Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെറീന ആദ്യ ഗ്രാൻസ്‍‌ലാം നേടുമ്പോൾ നവോമിക്ക് ഒരു വയസ്സ്; ഇന്ന് 27.5 കോടി സമ്മാനം!

naomi-osaka-serena യുഎസ് ഓപ്പൺ കിരീടം ചൂടിയ നവോമി ഒസാക സെറീന വില്യംസിനൊപ്പം.

ന്യൂയോർക്ക്∙ യുഎസ് ഓപ്പണിന്റെ വനിതാ സിംഗിൾസ് ഫൈനലിൽ യുഎസ് സൂപ്പർതാരം സെറീന വില്യംസും ചെയർ അംപയർ കാർലോസ് റാമോസും തമ്മിലുണ്ടായ വാക്‌പോരിൽ അധികമാരും ശ്രദ്ധിക്കാതെ പോയൊരു നേട്ടമുണ്ട്. ഗ്രാൻസ്‍ലാം കിരീടം നേടുന്ന ആദ്യ ജപ്പാൻ താരമെന്ന ഖ്യാതിയോടെ യുഎസ് ഓപ്പണിൽ മുത്തമിട്ട ഇരുപതുകാരി നവോമി ഒസാകെയുടെ ചരിത്രനേട്ടം. നേരിട്ടുള്ള സെറ്റുകളിൽ സെറീനയെ വീഴ്ത്തി കിരീടത്തിൽ മുത്തമിട്ട നവോമി ഒസാക, ഇരുപതാം സീഡ് താരമായിരുന്നു. 24 ഗ്രാൻസ്‍ലാം കിരീടങ്ങളുമായി ഇതിഹാസതാരം മാർഗരറ്റ് കോർട്ടിനൊപ്പം എത്താനുള്ള സുവർണാവസരമാണ് ഇതോടെ സെറീനയ്ക്ക് നഷ്ടമായത്.

1991ൽ 34 വയസ്സുണ്ടായിരുന്ന മാർട്ടീന നവരത്‌ലോവയും പതിനേഴു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന മോണിക്ക സെലസ്സും തമ്മിൽ ഏറ്റുമുട്ടിയ ശേഷം ഗ്രാൻസ്‍ലാം ഫൈനലിൽ കണ്ടുമുട്ടുന്ന ഏറ്റവും പ്രായവ്യത്യാസമുള്ള താരങ്ങളാണ് 36 വയസ്സുള്ള സെറീനയും ഇരുപതുകാരിയായ നവോമിയും. യുഎസ് ഓപ്പൺ ജയിച്ചതോടെ 27.5 കോടിയോളം രൂപയാണ് നവോമിക്കു സമ്മാനമായി ലഭിക്കുക.

നവോമിയെക്കുറിച്ച് ചില കാര്യങ്ങൾ

∙ ചെറുപ്പം മുതൽക്കേ സെറീന വില്യംസിന്റെ കടുത്ത ആരാധികയാണ് ഈ ജാപ്പനീസ് താരം. സെറീനയെയും സഹോദരി വീനസിനെയും ടെന്നിസ് താരങ്ങളാക്കി വളർത്തുന്നതിന് ഇവരുടെ പിതാവ് റിച്ചാർഡ് വില്യംസ് ചെയ്ത കാര്യങ്ങൾ മനസിലാക്കി തന്റെ മകൾക്കു വേണ്ടിയും അതുപോലെ ചെയ്ത വ്യക്തിയാണ് നവോമിയുടെ പിതാവ് ലിയനാർഡ്. സെറീനയെപ്പോലെ ഡീപ് ഗ്രൗണ്ട് സ്ട്രോക്കുകളും വലിയ സർവുകളും ആക്രമണോത്സുകതയും കൈമുതലായുള്ള താരമാണ് നവോമി.

സെറീന തന്റെ ആദ്യ ഗ്രാൻസ്‍ലാം കിരീടം ചൂടുമ്പോൾ വെറും ഒരു വയസ്സായിരുന്നു നവോമിയുടെ പ്രായം. തുടർച്ചയായ രണ്ടാം മൽസരത്തിലാണ് നവോമി സെറീനയെ തോൽപ്പിക്കുന്നതെന്നതും ശ്രദ്ധേയം. മകൾ ഒളിംപിയയ്ക്കു ജന്മം നൽകിയശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയശേഷമുള്ള നാലാമത്തെ മൽസരത്തിൽ സെറീനയുടെ എതിരാളി നവോമിയായിരുന്നു. മിയാമി ഓപ്പണിലായിരുന്നു ഇത്. അന്നും 6–3, 6–2 എന്ന സ്കോറിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സെറീനയുടെ ജയം.

