Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെൽപോട്രോയെയും വീഴ്ത്തി നദാൽ ഫൈനലിൽ; എതിരാളി കെവിന്‍ ആന്‍ഡേഴ്സൻ‌

nadal ഡെൽപോട്രോയെ വീഴ്ത്തി യുഎസ് ഓപ്പൺ ഫൈനലിൽ കടന്ന റാഫേൽ നദാലിന്റെ ആഹ്ലാദം.

ന്യൂയോർക്ക്∙ ഇന്നാണു ഫൈനൽ. യുഎസ് ഓപ്പൺ ടെന്നിസ് പുരുഷവിഭാഗം ജേതാവാകാൻ ഒരു വശത്ത് ഇറങ്ങുന്നതു ലോക ഒന്നാം നമ്പർ താരം സ്പെയിനിന്റെ റാഫേൽ നദാൽ. മറുവശത്താകട്ടെ, കന്നി ഗ്രാൻസ്‌ലാം കിരീടത്തിനായി കച്ചകെട്ടുന്നത് ദക്ഷിണാഫ്രിക്കയുടെ 32–ാം റാങ്കുകാരൻ കെവിൻ ആൻഡേഴ്സൺ. അത്രയൊന്നും അറിയപ്പെടാത്ത ആൻഡേഴ്സണെതിരെ 4–0ന്റെ വിജയം കൈമുതലുള്ള നദാൽ ഇവിടെ പ്രതീക്ഷിക്കുന്നതു മൂന്നാം കിരീടം; ഒപ്പം 16–ാം ഗ്രാൻസ്‌ലാം കിരീടമെന്ന സുന്ദരസ്വപ്നവും.

സെമിഫൈനലിൽ അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽപോട്രോയെയാണു നദാൽ തോൽപിച്ചത്. ആദ്യ സെറ്റ് നേടിയ ഡെൽപോട്രോയ്ക്കു പിന്നീടുള്ള മൂന്നു സെറ്റുകളിലും നദാലിന്റെ പരിചയസമ്പത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. സ്കോർ: 4–6, 6–0, 6–3, 6–2.

ടെന്നിസ് ഇതിഹാസം സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററെ ക്വാർട്ടർ ഫൈനലിൽ തോൽപിച്ചെത്തിയ ഡെൽപോട്രോയ്ക്ക് നദാലിനെതിരെ ആ മികവിലേക്കെത്താൻ കഴിഞ്ഞില്ല. ഫെഡറർക്കെതിരെയും പ്രീ ക്വാർട്ടറിൽ ആറാം സീഡ് ഡൊമിനിക് തീമിനെതിരെയും നെടുനീളൻ മൽസരങ്ങൾ കളിച്ചതിന്റെ ക്ഷീണം പ്രകടമായിരുന്നു.

സ്പെയിനിന്റെ 12–ാം സീഡ് പാബ്‌ലോ കറേനോ ബുസ്തയെ നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്നാണ് ദക്ഷിണാഫ്രിക്കൻ താരം ആൻഡേഴ്സൺ തന്റെ കന്നി ഗ്രാൻസ്‌ലാം ഫൈനലിനു യോഗ്യത നേടിയത്. സ്കോർ: 4–6, 7–5, 6–3, 6–4. 52 വർഷത്തിനിടെ ഇവിടെ ഫൈനലിലെത്തുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരമാണ് ആൻഡേഴ്സൺ.

വനിതാ ഡബിൾസിൽ സാനിയ സഖ്യം മിർസ സഖ്യം സെമിയിൽ പുറത്തായി. നാലാം സീഡ് സാനിയയും ചൈനീസ് താരം – ഷുവായ് പെങ്ങും ചേർന്ന സഖ്യം രണ്ടാം സീഡ് മാർട്ടിന ഹിൻജിസ്– യങ് ജാൻ ചാൻ സഖ്യത്തോട് 6–4, 6–4 നു തോറ്റു.

ജയിച്ചാൽ നദാലിന് പതിനാറാം കിരീടം

ഇന്നു കിരീടം നേടാനായാൽ നദാലിനു കരിയറിലെ 16–ാം ഗ്രാൻസ്‌ലാം കിരീടമാകും. മുപ്പത്തൊന്നുകാരനായ സ്പെയിൻ താരം റാങ്കിങ്ങിൽ പിന്നിലേക്കു പോയശേഷം ഈയിടെയാണ് ലോക ഒന്നാം നമ്പറിലേക്കു തിരിച്ചെത്തിയത്. ഈ നേട്ടം കിരീടംകൊണ്ട് ആഘോഷിക്കാനാണു നദാലിന്റെ തയാറെടുപ്പ്.

2010, 2013 വർഷങ്ങളിൽ യുഎസ് ഓപ്പൺ ജേതാവായ നദാലിന്റെ 15 ഗ്രാൻസ്‌ലാം കിരീടങ്ങളിൽ പത്തും ഫ്രഞ്ച് ഓപ്പണിലായിരുന്നു. നദാലിന്റെ 23–ാമത്തെയും ഈ വർഷം മൂന്നാമത്തെയും ഗ്രാൻസ്‌ലാം ഫൈനലാണിത്.

‘‘പരുക്കും മറ്റും മൂലം ഏറെ ബുദ്ധിമുട്ടു നേരിട്ട കുറച്ചു വർഷങ്ങൾക്കുശേഷം മികച്ചൊരു സീസണാണ് എനിക്കിത്. വളരെ വൈകാരികമായൊരു വർഷം. വീണ്ടുമൊരു ഫൈനലിൽ കൂടി അവസരം. എന്നെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒരു കിരീടത്തിനുവേണ്ടിയുള്ള പോരാട്ടമാണിത്. ഫൈനലിൽ കെവിൻ ആൻഡേഴ്സൺ മികച്ച എതിരാളിയാണ്. കിടിലൻ സർവുകൾക്കുടമ. കുട്ടിക്കാലംമുതലേ എനിക്കറിയാം. ഒട്ടേറെ പരുക്കുകൾ കടന്ന് മികവിലേക്കുള്ള ആൻഡേഴ്സന്റെ മടങ്ങിവരവ് പുതിയ തലമുറയ്ക്കുള്ള വലിയൊരു പ്രചോദന പാഠമാണ്’’.

റാഫേൽ നദാൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.