Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിനാലാം രാവ് ; ജോക്കോവിച്ചിന് 14–ാം ഗ്രാൻസ്ലാം കിരീടം

sp-djokovic നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടവുമായി

ന്യൂയോർക്ക് ∙ നൊവാക് ജോക്കോവിച്ചിന്റെ ‘ക്ലാസി’നു മുന്നിൽ യുവാൻ മാർട്ടിൻ ഡെൽപോട്രോ ഗ്ലാസ് പോലെ വീണുടഞ്ഞു. അർജന്റീന താരത്തെ കളി പഠിപ്പിച്ച പ്രകടനത്തോടെ സെർബ് താരത്തിന് മൂന്നാം യുഎസ് ഓപ്പൺ കിരീടം. (6–3, 7–6, 6–3). 14–ാം ഗ്രാൻസ്ലാം നേട്ടത്തോടെ ജോക്കോവിച്ച് അമേരിക്കൻ താരം പീറ്റ് സാംപ്രാസിന് ഒപ്പമെത്തി. 

ഇനി മുന്നിലുള്ളത് റാഫേൽ നദാലും (17), റോജർ ഫെഡററും (20) മാത്രം. പരുക്കിനെത്തുടർന്ന് ദീർഘകാലമായി വിട്ടു നിന്നതിനു ശേഷം തിരിച്ചെത്തിയ ജോക്കോവിച്ചിന്റെ ഈ വർഷത്തെ രണ്ടാം ഗ്രാൻസ്ലാം കിരീടമാണിത്. നേരത്തേ വിമ്പിൾഡനും ജോക്കോ സ്വന്തമാക്കിയിരുന്നു. 

2009ൽ യുഎസ് ഓപ്പൺ സ്വന്തമാക്കിയ ശേഷം നിരന്തരമായ പരുക്കുകൾ കൊണ്ട് കരിയർ തന്നെ അപകടത്തിലായ ഡെൽപോട്രോയുടെയും മടങ്ങിവരവിലെ പ്രധാന ടൂർണമെന്റുകളിലൊന്നായിരുന്നു ഈ യുഎസ് ഓപ്പൺ. 

എന്നാൽ എങ്ങനെ പരുക്കിനെ തോൽപിക്കാം എന്നതിനൊപ്പം എങ്ങനെ വിജയങ്ങൾ ശീലമാക്കാം എന്നതും ജോക്കോവിച്ച് ഡെൽപോട്രോയെ പഠിപ്പിച്ചു. രണ്ടാം സെറ്റിന്റെ തുടക്കത്തിൽ മാത്രമാണ് ഡെൽപോട്രോ ജോക്കോവിച്ചിന്റെ ആധിപത്യത്തെ ഒന്നു വെല്ലുവിളിച്ചത്. എന്നാൽ സെറ്റ് തീർത്തു കളയാനുള്ള വീര്യം മൂന്നാം സീഡ് താരത്തിനുണ്ടായില്ല. 

ടൂർണമെന്റിലാകെ രണ്ടു സെറ്റ് മാത്രം നഷ്ടപ്പെടുത്തി ഫൈനലിലേക്കു കുതിച്ചെത്തിയ ജോക്കോ ഫൈനലിലും മികച്ച പ്രകടനം തുടർന്നു. തലേന്ന് സെറീന വില്യംസ് കലഹം കൊണ്ട് ചൂടുപിടിപ്പിച്ച കോർട്ടിനെ തന്റെ ക്ലാസ് കൊണ്ടാണ് ജോക്കോ ശാന്തമാക്കിയത്. 

ഗാലറിയിൽ തന്റെ ബാല്യകാല സുഹൃത്തുക്കളുടെ ആരവത്തോടെ ബേസ് ലൈനിൽ ഉറച്ചു നിന്ന് ഡെൽപോട്രോ പൊരുതിയെങ്കിലും മികവിലും തികവിലും ഒപ്പമെത്തിയില്ല. പരാജയത്തിനു ശേഷം കരഞ്ഞാണ് ഡെൽപോട്രോ കളം വിട്ടത്. 

ടെക്സ്റ്റ് ബുക്ക് ശൈലിയിലുള്ള ആദ്യ സെറ്റിൽ ഒരേയൊരു ബ്രേക്ക് പോയിന്റ് മാത്രമാണ് ഉണ്ടായത്. അതു സ്വന്തമാക്കിയ ജോക്കോ അടുത്ത ഗെയിമിൽ സെറ്റും സ്വന്തമാക്കി. രണ്ടാം സെറ്റിന്റെ തുടക്കത്തിലും ജോക്കോവിച്ച് ബ്രേക്ക് ചെയ്തു കയറിയെങ്കിലും ഡെൽപോട്രോ അതുപോലെ തിരിച്ചുവന്നു. 20 മിനിറ്റ് നീണ്ട എട്ടാം ഗെയിമാണ് പിന്നീട് കളി നിർണയിച്ചത്. 

സെർവ് കൈവിടാതെ പിടിച്ചുനിന്ന ജോക്കോവിച്ച് ഡെൽപോട്രോയെ കാഴ്ചക്കാരനാക്കി സെറ്റും സ്വന്തമാക്കി. ഡെൽപോട്രോ ഹതാശനായതോടെ അവസാന സെറ്റ് ചടങ്ങുതീർക്കൽ മാത്രമായി. ഡെൽപോട്രോയ്ക്കെതിരായ 19–ാം മൽസരത്തിൽ ജോക്കോവിച്ചിന്റെ 15–ാം ജയമാണിത്.