Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിമോണ ഹാലെപ് - കരോളിൻ വോസ്നിയാക്കി ഫൈനൽ; കന്നിക്കിരീടം ഒരു കളിയകലം

AUS-OPEN സിമോണ ഹാലെപ്, കരോളിൻ വോസ്നിയാക്കി

മെൽബൺ ∙ ടെന്നിസിലെ റാങ്കിങ്ങിൽ ലോകത്തിലെ ഒന്നാം സീഡാണു സിമോണ ഹാലെപ്പ് എന്ന റുമേനിയക്കാരി. രണ്ടാം സീഡാണു കരോലിന വൊസ്നിയാസ്കി എന്ന ഡെന്മാർക്കുകാരി. ഇരുവർക്കും ഒരു പേരുദോഷമുണ്ട്. ഇതുവരെ ഒരു ഗ്രാൻസ്‌ലാം കിരീടം സ്വന്തമാക്കാനായിട്ടില്ല. പേരുദോഷം മാറ്റാൻ ഓസ്ട്രേലിയൻ ഓപ്പണിന്റെ വനിതാ ഫൈനൽ അവസരമൊരുക്കുന്നു. നാളത്തെ ഫൈനലിൽ ഹാലെപ്പിന്റെ എതിരാളി കരോലിന വൊസ്നിയാസ്കിയാണ്. 

മുൻ ഓസ്ട്രേലിയൻ ഓപ്പൺ ജേത്രി ജർമനിയുടെ ഏയ്ഞ്ചലിക് കെർബറെ മൂന്നു സെറ്റ് നീണ്ട ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ മറികടന്നാണു ഹാലെപ്പിന്റെ ജയം. സ്കോർ: 6–3, 4–6, 9–7. ആദ്യ സെറ്റ് 6–3നു ജയിച്ചു രണ്ടാം സെറ്റിൽ 3–1നു ഹാലെപ്പ് മുന്നിലെത്തിയ ശേഷമാണു കെർബർ തിരിച്ചടിച്ചത്. രണ്ടാം സെറ്റ് നാടകീയമായി കെർബർ നേടിയതോടെ മെൽബൺ പാർക്കിൽ പോരാട്ടം കനത്തു. റോളണ്ട് ഗാരോയിൽ രണ്ടുതവണ കലാശപ്പോരാട്ടത്തിൽ (2014, 2017 )കാലിടറിയ ചരിത്രം ഹാലെപ്പിനുണ്ട്. പിഴവുകളൊക്കെ തിരുത്തി ആദ്യ കിരീടത്തിലേക്ക് ഇനി ഒരു കളിയകലം മാത്രം.

വൊസ്നിയാസ്കിയുടെ മൂന്നാം ഗ്രാൻസ്‌ലാം ഫൈനലാണിത്. സെമിയിൽ സീഡ് ചെയ്യാത്ത എലീസ് മെർട്ടൻസിനെ 6–3, 7–6ന് ആണു വൊസ്നിയാസ്കി തോൽപ്പിച്ചത്. 2009ൽ യുഎസ് ഓപ്പൺ ഫൈനലിൽ കടന്നിട്ടുള്ള വൊസ്നിയാസ്കിക്ക് എട്ടുവർഷമായിട്ടും ഒരു കിരീടം അകന്നുപോവുകയായിരുന്നു. 67 ആഴ്ച ലോക ഒന്നാം സീഡായിരുന്നിട്ടും വൊസ്നിയാസ്കിക്ക് ഒരു ഗ്രാൻസ്‌ലാം നേടാൻ കഴിഞ്ഞിരുന്നില്ല.

കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത് ഒന്നാം സീഡ് സിമോണ ഹാലെപ്പും രണ്ടാം സീഡ് കരോലിന വൊസ്നിയാസ്കിയുമാണ്. ജയിക്കുന്ന താരം ലോക ഒന്നാം നമ്പറാകും. പതിനേഴാം തവണയാണ് ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യ രണ്ടു സീഡുകൾ ഫൈനലിൽ ഏറ്റുമുട്ടുന്നത്.

Marin Cilic

മാരിൻ സിലിച്ച് ഫൈനലിൽ 

മെൽബൺ∙ ഇടിമിന്നൽപോലെ സർവുകൾ പായിക്കുന്ന ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചിനു മുന്നിൽ ബ്രിട്ടന്റെ കെയ്‍ൽ എഡ്മണ്ടിനു പിടിച്ചുനിൽക്കാനായില്ല. ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സെമിയിൽ നാൽപത്തൊൻപതാം സീഡ് കെയ്‍ൽ എഡ്മണ്ടിനെ 6-2, 7-6, 6-2നു തോൽപിച്ച് ആറാം സീഡ് സിലിച്ച് അനായാസം ഫൈനലിൽ കടന്നു. സിലിച്ചിന്റെ ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലാണിത്. ഇന്നു രണ്ടാം സെമിയിൽ റോജർ ഫെഡറർ ദക്ഷിണ കൊറിയയുടെ ചങ് ഹിയോണിനെ നേരിടും. കളിക്കിടെ മെഡിക്കൽ ടൈം ഔട്ട് വാങ്ങിയാണ് കെയ്ൽ എഡ്മണ്ട് മൽസരം പൂർത്തിയാക്കിയത്.