എന്റെ പോയിന്റ് മോഷ്ടിച്ചു, നിങ്ങൾ കള്ളനാണ്: അംപയറോട് സെറീന

ചെയർ അംപയർ റാമോസുമായി സംസാരിക്കുന്ന സെറീന വില്യംസ്.

ന്യൂയോർക്ക്∙ ഒരു ജപ്പാൻ താരം ആദ്യമായി കിരീടം ചൂടിയതിലൂടെ ചരിത്രത്തിന്റെ ഭാഗമായ യുഎസ് ഓപ്പൺ സിംഗിൾസ് ഫൈനലിൽ അകമ്പടിയായി വിവാദവും. മൽസരത്തിനിടെ യുഎസ് താരം സെറീന വില്യംസും ചെയർ അംപയർ കാർലോസ് റാമോസും തമ്മിൽ ഉടലെടുത്ത തർക്കമാണ് മൽസരത്തിന് വിവാദ ഛായ പകർന്നത്. മൽസരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് സെറീനയെ തോൽപ്പിച്ച ജപ്പാൻ താരം നവോമി ഒസാക്ക കിരീടം ചൂടിയിരുന്നു. 6–2, 6–4 എന്ന സ്കോറിനായിരുന്നു ഒസാക്കയുടെ വിജയം.

അംപയർ തന്നോടു പക്ഷപാതപരമായി പെരുമാറിയെന്ന സെറീനയുടെ ആരോപണത്തെ പിന്തുണച്ച് മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഒരു സ്ത്രീ ആയതുകൊണ്ടു മാത്രമാണ് അംപയർ തന്നോട് ഇത്തരത്തിൽ പെരുമാറിയതെന്ന് സെറീന ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, മൽസരശേഷം സമ്മാനദാനത്തിനിടെ കിരീടജേതാവായ നവോമി ഒസാക്കയെ കൂകിയ കാണികളെ അതിൽനിന്നു വിലക്കിയും സെറീന ശ്രദ്ധ കവർന്നു. നവോമിയുടെ കിരീട വിജയം എന്നെന്നും ഓർമിക്കത്തക്കതാക്കാൻ ഒരുമിച്ചു ശ്രമിക്കാമെന്നായിരുന്നു കണ്ണീരിനിടെ സെറീനയുടെ വാക്കുകൾ. സെറീനയുടെ നടപടിയെ ശ്ലാഘിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.

അതേസമയം, കിരീടം നേടിയ നവോമി ഒസാകയെ അഭിനന്ദിച്ച വനിതാ ടെന്നിസ് അസോസിയേഷൻ, ചില കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

∙ സംഭവം ഇങ്ങനെ

ഫൈനലിനിടെ സെറീനയ്ക്ക് പരിശീലകൻ നിർദ്ദേശം നൽകിയെന്ന് ചൂണ്ടിക്കാട്ടി ചെയർ അംപയർ കാർലോസ് റാമോസ് മുന്നറിയിപ്പു നൽകിയതിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ആദ്യ സെറ്റ് നഷ്ടമായ സെറീന, രണ്ടാം സെറ്റിൽ മൽസരത്തിലേക്കു തിരിച്ചുവരാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. ഗ്രാൻസ്‍ലാം ടൂർണമെന്റുകളിൽ മൽസരത്തിനിടെ താരങ്ങൾക്ക് പരിശീലകർ നിർദ്ദേശങ്ങൾ നൽകുന്നത് അനുവദനീയമല്ല. രണ്ടാം സെറ്റിന്റെ രണ്ടാം ഗെയിമിനിടെയാണ് പരിശീലകൻ സെറീനയ്ക്ക് നിർദ്ദേശം നൽകിയെന്ന് ചൂണ്ടിക്കാട്ടി റാമോസ് ഇടപെട്ടത്. സംഭവം നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം സെറീനയ്ക്ക് ആദ്യ മുന്നറിയിപ്പും പുറപ്പെടുവിച്ചു. ഇതിനെതിരെ സെറീന പ്രതിഷേധിച്ചിരുന്നു.

രണ്ടാം സെറ്റിൽ 3–1ന് മുന്നിൽ നിന്നിരുന്ന സെറീന ഈ സംഭവത്തിനു പിന്നാലെ തുടർച്ചയായി പോയിന്റുകൾ നഷ്ടമാക്കി. ഇതോടെ ക്രുദ്ധയായ സെറീന റാക്കറ്റ് വലിച്ചെറിഞ്ഞതോടെ അംപയർ വീണ്ടും ഇടപെട്ടു. നിയമലംഘനം ചൂണ്ടിക്കാട്ടി സെറീനയ്ക്ക് രണ്ടാമത്തെ മുന്നറിയിപ്പും അംപയർ നൽകി. സെറീനയ്ക്ക് ഒരു പോയിന്റു നഷ്ടമാകുകയും ചെയ്തു. ഇതോടെ നിയന്ത്രണം നഷ്ടമായ സെറീന മൽസരത്തിനിടെ പരിശീലകൻ ഇടപെട്ടതിന്റെ പേരിൽ നൽകിയ മുന്നറിയിപ്പു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.

