Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോർഡ് ഫെഡറർ; ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ

TOPSHOT-TENNIS-AUS-OPEN ക്വാർട്ടറിൽ ജയിച്ച റോജർ ഫെഡററിന്റെ ആഹ്ലാദം

മെൽബൺ ∙ റെക്കോർഡ് സെമിഫൈനൽ പ്രവേശം; അപാരമായ ഫോം – നിലവിലുള്ള ചാംപ്യൻ റോജർ ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ കടന്നതു തികച്ചും ആധികാരികമായി. ചെക്ക് റിപ്പബ്ലിക്കിന്റെ ടോമസ് ബെർഡിച്ചിനെതിരെ 7–6, 6–3, 6–4 ജയത്തോടെയാണ് പതിനാലാമത്തെ ഓസ്ട്രേലിയൻ ഓപ്പൺ സെമിയിലേക്കു ഫെഡറർ പ്രവേശിച്ചത്.

ഗ്രാൻസ്‌ലാം കരിയറിൽ ഫെഡററുടെ നാൽപത്തിമൂന്നാമത്തെ സെമിഫൈനലാണിത്. 1968നുശേഷം ഓപ്പൺ യുഗത്തിൽ ഇതൊരു റെക്കോർഡാണ്. റോഡ് ലേവർ അരീനയിൽ രണ്ടു മണിക്കൂറും പതിനാലു മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിൽ ഫെഡറർ വിജയനൃത്തം ചെയ്തു. ദക്ഷിണ കൊറിയൻ താരം ചങ് ഹിയോണാണ് വെള്ളിയാഴ്ചത്തെ സെമിയി‍ൽ ഫെഡററുടെ എതിരാളി. അമേരിക്കയുടെ ടെന്നിസ് സാൻഡ് ഗ്രീനെ 6-4, 7-6 (7/5), 6-3നു തോൽപിച്ചാണു കൊറിയൻ താരത്തിന്റെ മുന്നേറ്റം. ദക്ഷിണ കൊറിയയിൽനിന്നു ഗ്രാൻസ്‌ലാം സെമി കളിക്കുന്ന ആദ്യതാരമെന്ന ബഹുമതിയും ചങ് നേടി. 

മുൻ ചാംപ്യൻ നൊവാക് ജോക്കോവിച്ചിനെയും നാലാം സീഡ് അലക്സാണ്ടർ സ്വരേവിനെയും മറികടന്നാണ് ചങ് ഹിയോണിന്റെ കന്നി സെമിഫൈനൽ. ഓസ്ട്രേലിയൻ ഓപ്പണിൽ കളിച്ച 105 മൽസരങ്ങളിൽ തൊണ്ണൂറ്റിരണ്ടും വിജയിക്കാൻ കഴിഞ്ഞുവെന്ന നേട്ടവും ഫെഡറർ സ്വന്തമാക്കി. കളിച്ച പതിനാല് ക്വാർട്ടറുകളിൽ പതിനാലും ജയിക്കാനും ഫെഡറർക്കു കഴിഞ്ഞു. 1977ൽ ഓസ്ട്രേലിയയുടെ കെൻ റോസ്‍വെൽ നാൽപത്തിരണ്ടാം വയസ്സിൽ സെമിയിൽ കടന്നതിനുശേഷം ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ കടക്കുന്ന ഏറ്റവും പ്രായമേറിയ താരമാണു ഫെഡറർ.

വനിതകളിൽ ഒന്നാം സീഡ് സിമോണ ഹാലെപ്പും ജർമനിയുടെ ആഞ്ജലിക് കെർബറും സെമിയിൽ ഏറ്റുമുട്ടും. ജർമനിയുടെ ആഞ്ജലിക് കെർബർ അമേരിക്കയുടെ മാഡിസൻ കീസിനെ 6–1, 6–2നു തോൽപിച്ചാണു സെമിയിൽ കടന്നത്. 

സിമോണ ഹാലെപ്പ് കരോലിന പ്ലിസ്കോവയെ 6–3, 6–2നു തകർത്തുവിട്ട് തന്റെ ഗ്രാൻസ്‌ലാം കിരീടത്തിലേക്ക് ഒരു ചുവടുകൂടി മുന്നോട്ടുവച്ചു.

ബൊപ്പണ്ണ സഖ്യം മിക്സഡ് ഡബിൾസ് സെമിയിൽ

മെൽബൺ ∙ ഇന്ത്യയുടെ രോഹൻബൊപ്പണ്ണയും ഹംഗറിയുടെ ടിമി ബബോസും ചേർന്ന ജോടി ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് സെമിയിൽ കടന്നു. കൊളംബിയയുടെ യുവാൻ സെബാസ്റ്റ്യൻ അമേരിക്കയുടെ അബിജെയ്ൽ സ്പിയേഴ്സ് സഖ്യത്തെ 6–4, 7–5ന് ആണ് ബൊപ്പണ ടീം തോൽപിച്ചത്. ടൂർണമെന്റിൽ അഞ്ചാം സീഡാണ് ബൊപ്പണ്ണ സഖ്യം.