Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക ഒന്നാം നമ്പർ സിമോണ ഹാലെപ്പിന് ഫ്രഞ്ച് ഓപ്പൺ കിരീടം

simona-halep കിരീടമുത്തം: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ട്രോഫിയുമായി സിമോണ ഹാലെപ്

പാരിസ് ∙ സിമോണ ഹാലെപ് ശരിക്കും നമ്പർ വൺ ആയി. ലോക ഒന്നാം നമ്പർ താരമായിട്ടും ഗ്രാൻസ്ലാം കിരീടം നേടാനായില്ല എന്ന പേരുദോഷം തീർന്നു. തന്റെ നാലാം ഗ്രാൻസ്ലാം ഫൈനലിൽ റുമേനിയയുടെ സിമോണ ഹാലെപ് അമേരിക്കയുടെ സ്ലൊവാൻ സ്റ്റീഫൻസിനെ മറികടന്ന് ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടത്തിൽ മുത്തമിട്ടു (3–6, 6–4, 6–1). 2014ലും 2017ലും ഹാലെപ് ഇവിടെ ഫൈനലിൽ തോറ്റതാണ്. 32 ഗ്രാൻസ്ലാം ടൂർണമെന്റുകൾ കളിച്ച് ആദ്യ കിരീടവിജയം. ‘‘ഈ നിമിഷം ഞാൻ ഒരുപാട് സ്വപ്നം കണ്ടതാണ്. ആ സ്വപ്നം എന്റെ സ്വപ്ന നഗരമായ പാരിസിൽ സഫലമായതിൽ ഏറെ ചാരിതാർഥ്യം,’’ കിരീടത്തിൽ മുത്തമിട്ട് ഹാലെപ് പറഞ്ഞു.

ആദ്യ സെറ്റ് സ്റ്റീഫൻസ് അനായാസം നേടിയപ്പോൾ ഇക്കുറിയും ഭാഗ്യം ഹാലെപ്പിനെ കൈവിട്ടതായി ഏവരും സംശയിച്ചതാണ്. രണ്ടാം സെറ്റിന്റെ തുടക്കത്തിൽ സ്റ്റീഫൻസ് 2–0 ലീഡ് നേടിയതുമാണ്. എന്നാൽ, പൊരുതിക്കളിച്ച ഹാലെപ് അടുത്ത നാലു ഗെയിമുകളും സ്വന്തമാക്കി 4–2 ലീഡ് നേടി. അടുത്ത രണ്ടു ഗെയിമും നേടി സ്റ്റീഫൻസ് 4–4ൽ സമനിലയിലെത്തിയതോടെ കളി കടുത്തു. മികച്ച ഫോമിലേക്കുയർന്ന ഹാലെപ് അടുത്ത രണ്ടു ഗെയിമുമെടുത്ത് സെറ്റ് നേടി.

നിർണായകമായ മൂന്നാം സെറ്റിൽ ഹാലെപ് അപാര ഫോമിലായിരുന്നു. ലോങ് റാലികളുടെ തുടർച്ചയിൽ പതറിയ സ്റ്റീഫൻസിന് 5–0 ലീഡിലേക്കു കുതിച്ച ഹാലെപ്പിനെ തടയാനായില്ല. 6–1ന് സെറ്റും കിരീടവും ഹാലെപ് സ്വന്തമാക്കി.

ഹാലെപ്പും സ്റ്റീഫൻസും ഇതു മൂന്നാം തവണയാണ് ഫ്രഞ്ച് ഓപ്പണിൽ ഏറ്റുമുട്ടുന്നത്. മൂന്നിലും വിജയം ഹാലെപ്പിന്. തോറ്റെങ്കിലും കഴിഞ്ഞ വർഷത്തെ യുഎസ് ഓപ്പൺ നേടിയ സ്റ്റീഫൻസിന് ആശ്വസിക്കാം. വനിതാ ടെന്നിസിൽ വില്യംസ് സഹോദരിമാർക്കു ശേഷം യുഎസിൽ നിന്ന് ശക്തമായ വെല്ലുവിളി നിലനിൽക്കുമെന്നതിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.