sections
MORE

പുതുമകളുടെ എയ്സുകൾ പായിച്ച് ഓസ്ട്രേലിയൻ ഓപ്പൺ ഇന്നുമുതൽ

Roger-Federer
SHARE

മെൽബൺ∙ റോഡ് ലേവർ അരീനയിൽ ആദ്യത്തെ സെർവ് മൂളിപ്പറക്കും മുൻപേ മെൽബൺ പാർക്ക് കണ്ണീരണിഞ്ഞുപോയി ഇത്തവണ. രണ്ടാഴ്ചയ്ക്കപ്പുറം വിജയകിരീടം ഉയർത്താൻ റാക്കറ്റു ചുഴറ്റി വന്നവരെപ്പോലും നൊമ്പരപ്പെടുത്തിയത് ഒന്നാന്തരമൊരു ജന്റിൽമാൻ. 3 ഗ്രാൻസ്‌ലാം കിരിടങ്ങളും 2 ഒളിംപിക് മെ‍ഡലുകളുമായി ബ്രിട്ടിഷ് ടെന്നിസിന്റെ പതാകാവാഹകനായിരുന്ന ആൻഡി മറെയുടെ യാത്രാമൊഴിയുടെ ആഘാതത്തിലാണ് താരങ്ങളും ആരാധകരും. ഇടുപ്പിനേറ്റ പരുക്കിൽ നിന്നു മോചനമില്ലെന്ന തിരിച്ചിറിവിൽ ഇതു തന്റെ അവസാന ടൂർണമെന്റ് ആയേക്കുമെന്ന് മറെ ഉറപ്പിച്ചു കഴിഞ്ഞു. സ്വന്തം മണ്ണായ വിമ്പിൾഡനിന്റെ വിശുദ്ധ പുൽത്തകിടിയിൽ എല്ലാം അവസാനിപ്പിച്ചു മടങ്ങണമെന്നാണ് ആഗ്രഹമെങ്കിലും.

പക്ഷേ, ആദ്യ സെർവ് പിറന്നു കഴിഞ്ഞാൽ പിന്നെ എല്ലാം മറക്കുന്ന ആവേശപ്പോരാട്ടങ്ങൾ മാത്രം. ആരാധകരുടെ ശ്രദ്ധ മുഴുവനും നൊവാക് ജോക്കോവിച്ചിലേക്കും സെറീന വില്യംസിലേക്കും തിരിയും. പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നമ്പരായ ജോക്കോവിച്ചും വനിതകളിൽ നിത്യഹരിത നായിക സെറീനയും കിരീടപ്രതീക്ഷകളിൽ മുന്നിട്ടു നിൽക്കുന്നുവന്നതു തന്നെ കാരണം. ആദ്യ റൗണ്ടിൽ അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോയെ നേരിടുന്ന ലോക 109–ാം നമ്പർ താരം പ്രജ്ഞേഷ് ഗുണേശ്വരനാണ് ഇന്ത്യയുടെ പ്രതീക്ഷ.

ക്ലോക്കിന്റെ സമയം

ടൂർണമെന്റിൽ ചരിത്രം കുറിക്കുന്ന മാറ്റവുമായാണ് സെർവ് ക്ലോക്കിന്റെ വരവ്. എല്ലാ മത്സരങ്ങൾക്കും 25 സെക്കൻഡ് ആണ് സെർവ് ക്ലോക്ക് അനുവദിക്കുന്ന സമയം. ക്ലോക്കിൽ 0 രേഖപ്പെടുത്തുന്നതിനു മുൻപ് താരം സെർവ് ചെയ്തില്ലെങ്കിൽ ആദ്യം താക്കീത്. പിന്നീട് ഇതേ പിഴവു വരുത്തിയാൽ ഓരോ തവണയും ഓരോ സെർവ് വീതം നഷ്ടമാകും. തുടരെ 2 സെർവുകൾക്കിടയിൽ പിഴവു വന്നാൽ പോയിന്റ് തന്നെ നഷ്ടപ്പെടും. താരങ്ങൾ മൈതാനത്തെത്തുമ്പോൾ മുതലുള്ള സമയം ക്ലോക്കിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും.