‘ജീവിതത്തിൽ ഇന്നേ വരെ ഞാൻ വഞ്ചന കാട്ടിയിട്ടില്ല. നിങ്ങൾ എന്നോടു മാപ്പു പറയണം’ – സെറീന അംപയറിനോട് ആവശ്യപ്പെട്ടു. അദ്ദേഹം ഇടയ്ക്ക് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ‘എന്നോടു മിണ്ടണ്ട’ എന്ന് സെറീന വിലക്കിയതോടെ അദ്ദേഹം നിശബ്ദനായി.

‘നിങ്ങൾ എന്റെ ഒരു പോയിന്റ് കവർന്നെടുത്തു. കള്ളനാണ് നിങ്ങൾ’ എന്ന് വീണ്ടും സെറീന ആവർത്തിച്ചതോടെ അംപയർ മൂന്നാമത്തെ മുന്നറിയിപ്പും പുറപ്പെടുവിച്ചു. പെനൽറ്റി പോയിന്റുകളിൽ ഗെയിം നഷ്ടമായ സെറീന 5–3ന് പിന്നിലാവുകയും ചെയ്തു. ഇതിനു പിന്നാലെ ഇരു താരങ്ങളെയും വിളിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ അംപയർ ശ്രമിച്ചെങ്കിലും സെറീന വഴങ്ങിയില്ല. ടൂർണമെന്റ് റഫറി ബ്രയാൻ ഏർലിയോടു സംസാരിക്കണമെന്നായിരുന്നു സെറീനയുടെ ആവശ്യം.

ഇതോടെ ഗ്രാൻസ്‌ലാം സൂപ്പർവൈസർക്കൊപ്പം ഏർലി കളത്തിലെത്തി. അംപയറിന്റെ പെരുമാറ്റത്തിനെതിരെ പരാതിപ്പെട്ട സെറീന, പല തവണയായി ഇത്തരം സംഭവങ്ങൾ തനിക്കെതിരെ ആവർത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ‘അംപയർ ചെയ്തതു ശരിയല്ല’ എന്നു പറഞ്ഞിതിന്റെ പേരിൽ തനിക്ക് ഗെയിം തന്നെ നഷ്ടമായെന്നും സെറീന ചൂണ്ടിക്കാട്ടി. അംപയർമാർക്കെതിരെ സംസാരിച്ച പുരുഷ താരങ്ങൾ ഒട്ടേറെയുണ്ടെങ്കിലും അവർക്കൊന്നും ഇത്തരം നടപടികൾ നേരിടേണ്ടി വന്നിട്ടില്ലെന്നും സെറീന ആരോപിച്ചു. ഇതിനു പിന്നാലെ കാര്യമായ അദ്ഭുതങ്ങളൊന്നും കൂടാതെ 6–4ന് സെറ്റും കിരീടവും ഒസാക്ക സ്വന്തമാക്കുകയും ചെയ്തു.

ഗ്രാൻസ്‍ലാം വേദിയിൽ തുടർച്ചയായ രണ്ടാം ഫൈനൽ തോൽവിയാണ് സെറീനയ്ക്കിത്. 2017ലെ യുഎസ് ഓപ്പണിന്റെ സമയത്താണ് സെറീനയ്ക്കു കുഞ്ഞു ജനിച്ചത്. ഇതിനുശേഷം കളത്തിലേക്ക് തിരിച്ചെത്തിയ സെറീന ഇക്കഴിഞ്ഞ ജൂലൈയിൽ വിംബിൾഡൻ ഫൈനലിലും കടന്നിരുന്നെങ്കിലും ഫൈനലിൽ തോറ്റു.

∙ ഫൈനലുകളിലെ സ്ഥിരസാന്നിധ്യം

ഗ്രാൻസ്‍ലാം ഫൈനലുകളിൽ കന്നിക്കാരനല്ലെങ്കിലും യുഎസ് ഓപ്പൺ സിംഗിൾസ് ഫൈനലിൽ നിയന്ത്രിക്കാൻ റാമോസ് എത്തുന്നത് ഇതാദ്യമാണ്. 2005ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലും 2018ലെ വിംബിൾഡൻ ഫൈനലും നിയന്ത്രിച്ചത് റാമോസായിരുന്നു. പുരുഷവിഭാഗത്തിൽ ഏഴ് ഗ്രാൻസ്‌ലാം ഫൈനലുകൾ നിയന്ത്രിച്ചിട്ടുള്ള താരമാണ് റാമോസ്. 2012 ലണ്ടൻ ഒളിംപിക്സ് പുരുഷവിഭാഗം സിംഗിൾസ് ഫൈനലും നിയന്ത്രിച്ചത് റാമോസാണ്.

