Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രേലിയൻ ഓപ്പൺ:നദാല്‍ ക്വാര്‍ട്ടറില്‍, മാരിന്‍ സിലിച്ച്, ദിമിത്രോവ് മുന്നേറി

Rafael Nadal ഓസ്ട്രേലിയൻ ഓപ്പൺ പ്രീക്വാർട്ടറിൽ ഡിയേഗോ ഷ്വാർട്സ്മാനെതിരെ പന്ത് റിട്ടേൺ ചെയ്യുന്ന റാഫേൽ നദാൽ

മെൽബൺ∙ അർജന്റീനക്കാരൻ ഡിയേഗോ ഷ്വാര്‍ട്സ്മാനുയര്‍ത്തിയ വെല്ലുവിളിയെ പൊരുതി തോല്‍പിച്ച ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. നാലുമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു നദാലിന്റെ വിജയം (6–3, 6–7, 6–3, 6–3). സ്പാനിഷ് താരം പാബ്ലോ കരേനോയെ തോല്‍പിച്ച് ആറാം സീഡ് ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ച് (6–7, 6–3, 7–6, 7–6) ക്വാര്‍ട്ടറിലെത്തി. മൂന്നാം സീഡ് ഗ്രിഗര്‍ ദിമിത്രോവ് ഓസ്ട്രേലിയയുടെ നിക് കിര്‍ഗിയോസിനെ വീഴ്ത്തി. 

അടുത്തകാലത്തു താൻ നേരിട്ട ഏറ്റവും കനത്ത പോരാട്ടമെന്നാണു നദാല്‍ ഷ്വാർട്സ്മാനുമായുള്ള മല്‍സരത്തെ വിശേഷിപ്പിച്ചത്. ആദ്യ സെറ്റ് 6–3നു സ്വന്തമാക്കിയ നദാല്‍ അനായാസം കളി സ്വന്തമാക്കുമെന്നു കരുതിയപ്പോഴാണു രണ്ടാം സെറ്റില്‍ ഉജ്വല മികവോടെ അര്‍ജന്റീനന്‍ താരം തിരിച്ചെത്തിയത്. മല്‍സരം നാലാം സെറ്റിലേക്കു നീണ്ടതോടെ പരിചയസമ്പത്ത് നദാലിനെ തുണച്ചു. ജയത്തോടെ ഈയാഴ്ച അവസാനം പുറത്തിറങ്ങുന്ന ടെന്നിസ് റാങ്കിങ്ങിലും നദാല്‍ ഒന്നാം റാങ്കില്‍ തുടരുമെന്ന് ഉറപ്പായി. ഓസ്ട്രേലിയന്‍ ഓപ്പണില്‍ പത്താം ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്ന നദാലിന് എതിരാളി മാരിന്‍ സിലിച്ചാണ്. ഇരുവരും തമ്മില്‍ കളിച്ച ആറു മല്‍സരങ്ങളില്‍ അഞ്ചിലും ജയം നദാലിനൊപ്പമായിരുന്നു. ‌

ഗാലറികളെ ത്രസിപ്പിച്ച ആവേശപ്പോരാട്ടത്തിനൊടുവിലാണ് ആതിഥേയരുടെ പ്രതീക്ഷയായ നിക് കിര്‍ഗിയോസിനെ ബള്‍ഗേറിയന്‍ താരം ദിമിത്രോവ് വീഴ്ത്തിയത് (7–6,7–6, 4–6,7–6). 

മൂന്നര മണിക്കൂര്‍ നീണ്ട പോരാട്ടത്തിലെ മൂന്നു സെറ്റുകളും അവസാനിച്ചതു ടൈബ്രേക്കറിലാണ്. വനിതകളില്‍ ലോക രണ്ടാം നമ്പര്‍ താരം കരോലിന വോസ്നയാകി സ്ലൊവാക്യയുടെ മാഗഡലേനയെ തോല്‍പിച്ചു ക്വാര്‍ട്ടറിലെത്തി (6-3 6-0).

പെയ്സ് സഖ്യം പുറത്ത്

പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകളായ ലിയാന്‍ഡര്‍ പെയ്സ്– പുരവ് രാജ സഖ്യം പുറത്തായി. പ്രീക്വാര്‍ട്ടറില്‍ പതിനൊന്നാം സീഡ് ജുവാന്‍ സെബാസ്റ്റ്യന്‍– റോബര്‍ട്ട് ഫറ (കൊളംബിയ) സഖ്യത്തോടാണ് ഇന്ത്യന്‍ സഖ്യം തോറ്റത് (1–6, 2–6). കഴിഞ്ഞ ദിവസം അഞ്ചാം സീഡിനെ അട്ടിമറിച്ചു മുന്നേറിയ ഇന്ത്യന്‍ ജോടി ആ മികവിന്റെ നിഴല്‍ മാത്രമായിരുന്നു ഇന്നലെ.