ടൈബ്രേക്ക്

മണിക്കൂറുകളോളം അനിയന്ത്രിതമായി നീണ്ടു പോകുന്നത് തടയാൻ പുരുഷ, വനിതാ മത്സരങ്ങളുടെ അവസാന സെറ്റിൽ ടൈബ്രേക്ക് ഇത്തവണ ആരംഭിക്കുകയാണ്. സെറ്റിൽ 6–6 എന്ന നിലയിൽ എത്തുമ്പോൾ ടൈബ്രേക്കർ ആരംഭിക്കും. 2 പോയിന്റ് ലീഡോടെ ആദ്യം 10 പോയിന്റ് നേടുന്ന താരം സെറ്റ് ജയിക്കും. യുഎസ് ഓപ്പണിൽ നിലവിൽ ടൈബ്രേക്കറുണ്ട്. വിമ്പിൾഡനിൽ ഈ സീസണിൽ ആരംഭിക്കും.

താപ സ്കെയിൽ

കടുത്ത ചൂടിൽ താരങ്ങൾക്കു തണലൊരുക്കുന്ന താപനയത്തിനും (എക്സ്ട്രീം ഹീറ്റ് പോളിസി) ഇത്തവണ കന്നിയങ്കം. താപ ആഘാത ഏകകം (ഹീറ്റ് സ്ട്രെസ് സ്കെയിൽ) ആധാരമാക്കിയാണ് ചൂടു കൂടുമ്പോൾ മത്സരം തുടരണോ എന്നു തീരുമാനിക്കുക. 

1 മുതൽ 5 വരെ വ്യത്യസ്ത താപ അവസ്ഥകളാണ് ഈ സ്കെയിലിൽ.

5 രേഖപ്പെടുത്തിയാൽ മത്സരം നിർത്തും.

4 ആണെങ്കിൽ താൽക്കാലിക ഇടവേള.

3 രേഖപ്പെടുത്തിയാൽ ദേഹം തണുപ്പിക്കാനുള്ള നടപടികൾ എടുക്കണം.

2 ആണെങ്കിൽ കൂടുതൽ ശരീരത്തിലെ ജലാംശം നിലനിർത്താൻ കൂടുതൽ വെള്ളം കുടിക്കാൻ നിർദേശം നൽകും.

1 ആണു സ്കെയിലിൽ രേഖപ്പെടുത്തുന്നതെങ്കിൽ കളിക്കാൻ യോജ്യമായ താപനിലയാണെന്നാണ് സൂചന.

സൂര്യതാപം, അന്തരീക്ഷ ഊഷ്മാവ്, കാറ്റിന്റെ വേഗം, അന്തരീക്ഷ ഈർപ്പം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് സ്കെയിലിലെ താപ അവസ്ഥകൾ നിർണയിക്കപ്പെടുന്നത്.

പണക്കിഴിക്കിലുക്കം

സമ്മാനത്തുകയിൽ കഴിഞ്ഞ വർഷത്തെക്കാൾ 14% ആണു വർധന. 6.25 കോടി ഓസ്ട്രേലിയൻ ഡോളർ(എകദേശം 310 കോടി രൂപ) ആണു മൊത്തം സമ്മാനം. 2018ൽ 5.5 കോടി ഡോളറായിരുന്നു ഇത്. പുരുഷ, വനിതാ വിഭാഗങ്ങളിലെ സിംഗിൾസ് ജേതാക്കൾക്ക് 41 ലക്ഷം ഓസ്ട്രേലിയൻ ഡോളർ(20.2 കോടി രൂപ) പോക്കറ്റിലെത്തുമ്പോൾ ഇരു വിഭാഗങ്ങളിലെയും രണ്ടാം സ്ഥാനക്കാർക്കുമുണ്ട് മോശമല്ലാത്ത സമ്മാനത്തുക–20.5 ലക്ഷം ഡോളർ(10.1 കോടി). 2001നു ശേഷം ഓസ്ട്രേലിയൻ ഓപ്പണിലെ സമ്മാനത്തുകയിലെ വർധന 351 ശതമാനമാണ്. 20 വർഷം മുൻപ് 1.39 കോടി ഡോളറായിരുന്നു. 2011നു ശേഷം മാത്രം 159% ആണ് കൂടിയത്.