ഈ വർഷത്തെ യുഎസ് ഓപ്പണിൽ ചെയർ അംപയർ വിവാദത്തിൽപ്പെടുന്നത് നടാടെയല്ല. മൽസരത്തിനിടെ വസ്ത്രം അഴിച്ച് തിരിച്ചിട്ട ഫ്രഞ്ച് താരം ആലിസ് കോർനെറ്റിന് താക്കീത് നൽകിയ അംപയറും വിവാദത്തിൽപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ യുഎസ് ഓപ്പൺ അധികൃതർ കോർനെറ്റിനോടു മാപ്പു പറഞ്ഞിരുന്നു. കോർട്ടിൽ വച്ച് വസ്ത്രം മാറുന്ന പുരുഷൻമാർക്ക് നൽകാത്ത എന്ത് താക്കീതാണ് സ്ത്രീകൾക്ക് ബാധകം എന്ന വിമർശനമുയർത്തി ഒട്ടേറെപ്പേര് രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു ഇത്.

∙ കേട്ടുകേൾവിയില്ലാത്ത കാര്യമെന്ന് മോർട്ടോഗ്ലോ

അതേസമയം, മൽസരത്തിനിടെ സെറീനയ്ക്ക് താൻ നിർദ്ദേശം നൽകിയതിന്റെ പേരിൽ മുന്നറിയിപ്പു നൽകിയ സംഭവത്തിനെതിരെ സെറീനയുടെ പരിശീലകൻ പാട്രിക് മോർട്ടോഗ്ലോ രംഗത്തെത്തി. ഇത് എല്ലായ്പ്പോഴും സംഭവിക്കുന്നതാണെന്നും മൽസരത്തിനിടെ ഒസാക്കയുടെ പരിശീലകനും നിർദ്ദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്നും മോർട്ടോഗ്ലോ ചൂണ്ടിക്കാട്ടി.

റാഫേൽ നദാൽ കളിച്ചിട്ടുള്ള മിക്ക ഫൈനലുകളും ഇതേ അംപയർ നിയന്ത്രിച്ചിട്ടുണ്ടെന്നും റാഫയുടെ പരിശീലകനെ വിലക്കിയതായോ റാഫയെ താക്കീതു നൽകിയതായോ കേട്ടിട്ടില്ലെന്നും മോർട്ടോഗ്ലോ ചൂണ്ടിക്കാട്ടി. സെറീനയ്ക്കെതിരെ മാത്രം നടപടി എടുത്തത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ ഇതുവരെ ഇത്തരമൊരു സംഭവത്തിന് എന്നെ ആരും ശിക്ഷിച്ചിട്ടില്ല. നിങ്ങൾക്ക് രേഖകൾ പരിശോധിക്കാം – മോർട്ടോഗ്ലോ പറഞ്ഞു.

∙ കൂകിയ കാണികളെ വിലക്കി സെറീന

അതേസമയം, മൽസരശേഷം സമ്മാനദാനത്തിനിടെ കാണികളിൽ ചിലർ ഒസാക്കയെ പരിഹസിച്ച് കൂകിയെങ്കിലും താരത്തിന് പിന്തുണയുമായി സെറീന നേരത്ത് രംഗത്തെത്തി. ഒസാക്കയുടെ തോളിൽ കയ്യിട്ട് കാണികളോടായി സെറീന പറഞ്ഞു. ഇവിടെ സംഭവിച്ച കാര്യങ്ങൾ തീർച്ചയായും നിർഭാഗ്യകരമാണ്. എങ്കിലും ഈ നിമിഷം നമുക്ക് ഏറ്റവും സന്തോഷപ്രദമാക്കി മാറ്റാം. കാര്യങ്ങളെ ക്രിയാത്മകമായി സമീപിക്കാം. നവോമിക്ക് അഭിനന്ദനങ്ങൾ. ഇനിയാരും കൂകരുത്. വീണ്ടും ഇവിടെ വന്ന് കളിക്കാനാകുമെന്നാണ് പ്രതീക്ഷ. നമുക്കു കാണാം – സെറീന കൂട്ടിച്ചേർത്തു.

ഒസാക്കയുടെ മറുപടി ഇങ്ങനെ: എന്നോടു ക്ഷമിക്കണം. എല്ലാവരും സെറീനയ്ക്കു വേണ്ടിയാണ് ആർപ്പുവിളിച്ചതെന്ന് എനിക്കറിയാം. എങ്കിലും നിങ്ങളുടെ പ്രോത്സാഹനങ്ങളെ ഈ വിധത്തിൽ അവസാനിപ്പിക്കേണ്ടി വന്നതിൽ എനിക്കു വിഷമമുണ്ട്. മൽസരം കാണാനെത്തിയ എല്ലാവർക്കും നന്ദി.

യുഎസ് ഓപ്പൺ ഫൈനലിൽ സെറീനയ്ക്കെതിരെ കളിക്കുകയെന്നത് എന്റെ ജീവിതാഭിലാഷമായിരുന്നു. അതു സംഭവിച്ചതില്‍ എനിക്കു സന്തോഷമുണ്ട്. നിങ്ങൾക്കെതിരെ കളിക്കാനായതിൽ നന്ദിയുണ്ട് – സെറീനയോടായി ഒസാക്ക പറഞ്ഞു.