Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേവിസ് കപ്പ് ഡബിൾസിൽ പെയ്സിന് 43–ാം വിജയം; റെക്കോര്‍ഡ്

paes ലിയാൻഡർ പെയ്സും രോഹൻ ബൊപ്പണ്ണയും മൽസരശേഷം മഹേഷ് ഭൂപതിക്കൊപ്പമെടുത്ത സെൽഫി

ടിയാൻജിൻ (ചൈന) ∙ നാൽപത്തിനാലാം വയസ്സിൽ ഡേവിസ് കപ്പിലെ നാൽപത്തിമൂന്നാം വിജയത്തോടെ ഇന്ത്യൻ ടെന്നിസിലെ ഇതിഹാസതാരം ലിയാൻഡർ പെയ്സ് റാക്കറ്റിലെഴുതിയതു ചരിത്രം. ഡേവിസ് കപ്പിൽ ഏറ്റവുമധികം വിജയങ്ങൾ നേടിയ ഡബിൾസ് താരമെന്ന റെക്കോർഡാണ് ഇനി പെയ്സിന്റെ പേരിനൊപ്പം തിളങ്ങുക. ഏഷ്യ– ഓഷ്യാനിയ ഗ്രൂപ്പ് മൽസരത്തിൽ ചൈനീസ് ജോടികളായ മാവോ സിൻ ഗോങ്, സെ ഴാങ് എന്നിവർക്കെതിരെ പെയ്സും കൂട്ടാളി രോഹൻ ബൊപ്പണ്ണയും ചേർന്നു വിജയം പൊരുതി നേടുകയായിരുന്നു. 

ആദ്യസെറ്റ് 5–7ന് നഷ്ടപ്പെടുത്തിയ ഇന്ത്യൻ സംഘം രണ്ടാം സെറ്റ് ടേബ്രേക്കർ വരെ ആവേശപ്പോരാട്ടത്തിൽ സ്വന്തമാക്കി – 7-6(5). നിർണായകമായ മൂന്നാം സെറ്റും ടൈബ്രേക്കറിലൂടെ – 7-6(3)– സ്വന്തമാക്കിയ പെയ്സും ബൊപ്പണ്ണയും ഇന്ത്യയ്ക്ക് വിജയം മാത്രമല്ല ആത്മവിശ്വസം കൂടിയാണു സമ്മാനിച്ചത്. 

യുവതാരങ്ങളായ രാംകുമാർ രാമനാഥനും പ്രജ്നേഷ് ഗുണേശ്വരനും സിംഗിൾസിൽ വിജയം നഷ്ടപ്പെടുത്തിയതിനെത്തുടർന്ന് 2–0ന് പിന്നിലായിരുന്നു ഇന്ത്യ. പെയ്സ്– ബൊപ്പണ്ണ സഖ്യം വിജയിച്ചതോടെ സ്കോർ 2–1 ആയി. ഈ വിജയത്തിൽനിന്ന് ആവേശമുൾക്കൊണ്ട് റിവേഴ്സ് സിംഗിൾസിന് ഇറങ്ങിയ രാംകുമാർ രാമനാഥൻ ചൈനയുടെ ഡി വുവിനെ 7-6(4) 6-3ന് പൊരുതിക്കീഴടക്കിയതോടെ സ്കോർ 2–2. ഇതോടെ നിർണായകമായ അവസാന സിംഗിൾസിൽ, സുമിത് നാഗലിനു പകരം ആദ്യ സിംഗിൾസ് തോറ്റ പ്രജ്നേഷ് ഗുണേശ്വരനെ ക്യാപ്റ്റൻ മഹേഷ് ഭൂപതി വീണ്ടും ഇറക്കി. ചൈനയുടെ ടീനേജ് താരം യിബിങ് വുവിനെ 6-4 6-2 ന് അനായാസം കീഴടക്കിയ ചെന്നൈ താരം ഇന്ത്യയ്ക്കു സമ്മാനിച്ചത് പോരാട്ടവീര്യത്തിന്റെ സുഗന്ധമുള്ള ടീം വിജയം. ജയത്തോടെ ഇന്ത്യ വേൾഡ് ഗ്രൂപ്പ് പ്ലേ ഓഫിനു യോഗ്യത നേടി. തുടർച്ചയായ അഞ്ചാം തവണയാണ് ഇന്ത്യൻ ടീം വേൾഡ് ഗ്രൂപ്പ് പ്ലേ ഓഫിലെത്തുന്നത്. 

ആദ്യ രണ്ടു സിംഗിൾസും തോറ്റതിനു പിന്നാലെ ഡബിൾസ് കൂടി കൈവിട്ടിരുന്നെങ്കിൽ ചൈന 3–0ന് വിജയിച്ചേനെ. എന്നാൽ, ലിയാൻഡർ പെയ്സിന്റെ പരിചയസമ്പത്തും ബൊപ്പണ്ണയുടെ മിടുക്കും കളി പൊരുതിപ്പിടിക്കാൻ കരുത്തേകി. ഈ വിജയത്തിൽനിന്ന് ആവേശമുൾക്കൊണ്ട ചെറുപ്പക്കാർ റിവേഴ്സ് സിംഗിൾസ് കൂടി വിജയിച്ചതോടെയാണ് ചൈനയെ അപ്രസക്തരാക്കാൻ ഇന്ത്യയ്ക്കു സാധിച്ചത്. 

ഡേവിസ് കപ്പ് ചരിത്രത്തിൽ ആദ്യമായാണ് ആദ്യ രണ്ടു സിംഗിൾസ് തോറ്റ ശേഷം പിന്നീടു മൂന്നും ജയിച്ച് ഇന്ത്യ മുന്നേറുന്നത്. മുൻപു നാലുവട്ടം വേൾഡ് പ്ലേ ഓഫ് കളിച്ചിട്ടുണ്ടെങ്കിലും ഒന്നിൽപ്പോലും ജയിച്ചിട്ടില്ല. സെർബിയ (2014), ചെക്ക് റിപ്പബ്ലിക് (2015), സ്പെയിൻ (2016), കാനഡ (2017) എന്നിവരാണ് മുൻപ് ഇന്ത്യൻ ഡേവിസ് കപ്പ് പ്രയാണത്തിന്റെ വഴിമുടക്കിയത്. 2011ൽ പ്ലേ ഓഫ് ജയിച്ച് 16 രാജ്യങ്ങളുടെ വേൾഡ് ഗ്രൂപ്പിലെത്തിയെങ്കിലും അവിടെ സെർബിയയോടു തോൽക്കുകയായിരുന്നു. 

ലിയാൻഡർ പെയ്സ് 

ഈ റെക്കോർഡ് ഞാൻ എന്റെ മാതാപിതാക്കൾക്കും മകൾക്കും സമർപ്പിക്കുന്നു. ഇതുവരെയുള്ള എല്ലാ ഡേവിസ് ടീം ക്യാപ്റ്റന്മാരോടും ഡബിൾസ് പങ്കാളികളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. സർവോപരി, ഇന്ത്യക്കാരനായി ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഈ റെക്കോർഡ് ഇന്ത്യയിലെ യുവാക്കൾക്കു പ്രേരകശക്തിയാവട്ടെ എന്നാഗ്രഹിക്കുന്നു.