Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിനേഴിന്റെ മധുരം തേടി നദാൽ

nadal ഡൊമിനിക് തീം, റാഫേൽ നദാൽ

പാരിസ് ∙ പതിനൊന്നാം ഫ്രഞ്ച് ഓപ്പൺ കിരീടം തേടി റാഫേൽ നദാൽ ഇന്നു റൊളാങ് ഗാരോയിലെ കളിമൺ കോർട്ടിലിറങ്ങുന്നു. ഒരു ഗ്രാൻസ്‌ലാമിൽ ഏറ്റവുമധികം കിരീടം എന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിന് ഒപ്പമെത്താനുള്ള സുവർണാവസരം. 16 ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള നദാലിന്റെ 24–ാം ഗ്രാൻസ്‌ലാം ഫൈനലാണിത്. ആദ്യ ഗ്രാൻസ്‌ലാം ഫൈനൽ കളിക്കുന്ന ഓസ്ട്രിയയുടെ ഡൊമിനിക് തീമാണ് എതിരാളി. ഈ വർഷം കളിമൺ കോർട്ടിൽ നദാലിനെ തോൽപിച്ച ഏക താരം തീമാണ്. മഡ്രിഡിലും റോമിലും. 

സെമിയിൽ അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പോട്രോയെ 4–6, 1–6, 2–6നു തകർത്താണു നദാൽ ഫൈനലിലെത്തിയത്. ഫ്രഞ്ച് ഓപ്പണിലെ നദാലിന്റെ 85–ാം ജയം. രണ്ടുതവണ മാത്രമേ ഇവിടെ നദാൽ തോറ്റിട്ടുള്ളൂ. ഇറ്റലിയുടെ മാർക്കോ സെച്ചിനാറ്റോയെ മറികടന്നാണു തീം ഫൈനലിലെത്തിയത്. 

മികച്ച ഫോമിലാണു നദാൽ. ടൂർണമെന്റിൽ ഇതുവരെ ക്വാർട്ടറിൽ ഡീഗോ ഷ്വാർട്സ്മാനു മാത്രമേ നദാലിനെതിരെ ഒരു സെറ്റ് ജയിക്കാനായുള്ളൂ. തന്റെ ഇഷ്ടപ്രതലത്തിൽ എല്ലാ ആയുധങ്ങളും മൂർച്ചകൂട്ടി സർവസജ്ജനാണു നദാൽ. 

നദാലും തീമും ഇതുവരെ ഒൻപതു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. എല്ലാം കളിമൺ കോർട്ടിൽ. ഇതിൽ ആറുതവണ ജയം നദാലിനായിരുന്നു. മഡ്രിഡിനും റോമിനും പുറമേ 2016ൽ ബ്യൂനസ് ഐറിസിലും തീം ജയിച്ചു. കളിമൺ കോർട്ടിൽ നദാലിനെ നൊവാക് ജോക്കോവിച്ചും മൂന്നു തവണ തോൽപിച്ചിട്ടുണ്ട്. റൊളാങ് ഗാരോയിൽ നദാലും തീമും മുൻപു രണ്ടുതവണ ഏറ്റുമുട്ടിയിട്ടുണ്ട്.