sections
MORE

ജോക്കോവിച്ച് മുന്നോട്ട്; തിയെം, വാവ്‌റിങ്ക പുറത്ത്

djokovic-australian-open
SHARE

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ വിഭാഗം സിംഗിൾസിൽ നൊവാക് ജോക്കോവിച്ച്, അലക്സാണ്ടർ സ്വെരേവ്, കെയ് നിഷികോറി എന്നിവർക്കും വനിതകളിൽ സിമോണ ഹാലെപ്, സെറീന വില്യംസ്, വീനസ് വില്യംസ്, നവോമി ഒസാക്ക എന്നിവർക്കും ജയം. പരുക്കേറ്റ് ഓസ്ട്രിയൻ താരം ഡൊമിനിക് തിയെം പിൻമാറിയതും കാനഡയുടെ മിലോസ് റാവോണികിനോട് തോറ്റ് സ്വിസ് താരം സ്റ്റാൻ വാവ്‌റിങ്ക പിൻമാറിയതും നാലാം ദിനത്തിലെ ഞെട്ടൽ.

മെൽബൺ ∙ പതിറ്റാണ്ടിനു ശേഷം ചരിത്രാവർത്തനം. 2008ൽ മെൽബണിലെ ഫൈനലിൽ തന്റെ എതിരാളിയായിരുന്ന ഫ്രഞ്ച് താരം ജോ വിൽഫ്രഡ് സോംഗയെ തന്നെയാണ് ഇത്തവണയും ജോക്കോവിച്ച് മറികടന്നത് (6–3,7–5,6–4). ഗ്രാൻ‍്സ്ലാം മൽസരങ്ങളിൽ സെർബ് താരത്തിന്റെ തുടർച്ചയായ 16–ാം ജയം. 33 വിന്നറുകൾ ഉതിർത്താണ് ജോക്കോ വിജയത്തിലെത്തിയത്. കനേഡിയൻ താരം ഡെനിസ് ഷപോവലോവാണ് മൂന്നാം റൗണ്ടിൽ എതിരാളി. കാനഡയുടെ തന്നെ യൂജെനീ ബൗച്ചാർഡായിരുന്നു സെറീനയുടെ ഇര (6–2,6–2). യുക്രെയ്ന്റെ കൗമാര താരം ഡയാന യാസ്ട്രെംസ്കയാണ് അടുത്ത എതിരാളി.

സെറീന അനായാസം ജയിച്ചപ്പോൾ ടോപ് സീഡ് ഹാലെപിനു നന്നായി കഷ്ടപ്പെടേണ്ടി വന്നു. രണ്ടാം സെറ്റ് കൈവിട്ടതിനു ശേഷമാണ് അമേരിക്കയുടെ സോഫിയ കെനിനെതിരെ ഹാലെപ് ജയിച്ചു കയറിയത് ((6–3,6–7,6–4). എടിപി ലോക ഫൈനൽസിൽ ജോക്കോവിച്ചിനെ തോൽപ്പിച്ച ജർമനിയുടെ അലക്സാണ്ടർ സ്വെരേവ് അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഫ്രഞ്ച് താരം ജെറമി ചാർഡിയെ മറികടന്നത് (7–6,6–4,5–7,6–7,6–1). ആതിഥേയ താരം അലക്സെയ് പോപെറിനെതിരെ മൂന്നാം സെറ്റിൽ പിന്നിട്ടു നിൽക്കവെയാണ് പരുക്കേറ്റ് തിയെം പിൻമാറിയത്. ആദ്യ സെറ്റ് കൈവിട്ടതിനു ശേഷമാണ് റാവോണിക് വാവ്‌റിങ്കയെ കീഴടക്കിയത് (6–7,7–6,7–6,7–6).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
FROM ONMANORAMA