Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോജർ ഒന്നാമൻ!

Roger Federer ഒന്നാം റാങ്ക് ഉറപ്പിച്ച ശേഷം ഫെഡറർ ഫലകവുമായി

വർഷങ്ങളായി പ്രവർത്തിച്ചിട്ടും നിലച്ചുപോകാത്ത ഒരു സ്വിസ് വാച്ചിന്റെ പേരാകുന്നു റോജർ ഫെഡറർ. റാങ്കിങ് എന്ന വാറന്റിയും കിരീടങ്ങൾ എന്ന ഗാരന്റിയുമായി കാലത്തെ നിലയ്ക്കുനിർത്തുന്ന പോരാട്ടവീര്യത്തോടെ സ്വിസ് താരം 36–ാം വയസ്സിൽ വീണ്ടും പുരുഷ ടെന്നിസിലെ ലോക ഒന്നാം റാങ്കിലെത്തി. റോട്ടർഡാം ഓപ്പണിൽ ഡച്ച് താരം റോബിൻ ഹാസെയെ തോൽപിച്ചു സെമിഫൈനലിലെത്തിയതോടെയാണ് (4–6, 6–1, 6–1) ഫെഡറർ വീണ്ടും തലപ്പത്തെത്തിയത്. 36 വയസ്സും 195 ദിവസവും പിന്നിട്ട ഫെഡറർ പുരുഷ ടെന്നിസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരനാണ്. 2003ൽ 33–ാം വയസ്സിൽ ഒന്നാം സ്ഥാനത്തെത്തിയ ആന്ദ്രേ ആഗസിയുടെ റെക്കോർഡാണു മറികടന്നത്. 

2012 നവംബറിലാണു ഫെഡറർ ഇതിനു മുൻപ് ലോക ഒന്നാം റാങ്കിലെത്തിയത്. അഞ്ചുവർഷങ്ങൾക്കും 106 ദിവസങ്ങൾക്കും ശേഷം വീണ്ടും ഒന്നാം റാങ്കിലെത്തിയതും റെക്കോർഡാണ്. 2004ൽ ആദ്യമായി ഒന്നാം റാങ്കിലെത്തി, 14 വർഷങ്ങൾക്കിപ്പുറം വീണ്ടും അതേ സ്ഥാനത്തെത്തിയതു മറ്റൊരു റെക്കോർഡ്. ചിരകാല എതിരാളിയായ റാഫേൽ നദാലിന്റെ റെക്കോർഡാണു മറികടന്നത്.

chart

ഇടക്കാലത്ത് നൊവാക് ജോക്കോവിച്ചിന്റെ പടയോട്ടത്തിനു മുന്നിൽ അൽപം പതറിപ്പോയ ഫെഡറർ 2017 ഓസ്ട്രേലിയൻ ഓപ്പൺ കിരീടനേട്ടത്തോടെയാണു രണ്ടാം വരവിനു തുടക്കമിട്ടത്. അന്നു ഫൈനലിൽ തോൽപിച്ചതു നദാലിനെത്തന്നെ. ഈ വർഷം മെൽബണിൽ കിരീടനേട്ടം ആവർത്തിച്ചതോടെ കെൻ റോസ്‌വെലിനു ശേഷം ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ചൂടുന്ന പ്രായം കൂടിയ താരമാവുകയും ചെയ്തു സ്വിസ് താരം.

∙ റോജർ ഫെഡറർ: ലോക ഒന്നാം നമ്പർ റാങ്കിലെത്തിയ ഏറ്റവും പ്രായം കൂടിയ താരമാണ് ഞാനെന്നതു ശരി തന്നെ. പക്ഷേ, പ്രായം കൂടി എന്നു കേട്ടപ്പോൾ എനിക്കു സങ്കടവും തോന്നി.. (ഒന്നാം റാങ്ക് ഉറപ്പിച്ചതിനുശേഷം തമാശരൂപേണ ട്വീറ്റ് ചെയ്തത്).