കിരീടമോഹികൾ

MEN'S SINGLES

നൊവാക് ജോക്കോവിച്ച് ∙ 2018ലെ ഏറ്റവും മികച്ച പുരുഷതാരം. യുഎസ് ഓപ്പൺ, വിമ്പിൾഡൻ കിരീടങ്ങളും ഒന്നാം റാങ്കുമായി തിളങ്ങിയ ജോക്കോവിച്ചിനാണ് മെൽബണിൽ പുരുഷ സിംഗിൾസിൽ ഏറ്റവും സാധ്യത. 

റോജർ ഫെഡറർ ∙ 2015ലെ മൂന്നാം റൗണ്ട് തോൽവി മാറ്റിനിർത്തിയാൽ, 2004 മുതൽ മെൽബണിൽ കുറഞ്ഞത് സെമിഫൈനൽ കണ്ട താരമാണ് ഫെഡറർ. 

റാഫേൽ നദാൽ ∙ ഫെ‍ഡററിനൊപ്പം സാധ്യത കൽപിക്കപ്പെടുന്നുണ്ട് സ്പാനിഷ് താരം നദാലിന്. നിലവിൽ ലോക രണ്ടാം നമ്പറായ നദാലിന് കഴിഞ്ഞ സീസണിൽ പരുക്കു വലിയ തിരിച്ചടിയായിരുന്നു. 

അലക്സാണ്ടർ സ്വരേവ്∙ എടിപി വേൾഡ് ടൂർ ഫൈനൽസിൽ ജോക്കോവിച്ചിനെയും ഫെഡററെയും വീഴ്ത്തി ശ്രദ്ധാകേന്ദ്രമായ യുവതാരം . ഓസ്ട്രേലിയൻ ഓപ്പണിൽ മൂന്നാം റൗണ്ടിനപ്പുറം കടന്നിട്ടില്ലന്നെതു പോരായ്മ. 

WOMEN'S SINGLES

സെറീന വില്യംസ് ∙ 23 സിംഗിൾസ് കിരീടങ്ങൾ സ്വന്തമാക്കിയ വെറ്ററൻ താരം സെറീനയ്ക്കു തന്നെയാണ് വനിതാ സിംഗിൾസിൽ കൂടുതൽ സാധ്യത. 

നവോമി ഒസാക്ക ∙ വനിതാ ടെന്നിസിനു നവോന്മേഷം പകർന്ന് കഴിഞ്ഞ യുഎസ് ഓപ്പൺ ടെന്നിസ് സ്വന്തമാക്കിയ ജപ്പാൻ താരം നവോമി ഇപ്പോൾ ലോക അ‍ഞ്ചാം നമ്പറാണ്. 

സിമോണ ഹാലെപ് ∙ ലോക ഒന്നാം നമ്പർ താരം. കഴിഞ്ഞ വർഷം ഡെൻമാർക്കിന്റെ കരോലിൻ വൊസ്നിയാക്കിയോടു തോറ്റു രണ്ടാം സ്ഥാനത്ത്.

കരോലിൻ വൊസ്നിയാക്കി ∙ നിലവിലെ ചാംപ്യനായ വൊസ്നിയാക്കി ലോക മൂന്നാം നമ്പറാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
FROM ONMANORAMA