എന്തിനാണ് ജോക്കോ വിമ്പിൾഡനിലെ പുല്ലു തിന്നത്? – വിഡിയോ

പുല്ല് തിന്നുന്ന നൊവാക് ജോക്കോവിച്ച്

ലണ്ടൻ ∙ വിമ്പിൾഡനിലെ പുല്ലുകൾ പശുക്കൾക്ക് തിന്നാനുള്ളതാണെന്ന് പണ്ട് ഇവാൻ ലെൻഡൽ പറഞ്ഞിട്ടുണ്ട്. ലോക ടെന്നിസിന്റെ നെറുകയിൽ നിൽക്കുമ്പോഴും വിമ്പിൾഡൻ കിരീടം അകന്നുപോയതിലെ നിരാശയിൽനിന്നായിരുന്നു ലെൻഡലിന്റെ പ്രതികരണം. എന്നാൽ ഇപ്പോഴിതാ വിമ്പിൾഡൻ ചാംപ്യൻ വിജയത്തിനു പിന്നാലെ സെന്റർകോർട്ടിലെ പുല്ലുപറിച്ച് തിന്ന് ഒരു ചാംപ്യൻ അതേ വേദിയെ ഹൃദയത്തിലേക്കടുപ്പിക്കുന്നു.

വിമ്പിൾഡൻ കിരീട വിജയത്തിനു ശേഷം എന്തിനാണ് നൊവാക് ജോക്കോവിച്ച് പുല്ലുതിന്നത് എന്നതാണ് പുതിയ ചർച്ച. ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച ജോക്കോവിച്ച് ഉടൻ തന്നെ കോർട്ടിലെ പുൽനാമ്പുകൾ കടിച്ചുതിന്നുകയായിരുന്നു. വിമ്പിൾഡനിലെ വിജയങ്ങളാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് ജോക്കോവിച്ച് വ്യക്തമാക്കുന്നു. സ്കൂൾകുട്ടിയായിരിക്കുമ്പോൾ മുതൽ മോഹിച്ച കിരീടമാണ്. നാലാം വട്ടം അതു സ്വന്തമാക്കുമ്പോഴും വിജയമധുരത്തിനൊപ്പം അൽപ്പം പുല്ലും കടിച്ചിറക്കും. ഇതിനു മുൻപും ഇതേപോലെ സെന്റർകോർട്ടിലെ പുല്ലുകൾ ജോക്കോവിച്ച് കഴിച്ചിട്ടുമുണ്ട്. എന്നാൽ ഇക്കുറി ഈ പുല്ലിനു മധുരം കൂടും. ജോക്കോവിച്ചിന്റെ വിജയത്തിനും.

കൈമുട്ടിനു ശസ്ത്രക്രിയയ്ക്കു ശേഷം ടെന്നിസിന്റെ ലോകവേദികളിൽ നിറംമങ്ങിപ്പോയ ജോക്കോവിച്ച് തന്റെ പഴയ വിജയങ്ങളുടെ നിഴൽ മാത്രമായിരുന്നു ഇതുവരെ. എന്നാൽ ഇക്കുറി കെവിൻ ആൻഡേഴ്സനെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്ന് നാലാമത്തെ വിമ്പിൾഡൻ കിരീടമുയർത്തിയപ്പോൾ ജോക്കോവിച്ച് പഴയ ആത്മവിശ്വാസത്തിന്റെ എയ്സ് പറത്തി നിന്നു. പന്ത്രണ്ട് ഗ്രാൻസ്‌ലാം കിരീടം നേടിയിട്ടുള്ള ജോക്കോവിച്ചിന് വിമ്പിൾഡനിൽ ഒരു വിജയം അനിവാര്യമായിരുന്നു. 2016ലെ ഫ്രഞ്ച് ഓപ്പണിനു ശേഷം ജോക്കോവിച്ചിന് ഒരു ഗ്രാൻസ്‌ലാം കിരീടം നേടാൻ കഴിഞ്ഞിരുന്നില്ല. 2016 ജോക്കോവിച്ചിന്റെ കരിയറിലെ ഏറ്റവും തിളക്കമുള്ള വർഷമാണ്. ഫ്രഞ്ച് കിരീടം നേടിയപ്പോൾ നാലു വ്യത്യസ്ത കോർട്ടുകളിൽ കിരീടം ചൂടി കരിയർ സ്‌ലാം നേടിയ താരമായി ജോക്കോവിച്ച്. ഗ്രാൻസ്‌ലാം കിരീട നേട്ടത്തിൽ (13 എണ്ണം) റോജർഫെഡറർ, റാഫേൽ നദാൽ, പീറ്റ് സംപ്രാസ് എന്നിവർക്കു പിന്നിൽ നാലാമനാണിപ്പോൾ ജോക്കോ.

തന്റെ മൂന്നുവയസ്സുകാരനായ മകൻ സ്റ്റെഫാനുമൊത്താണ് ജോക്കോവിച്ച് ഇത്തവണ വിമ്പിൾഡൻ കിരീടം വാങ്ങിയത്. വിമ്പിൾഡൻ നിയമം കുടുംബത്തിനൊപ്പം കപ്പു വാങ്ങുന്നതിന് അനുമതി നൽകുന്നില്ലെങ്കിലും കുഞ്ഞുസ്റ്റെഫാന്റെ കാര്യത്തിൽ വിമ്പിൾഡനും ഒന്നു കണ്ണടച്ചു. കളത്തിനു പുറത്തും ഏറെ പ്രത്യേകതയുള്ള താരമാണ് ജോക്കോവിച്ച്. ഗ്ലൂട്ടൻ ചേർന്ന ഭക്ഷണം ജോക്കോവിച്ചിന് അലർജിയാണ്. തണുത്തവെള്ളം കുടിച്ചാൽ രക്തചംക്രമണത്തെ ബാധിക്കുമെന്നു വിശ്വസിക്കുന്ന ജോക്കോ ചൂടുവെള്ളം മാത്രമേ കുടിക്കൂ. ഭാഷയിൽ അപാര വൈദഗ്ധ്യമുള്ള ജോക്കോ ഇംഗ്ലിഷ്, സെർബിയൻ, ഫ്രഞ്ച് ഭാഷകൾ അനായാസം സംസാരിക്കും. സർവീസിനു മുൻപ് പന്ത്രണ്ടു പ്രാവശ്യം വരെ ടെന്നിസ് ബോൾ ബൗൺസ് ചെയ്യിച്ച് എതിരാളിയുടെ ക്ഷമകെടുത്തുന്നതും ജോക്കോയുടെ രീതി.