Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തേജക പരിശോധനയിൽ വിവേചനമെന്ന് സെറീന

serena-tennis

പാരിസ് ∙ ഉത്തേജക മരുന്നു പരിശോധനയിൽ വംശീയ വിവേചനമെന്ന ഗുരുതര ആരോപണവുമായി ടെന്നിസ് താരം സെറീന വില്യംസ്.

അമ്മയായ ശേഷം വീണ്ടും കളിക്കാനിറങ്ങി കഴിഞ്ഞ വിംബിൾഡൻ ടൂർണമെന്റിൽ ഫൈനൽ വരെയെത്തിയ സെറീന ഉത്തേജക മരുന്ന് ഉപയോഗ പരിശോധനയിലെ വിവേചനത്തെക്കുറിച്ച് നേരത്തേയും പരാതിപ്പെട്ടിരുന്നു.

യുഎസ് ഉത്തേജക പരിശോധനാ ഏജൻസി മറ്റു കളിക്കാരേക്കാൾ കൂടുതൽ തവണ തന്നെ പരിശോധനയ്ക്കു വിധേയമാക്കുന്നതായി 23 ഗ്രാൻസ്‌ലാം കിരീടം നേടിയിട്ടുള്ള സെറീന ട്വീറ്റു ചെയ്തു. ‘‘കളിക്കാരിൽനിന്ന് ചിലരെ മാത്രം പരിശോധിക്കുന്നതിനു പകരം എപ്പോഴും സെറീനയെ പരിശോധിക്കുന്നു. എന്തിനാണ് ഈ വിവേചനം? എങ്കിലും കളി ശുദ്ധമായി തുടരുന്നതിനു ഞാൻ നിമിത്തമാകുന്നതിൽ സന്തോഷമേയുള്ളു,’’ – പ്രസവത്തോടനുബന്ധിച്ചു ജീവനു ഭീഷണിയായ ശസ്ത്രക്രിയയെ അതിജീവിച്ച് കളിക്കളത്തിൽ തിരിച്ചെത്തിയ മുപ്പത്താറുകാരിയായ സെറീന പറയുന്നു. 

കഴിഞ്ഞ മാസം ഫ്ലോറിഡയിൽ അവരുടെ വസതിയിൽ യുഎസ് ഏജൻസി നടത്തിയ പരിശോധനയാണ് സെറീനയെ ചൊടിപ്പിച്ചത്. കളിയിൽനിന്ന് ഏറെക്കാലം വിട്ടുനിന്നശേഷം തിരിച്ചെത്തുന്നവരെ യുഎസിൽ കർശനമായ പരിശോധനയ്ക്കു വിധേയമാക്കാറുണ്ട്.