യുഎസ് ഓപ്പൺ: നദാൽ, മറെ, വാവ്റിങ്ക മുന്നോട്ട്

റാഫേൽ നദാൽ (ഫയൽ ചിത്രം)

ന്യൂയോർക്ക്∙ നിലവിലെ ചാംപ്യൻ റാഫേൽ നദാൽ, ബ്രിട്ടിഷ് താരം ആൻഡി മറെ, സ്വിസ് താരം സ്റ്റാൻ വാവ്റിങ്ക, അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പോട്രോ എന്നിവർ യുഎസ് ഓപ്പൺ ടെന്നിസ് രണ്ടാം റൗണ്ടിൽ. സ്പാനിഷ് താരം ഡേവിഡ് ഫെറർക്കെതിരെ നദാൽ 6–3,4–3നു മുന്നിട്ടു നിൽക്കെ പരുക്കിനെത്തുടർന്ന് ഫെറർ പിന്മാറുകയായിരുന്നു. ഇതു തന്റെ അവസാന ഗ്രാൻസ്‌ലാമാണെന്ന പ്രഖ്യാപനത്തോടെയാണു മുപ്പത്തിയാറുകാരനായ ഫെറർ വേദി വിട്ടത്.

അമേരിക്കയുടെ ഡോണൾഡ് യങ്ങിനെ 6–0, 6–3, 6–4 നാണ് ഡെൽപോട്രോ തകർത്തത്. ഓസ്ട്രേലിയയുടെ ജയിസ് ഡക്ക്‌വർത്തിനെതിരെ 6–7, 6–3, 7–5, 6–3നാണു മറേയുടെ ജയം. 2016ലെ ചാപ്യൻ വാവ്റിങ്ക 6–3, 6–2, 7–5നു ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെ കീഴടക്കി. ഗ്രീസിന്റെ 15–ാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനോട് 6–3,7–6, 6–4നു തോറ്റ് സ്പെയിനിന്റെ ടോമി റൊബ്രിഡോയും പുറത്തായി.