∙ ജപ്പാനിലെ ഒസാകയിലാണ് ജനിച്ചതെങ്കിലും ന്യൂയോർക്കിന്റെ പുത്രി കൂടിയാണ് നവോമി. ഇവരുടെ പിതാവ് ഹെയ്തി പൗരനാണ്. മാതാവ് ജപ്പാൻകാരിയും. എങ്കിലും ചെറുപ്രായത്തിൽത്തന്നെ പിതാവിന്റെ മാതാപിതാക്കൾക്കൊപ്പം ന്യൂയോർക്കിലെ ലോങ് ഐലൻഡിലേക്ക് നവോമി താമസം മാറി. അവിടെ പൊതു മൈതാനങ്ങളിൽ കളിച്ചാണ് നവോമിയുടെ ടെന്നിസ് കരിയറിന്റെ തുടക്കം. എട്ടാം വയസ്സിൽ കൂടുതൽ പരിശീലനങ്ങൾക്കായി ഫ്ലോറിഡയിലേക്കു മാറിയെങ്കിലും ന്യൂയോർക്കിലാണ് നവോമിയുടെ ടെന്നിസ് കരിയറിന്റെ ആരംഭം.

∙ നവോമിയുടെ കരിയറിൽ ഇതുവരെയുള്ള ഏറ്റവും മികച്ച നേട്ടമാണ് യുഎസ് ഓപ്പൺ കിരീടം. കരിയറിൽ ഇതുവരെ നേടിയതിലും വലിയ തുകയാണ് യുഎസ് ഓപ്പൺ ജേതാവായതിലൂടെ നവോമിക്കു ലഭിക്കുക. ഏതാണ്ട് 27.5 കോടിയോളം രൂപയാണ് നവോമിക്കുള്ള സമ്മാനത്തുക. സെറീനയെ വീഴ്ത്തി കിരീടം നേടിയതോടെ ടെന്നിസ് ലോകത്ത് ശ്രദ്ധാകേന്ദ്രമായ നവോമിയുടെ പരസ്യവരുമാനവും ഇനി കുതിച്ചുകയറും. ഇക്കുറി പുരുഷവിഭാഗം സിംഗിൾസ് സെമിയിൽ തോറ്റു പുറത്തായ ജപ്പാന്റെ തന്നെ കെയ് നിഷികോരി 2017ൽ പരസ്യത്തിൽനിന്നു മാത്രം സ്വന്തമാക്കിയത് 34.6 മില്യൻ ഡോളറാണ്.

∙ ആതിഥേയ താരം സെറീനയെ തോൽപ്പിച്ച് കിരീടം ചൂടിയശേഷം ‘എന്നോടു ക്ഷമിക്കണം’ എന്നായിരുന്നു കാണികളോടുള്ള നവോമിയുടെ അഭ്യർഥന. സെറീനയ്ക്കായി അലറിവിളിച്ച കാണികൾ, അംപയറും സെറീനയും തമ്മിൽ തർക്കമുണ്ടായതോടെ അംപയറിനെതിരെയും കൂകിവിളിച്ചിരുന്നു. സമ്മാനദാനത്തിന്റെ സമയത്തും കൂകൽ തുടർന്നതോടെ സെറീന നേരിട്ട് അഭ്യർഥിച്ചാണ് കാണികളെ ശാന്തരാക്കിയത്. നവോമിയുെട കിരീടവിജയം നമുക്ക് എന്നെന്നും ഓർമിക്കത്തക്കതാക്കാം എന്നായിരുന്നു കണ്ണീരോടെയുള്ള സെറീനയുടെ വാക്കുകൾ.

∙ ഒക്ടോബറിൽ 21 വയസ്സു പൂർത്തിയാകുന്ന നവോമി, പുതിയ ടെന്നിസ് റാങ്കിങ്ങിൽ കരിയറിൽ ആദ്യമായി ആദ്യ പത്തിനുള്ളിൽ എത്തും. യുഎസ് ഓപ്പൺ ജയിച്ചതോടെ നവോമി ഏഴാം സ്ഥാനത്താണ് എത്തുക. വർഷാവസാനം നടക്കുന്ന ഡബ്ല്യുടിഎ ഫൈനൽസിലും ഇടംപിടിക്കാൻ ഈ നേട്ടം നവോമിയെ സഹായിക്കും.