ളുക.  

2014 ജൂലൈയിലാണ് നദാൽ അവസാനം ഒന്നാം റാങ്കിലുണ്ടായിരുന്നത്. പിന്നീട് കാൽമുട്ടിലെ പരുക്കും മോശം ഫോമും താരത്തെ വിടാതെ പിടികൂടി. ഒന്നാം നമ്പരിലേക്കു തിരിച്ചെത്തിയ വാർത്തയോടു ‘അവിശ്വസനീയമെന്നു’ പ്രതികരിച്ച നദാൽ ഈ നേട്ടം ഏറെ സന്തോഷം പകരുന്നതായും സൂചിപ്പിച്ചു. ഈ മാസം 28ന് ആരംഭിക്കുന്ന യുഎസ് ഓപ്പണിൽ കഴിവു തെളിയിക്കാമെന്ന ആത്മവിശ്വാസത്തിലാണു നദാൽ. 15 തവണ ഗ്രാൻസ്‌ലാം കിരീടം നേടിയ നദാൽ അതിൽ പത്തും ഫ്രഞ്ച് ഓപ്പണിലാണു സ്വന്തമാക്കിയത്. 

ബാർസിലോനയിൽ നടന്ന ഭീകരാക്രമണത്തിലെ ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച നദാൽ കഴിഞ്ഞ മൽസരത്തിൽ കറുത്ത റിബൺ അണിഞ്ഞാണു കളിച്ചത്. ജനക്കൂട്ടത്തിനിടയിലേക്കു വാൻ ഓടിച്ചുകയറ്റിയ സംഭവത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു.