Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലക്സാണ്ടർ ദ് ഗ്രേറ്റ്

Alexander–Zverev അലക്സാണ്ടർ സ്വരേവ്

ടെന്നിസിൽ അപ്രാപ്യമെന്ന് അലിഖിതമായി പറഞ്ഞുവച്ച ചില സംഗതികളുണ്ട്. സാധിക്കുമെന്നു തോന്നുമെങ്കിലും ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത ചില കാര്യങ്ങൾ. ഫ്ര‍ഞ്ച് ഓപ്പണിൽ റാഫേൽ നദാലിനെ മറികടക്കുന്നതാണ് അതിലൊന്ന്. റാക്കറ്റേന്തിയവരിൽ ഏറ്റവും മഹാനെന്ന് ഏവരും സമ്മതിക്കുന്ന റോജർ ഫെഡററെയും ഒരിക്കലും തോൽക്കാൻ മനസ്സില്ലാത്ത നൊവാക് ജോക്കോവിച്ചിനെയും അടുത്തടുത്ത കളികളിൽ കീഴടക്കുന്ന കാര്യമാണ് മറ്റൊന്ന്.

എത്ര മനോഹരമായ, നടക്കാത്ത സ്വപ്നമെന്നു പലരും പറഞ്ഞു തീരുന്നതിനു മുൻപാണ് ജർമനിയിൽ നിന്നുള്ള ഉയരക്കാരൻ പയ്യൻ രണ്ടു വൻമരങ്ങളെയും അരിഞ്ഞു വീഴ്ത്തിയത്. 2018 എടിപി ഫൈനൽസ് കിരീടത്തിൽ ഇരുപത്തൊന്നുകാരൻ അലക്സാണ്ടർ സ്വരേവ് മുത്തമിട്ടു കഴിഞ്ഞിട്ടും ടെന്നിസ് ലോകം ആ നടുക്കത്തിൽനിന്ന് മുക്തമായിട്ടില്ല. സെമിയിൽ ഫെഡററെ തറപറ്റിച്ചപ്പോൾത്തന്നെ നെറ്റി ചുളിച്ചവർക്ക്, ഫൈനലിൽ ജോക്കോവിച്ചിനെയും റഷ്യൻ വംശജൻ വീഴ്ത്തിയപ്പോൾ എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല.

യഥാർഥ പിൻഗാമി

എടിപി ടൂർണമെന്റുകളിൽ പത്തെണ്ണത്തിൽ കിരീടം നേടിയ സ്വരേവ് ഇതിനു മുൻപും ഫെഡററെയും ജോക്കോവിച്ചിനെയും തോൽപിച്ചിട്ടുണ്ട്. ജോക്കോവിച്ചിനെതിരെ 2 ജയം, 2 തോൽവി എന്നിങ്ങനെയും ഫെഡറർക്കെതിരെ 3 ജയം, 3 തോൽവി എന്നിങ്ങനെയാണ് കണക്ക്. നദാലിനെതിരെ 5 കളികളിൽ എല്ലാം തോറ്റു. കഴിഞ്ഞ വർഷം 5 കിരീടങ്ങൾ നേടിയ താരം ഈ വർഷം എടിപി ഫൈനൽസ് അടക്കം 4 ട്രോഫികൾ സ്വന്തമാക്കി. എടിപി സർക്യൂട്ടിൽ ഈ വർഷം കൂടുതൽ വിജയങ്ങൾ നേടിയ താരങ്ങളുടെ കൂട്ടത്തിലും സ്വരേവുമുണ്ട്.

ലെൻഡൽ ഇഫക്ട്

യുഎസ്എസ്ആറിന്റെ താരമായിരുന്ന പിതാവ് അലക്സാണ്ടർ സ്വരേവ് സീനിയറിനെക്കൂടാതെ അടുത്ത കാലത്ത് പരിശീലക സംഘത്തിലെത്തിയ മുൻ ലോക ഒന്നാം നമ്പർ ഇവാൻ ലെൻഡലിന്റെ സ്വാധീനം സ്വരേവിന്റെ കുതിപ്പിൽ നിർണായകമായി. ആക്രമണവും പ്രതിരോധവും ഇടകലർത്തിയുള്ള ശൈലിയിലൂടെ കലാശക്കളിയിൽ ജോക്കോവിച്ചിനെ നിഷ്പ്രഭനാക്കുകയായിരുന്നു. ഫെഡററെയും ജോക്കോവിച്ചിനെയും അട്ടിമറിച്ച യുവതാരം എന്ന നിലയിൽനിന്ന് ‘അലക്സാണ്ടർ ദ് ഗ്രേറ്റ്’ എന്ന് ആരാധകർ വാഴ്ത്തുന്ന മാസ്മരിക വിലാസത്തിലേക്കുള്ള യാത്രയിലെ നിർണായക പോരാട്ടങ്ങളാണ് ഇനി വരാനിരിക്കുന്നത്.

അലക്സാണ്ടർ സ്വരേവ് (ജർമനി)

പ്രായം:                             21 വയസ്സ്

വിളിപ്പേര് :                         സാഷ

ലോക റാങ്ക് :                         4

കളിരീതി  :                      വലംകൈ

ഉയരം :                           6 അടി 6 ഇഞ്ച്

ഭാരം  :                            90 കിലോഗ്രാം


എടിപി കിരീടങ്ങൾ : 10

ഗ്രാൻസ്‍ലാം കിരീടങ്ങൾ : 0

പ്രൈസ് മണി: 14,907,928 ഡോളർ (1,06,52,68,357 രൂപ)

പ്രധാന കിരീടങ്ങൾ: റോജേഴ്സ് കപ്പ്*2017, റോം ഓപ്പൺ 2017, മഡ്രിഡ് ഓപ്പൺ 2018,എടിപി ഫൈനൽസ് 2018

2014: ജൂനിയർ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം
2015: എടിപി സ്റ്റാർ ഓഫ് ടുമോറോ പുരസ്കാരം
2017: കരിയറിലെ മികച്ച റാങ്കിങ്– 3(2107 നവംബർ)
2018: ബോറിസ് ബെക്കറിനു ശേഷം എടിപി ഫൈനൽസ് കിരീടം നേടുന്ന ആദ്യ ജർമൻ താരം


കരുത്ത്

ബാക്ക്ഹാൻഡ് ബോയ്

കരുത്തുറ്റ ബാക്ക്ഹാൻഡാണ് സ്വരേവിനെ അപകടകാരിയാക്കുന്നത്. ഇരു കൈകളും ചേർത്തു തൊടുക്കുന്ന സ്ട്രോക്കുകൾക്കു മുന്നിലാണ് ഒടുവിൽ ഫെഡററും ജോക്കോവിച്ചും വീണത്. കരിയറിന്റെ തുടക്കത്തിൽ അത്ര ഫലപ്രദമല്ലാതിരുന്ന ഫോർഹാൻഡും മെച്ചപ്പട്ടിട്ടുണ്ട്.

ഫാസ്റ്റ് സെർവ്

200 കിലോമീറ്റർ വേഗത്തിൽ മൂളിപ്പറക്കുന്ന ആദ്യ സെർവാണ് വലിയ ആയുധം. ജോക്കോവിച്ചിനെതിരെ ഇത് 217 വരെ എത്തിയിരുന്നു. 6 അടി 6 ഇഞ്ച് ഉയരമുണ്ടെങ്കിലും കോർട്ടിലെ വിവിധ ഭാഗങ്ങളിൽ ഓടിയെത്താൻ സഹായിക്കുന്ന ഫുട്‍വർക്കും ശ്രദ്ധേയം.

റഷ്യൻ ജീൻ

റഷ്യൻ കരുത്തിന്റെ പര്യായമായിരുന്ന മാരത് സാഫിനെ അനുസ്മരിപ്പിക്കുന്ന വേഗം റഷ്യൻ വംശജനായ സ്വരേവും പ്രകടിപ്പിക്കുന്ന. പൊടുന്നനെയുള്ള കുതിപ്പിലും ക്രോസ് കോർട്ട് വിന്നറുകളിലുമെല്ലാം സാഫിൻ സ്പർശം കാണാം.