കോർട്ടിൽ നിന്നു വിട്ടുനിന്ന കാലത്ത് ജോക്കോവിച്ച് എന്തു ചെയ്യുകയായിരുന്നു?

ജോക്കോവിച്ചും ഭാര്യ യെലോനയും.

ഒരു വർഷത്തോളം കോർട്ടിൽ നിന്നു വിട്ടുനിന്ന കാലത്ത് നൊവാക് ജോക്കോവിച്ച് എന്തു ചെയ്യുകയായിരുന്നു? മലകയറുകയായിരുന്നു– മനസ്സു കൊണ്ടും ശരീരം കൊണ്ടും! ഫെഡറർ–നദാൽ വൈരത്തെ വെല്ലുവിളിച്ച് ലോക ടെന്നിസിലേക്ക് ഒരു എയ്സ് പോലെയെത്തിയ സെർബ് താരത്തിനു മുന്നിൽ ആദ്യം കടമ്പയായി വന്നു നിന്നത് കൈമുട്ടിനേറ്റ പരുക്കാണ്. വിജയങ്ങൾ ശീലമാക്കുന്നതിനിടെ വന്ന നീണ്ട വിശ്രമം ജോക്കോവിച്ചിനെ വിഷാദവാനാക്കി. തോൽവികൾ തുടർക്കഥയായി. 

 ജോക്കോവിച്ചിന് എന്തു പറ്റി എന്ന് ലോകം ആശ്ചര്യം കൊണ്ടപ്പോൾ ജോക്കോ ഭാര്യ ജെലേനയെയും കൊണ്ട് ഒരു യാത്ര പോയി. കവികളെയും യുദ്ധവീരൻമാരെയും ഒരുപോലെ മോഹിപ്പിച്ച ആൽപ്സ് പർവത നിരകളിലേക്ക്. മൂന്നു മണിക്കൂർ അത്യധ്വാനത്തിനു ശേഷം ആൽപ്സിലെ സെന്റ് വിക്ടോയ്ർ പർവതത്തിനു മുകളിൽ നിന്ന് ജോക്കോവിച്ച് താഴേക്കു നോക്കി: ‘‘ പുതിയൊരു കാഴ്ച! എന്റെ ചിന്തകൾ മാറി. കരിയറിനെക്കുറിച്ചും ജീവിതത്തിനെക്കുറിച്ചും..!’’ പുതുക്കിപ്പണിതൊരു മനസ്സുമായി ജോക്കോവിച്ച് മലയിറങ്ങി. ശേഷം വീണ്ടും ലോക ടെന്നിസിലെ കൊടുമുടി കയറി. ആദ്യം വിമ്പിൾഡൻ, പിന്നെ യുഎസ് ഓപ്പൺ! 

റോജർ ഫെഡററെയോ റാഫേൽ നദാലിനെപ്പോലെയോ ‘ഫാൻ അപ്പീൽ’ ഉള്ള താരമല്ല ഈ സെർബിയക്കാരൻ. ഫെഡറർക്കും നദാലിനും പണ്ടേ ചാർത്തിക്കൊടുത്ത മഹത്വത്തിന്റെ സർട്ടിഫിക്കറ്റ് വളരെ വൈകിയാണ് അർധമനസ്സോടെയെ ങ്കിലും ടെന്നിസ് ലോകം ജോക്കോവിച്ചിനു നൽകിയത്. എന്തുകൊണ്ടാണത്? ജോക്കോവിച്ചിന്റെ മുൻ കോച്ച് ബോറിസ് ബെക്കർ തന്നെ വിശേഷിപ്പിച്ചതുപോലെ ഒരു തരം ‘ബാൾക്കൻ അരൊഗൻസ്’ ജോക്കോവിച്ചിന്റെ ശരീരഭാഷയിലുള്ളതു കൊണ്ടാവാമത്. ജയിച്ചതിനുശേഷം നെഞ്ചിൽ തല്ലുകയും അലറുകയും ചെയ്യുന്ന ജോക്കോവിച്ചിനെ പലർക്കും ഇഷ്ടമല്ല.

സുന്ദരമായ ഒരു സ്വപ്നം– ഫെ‍ഡറർ അല്ലെങ്കിൽ നദാൽ കിരീ  ടം നേടുക– എന്നത് സ്ഥിരമായി മുടക്കുന്ന ഒരാളാണ് പലർക്കും ഈ സെർബ് താരം. ജോക്കോവിച്ച് ജയിക്കുന്നു എന്നതു കൊണ്ടു മാത്രമാണ് അയാളെ ഇഷ്ടപ്പെട്ടു പോകുന്നത്. ‘ഇഷ്ടപ്പെട്ടു പോവുക’ എന്നത് മനഃപൂർവം പറഞ്ഞതു തന്നെയാണ്. അറിയാതെ ഇഷ്ടപ്പെടുന്നതല്ല അത്.നന്നായി പഠിക്കുന്നവരെ ഇഷ്ടപ്പെടുന്നവര്‍ കുറവാണ് എന്നു പറഞ്ഞതുപോലെ തന്നെയാണ് ഇത്.

ആസൂത്രണത്തോടെ രൂപപ്പെട്ടതാണ് ജോക്കോവിച്ചിന്റെ കരിയർ. ബാല്യകാല കോച്ചായിരുന്ന യെലേന ജെനെസിച് ജോക്കോവിച്ചിനെ കണ്ടെത്തിയ കാര്യം വിവരിക്കുന്നുണ്ട്: സെർബിയയിലെ മലയോര റിസോർട്ടായിരുന്ന കോപവോനികിൽ ടെന്നിസ് ക്യാംപ് നടത്തിയിരുന്ന മോണിക്ക സെലസിന്റെയും ഗൊരാൻ ഇവാനിസെവിച്ചിന്റെയും കരിയറിൽ നിർണായക പങ്കു വഹിച്ച യെലേന.  കൊച്ചു ജോക്കോവിച്ചിന്റെ കളി കണ്ട് അവർ അവനെ ക്യാംപിലേക്കു ക്ഷണിച്ചു. കൃത്യ സമയത്തുതന്നെ ഒരു ബാഗുമായി ജോക്കോ എത്തി. ബാഗിൽ ഒരു റാക്കറ്റ്, വെള്ളക്കുപ്പി, ടൗവ്വൽ, വാഴപ്പഴം, എക്സ്ട്രാ ഷർട്ട്, തൊപ്പി–പരീക്ഷയ്ക്ക് എല്ലാ മുൻകരുതലുമെടുത്ത് എത്തുന്ന വിദ്യാർഥിയെപ്പോലെ. ഇത് അമ്മ തയാറാക്കിത്തന്നതാണോ എന്ന ചോദ്യത്തിന് ‘അല്ല, ഞാൻ ടിവിയിൽ ഇതെല്ലാം കണ്ടിട്ടുണ്ട്’ എന്നായിരുന്നു ജോക്കോവിച്ചിന്റെ മറുപടി.