Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് ഓപ്പൺ: ഫെഡററും നദാലും ക്വാർട്ടറിൽ; ‘ക്ലാസിക് ‌സെമിഫൈനൽ’ അരികെ

Nadal യുഎസ് ഓപ്പൺ പ്രീക്വാർട്ടറിൽ സർവ് ചെയ്യുന്ന റാഫേൽ നദാൽ.

ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ ടെന്നിസിൽ ഒരു കളിയകലത്തിൽ നദാൽ‌–ഫെഡറർ ക്ലാസിക് പോരാട്ടം. അഞ്ചു തവണ ചാംപ്യനായ സ്വിറ്റ്സർലൻഡ് താരം റോ‍ജർ ഫെഡററും ലോക ഒന്നാംനമ്പർ താരം റാഫേൽ നദാലും യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലെത്തി. ക്വാർട്ടർ കടക്കാനായാൽ സെമിയിൽ ഇരുവരും  ഏറ്റുമുട്ടും. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലായിരുന്നു ഗ്രാൻഡ്‌സ്ലാം വേദിയിൽ ഇതിനു മുൻപ് ഇരുവരും നേരിൽകണ്ടത്.  വനിതകളിൽ ഒന്നാം സീഡ് കരോലിന പ്ലിസ്കോവ ക്വാർട്ടറിലെത്തിയപ്പോൾ റഷ്യൻ താരം മരിയ ഷറപ്പോവ പ്രീക്വാർട്ടറിൽ തോറ്റു പുറത്തായി. പെട്രോ ക്വിറ്റോവ, വീനസ് വില്യംസ് എന്നിവരും ക്വാർട്ടറിലേക്ക് മുന്നേറി.

അഞ്ചു സെറ്റ് നീണ്ട നാടകീയ പോരാട്ടത്തിൽ ആറാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ മറികടന്ന് അർജന്റീനയുടെ ജൂവാൻ മാർട്ടിൻ പെട്രോയും ക്വാർട്ടറിലെത്തി(1-6, 2-6, 6-1, 7-6, 6-4). ആദ്യ രണ്ടു സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു തീമിനെതിരെ അർ‌ജന്റീനൻ താരത്തിന്റെ തിരിച്ചുവരവ്. 33–ാം സീഡ് ഫിലിപ്പ് കോൾസ്ക്രീബറെ കീഴടക്കിയാണ് മൂന്നാം സീഡായ ഫെഡറർ ക്വാർട്ടറിലെത്തിയത്(6–4,6–2,7–5).

ആദ്യ രണ്ടു മൽസരങ്ങളിലെ മങ്ങിയ പ്രകടനങ്ങളിൽ നിന്നു കരകയറിയ ഫെഡറർ ‌11 എയ്സുകളും 39 വിന്നറുകളും പായിച്ചു. ഒരു ബ്രേക്ക് പോയിന്റും വഴങ്ങിയതുമില്ല. 2013നുശേഷം ആദ്യമായി യുഎസ് ഓപ്പണിന്റെ ക്വാർട്ടറിലെത്തിയ റാഫേൽ നദാൽ യുക്രെയിൻ താരം അലക്സാണ്ടർ ഡൊഗപൊലേവിനെയാണ് നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നത്. സീഡ് ചെയ്യപ്പെടാത്ത യുക്രെയിൻ താരത്തിനെതിരായ നദാലിന്റെ മൽസരം ഒന്നേമുക്കാൽ മണിക്കൂറേ നീണ്ടുള്ളൂ.

ആദ്യ സെറ്റ് നേടിയശേഷമാണ് മുൻ ലോക ഒന്നാംനമ്പർ താരം ഷറപ്പോവ, ലാത്വിയൻ താരം സെവാസ്റ്റോവയോട് തോറ്റത്.( 7–5–4–6, 2–6). ആദ്യ റൗണ്ടിൽ രണ്ടാം സീഡ് സിമോണ ഹാലെപ്പിനെ വീഴ്ത്തി തുടങ്ങിയ ഷറപ്പോവയ്ക്ക് നാലാം റൗണ്ടിൽ ആ മികവ് ആവർത്തിക്കാനായില്ല. ജൂവാൻ മാർട്ടിൻ പെട്രോയാണ് ക്വാർട്ടറിൽ ഫെഡററുടെ എതിരാളി.

2009ലെ യുഎസ് ഓപ്പൺ ഫൈനലിൽ ഫെ‍‍ഡററെ വീഴ്ത്തിയ പെട്രോ പരുക്കിനെത്തുടർന്ന് ഏറനാളുകൾക്കുശേഷമാണ് കളത്തിൽ തിരിച്ചെത്തിയത്. റഷ്യയുടെ കൗമാരതാരം ആന്ദ്രേ റുബലേവാണ് അടുത്ത റൗണ്ടിൽ നദാലിനെ കാത്തിരിക്കുന്നത്.