sections
MORE

നാലിലൊരാൾ; (മൂന്നു വട്ടം ഉറപ്പ്!), തലമുറ മാറ്റമില്ലാതെ പുരുഷ ടെന്നിസ്

Federer-Djokovic-Nadal-Murray
SHARE

ഇല്ല; തൽക്കാലം ഒരു മാറ്റവുമില്ല! പുതുതലമുറ ഇന്നു വരും നാളെ വരും എന്നു കരുതിയിരുന്നെങ്കിലും ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിലും കിരീടം ചൂടിയത് പരിചയസമ്പന്നനായ താരം തന്നെ– ഒന്നാം സീഡ് നൊവാക് ജോക്കോവിച്ച്. ഫൈനലിൽ ജോക്കോയെ നേരിട്ടതോ രണ്ടാം സീഡ് റാഫേൽ നദാൽ. കഴിഞ്ഞ വർഷാവസാനം എടിപി ലോക ടൂർ ഫൈനൽസിൽ ജോക്കോവിച്ചിനെ ജർമനിയുടെ യുവതാരം അലക്സാണ്ടർ സ്വെരേവ് തോൽപ്പിച്ചതോടെ തുടങ്ങിയ പ്രവചനങ്ങൾ ഫ്രഞ്ച് ഓപ്പൺ വരെ പെട്ടിയിലടച്ചു വയ്ക്കാം. വനിതാ ടെന്നിസിൽ പക്ഷേ നേരെ തിരിച്ചാണ് കാര്യം. 24–ാം ഗ്രാൻ‌സ്ലാം കിരീടവുമായി സെറീന വില്യംസ് റെക്കോർഡിനൊപ്പമെത്തുമെന്നു കരുതിയെങ്കിലും കിരീടം ചൂടിയത് ‘അടുത്ത സെറീന’യാകുമെന്നു കരുതപ്പെടുന്ന ജപ്പാന്റെ നവോമി ഒസാക്ക. പുരുഷ ടെന്നിസിൽ വൻ താരങ്ങളുടെ ആധിപത്യമാണെങ്കിൽ വനിതാ ടെന്നിസിൽ എല്ലാവർക്കും അവസരങ്ങളുള്ള ജനാധിപത്യമാണ്!

2004 വിമ്പിൾഡൻ മുതൽ ഈ ഓസ്ട്രേലിയൻ ഓപ്പൺ വരെയുള്ള 59 ഗ്രാൻസ്ലാം ചാംപ്യൻഷിപ്പുകളിൽ 53ലും കിരീടം ചൂടിയത് പുരുഷ ടെന്നിസിലെ ‘ബിഗ് ഫോർ’ എന്നറിയപ്പെടുന്ന നാലു പേരാണ്. റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്, ആൻഡി മറെ എന്നിവരാണിവർ. ഇക്കാലയളവിൽ രണ്ടേ രണ്ടു ചാംപ്യൻഷിപ്പ് ഫൈനലുകളിൽ മാത്രമാണ് ഇവരിൽ ഒരാളെങ്കിലും ഇല്ലാതെ പോയത്. 2005 ഓസ്ട്രേലിയൻ ഓപ്പണും (മാരത് സാഫിൻ– ലെയ്ട്ടൻ ഹെവിറ്റ്) 2014 യുഎസ് ഓപ്പണും (മരിൻ സിലിച്ച്–കെയ് നിഷികോറി) മാത്രം.

33

33 ഗ്രാൻസ്ലാം ടൂർണമെന്റ് ഫൈനലുകളിൽ ബിഗ് ഫോറിൽ രണ്ടു പേർ പരസ്പരം ഏറ്റുമുട്ടി. ആറ് എടിപി ഫൈനൽസുകളിലും 46 എടിപി മാസ്റ്റേഴ്സ് 1000 ടൂർണമെന്റുകളുടെ ഫൈനലുകളിൽ അങ്ങനെ തന്നെ. 2012 ലണ്ടൻ ഒളിംപിക്സ് ഫൈനലിൽ മറെയും ഫെഡറും മൽസരിച്ചു.

5‌5

ഈ നാലു പേരും കൂടി നേടിയ ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങൾ. ഫെഡറർ (20), നദാൽ (17), ജോക്കോവിച്ച് (15) മറെ (3) എന്നിങ്ങനെയാണത്. കിരീടങ്ങളുടെ എണ്ണത്തിൽ താരതമ്യമില്ലെങ്കിലും മറെ അഞ്ചു തവണ ഓസ്ട്രേലിയൻ ഓപ്പണിലും ഒരു തവണ ഫ്രഞ്ച് ഓപ്പണിലും ഫൈനലിലെത്തി.
കൂട്ടത്തിൽ രണ്ട് ഒളിംപിക് സിംഗിൾസ് സ്വർണം പേരിലുള്ള താരവും മറെ തന്നെ. 2012ൽ ലണ്ടനിലും 2016ൽ റിയോയിലും. ഒരു മിക്സ്ഡ് ഡബിൾസ് വെള്ളിയും മറെയുടെ പേരിലുണ്ട്.

4

നാലു പേരും ഡേവിസ് കപ്പിൽ തങ്ങളുടെ രാജ്യത്തിനെ കിരീടത്തിലെത്തിക്കുന്നതിൽ പങ്കുവഹിച്ചു. നദാൽ നാലു തവണ സ്പെയിനെ ജേതാക്കളാക്കി. ജോക്കോവിച്ച് 2010ൽ സെർബിയയെയും ഫെഡറർ 2014ൽ സ്വിറ്റ്സർലൻഡിനെയും മറെ 2015ൽ ബ്രിട്ടനെയും ജേതാക്കളാക്കി. 79 വർഷത്തിനു ശേഷമാണ് ബ്രിട്ടൻ കിരീടം ചൂടിയത്. സ്കോട്‌ലൻഡുകാരനാണെങ്കിലും മറെ ബ്രിട്ടനു വേണ്ടിയാണ് കളിക്കുന്നത്.

osaka-serena
നവോമി ഒസാക്ക, സെറീന വില്യംസ്

വനിതകളുടെ കാര്യമിങ്ങനെ....

8

ഇക്കഴിഞ്ഞ രണ്ടു വർഷം (2017, 2018) എട്ടു ഗ്രാൻസ്ലാം ചാംപ്യൻഷിപ്പുകളിൽ കിരീടം ചൂടിയത് എട്ടു വ്യത്യസ്ത വനിതാ താരങ്ങൾ. അമ്മയാകുന്നതിനു വേണ്ടി സെറീന വില്യംസ് കോർട്ടിൽ നിന്നു വിട്ടുനിന്നതും പുതിയ താരങ്ങളുടെ വരവിനു വഴിയൊരുക്കി. കഴി‍ഞ്ഞ യുഎസ് ഓപ്പണും തൊട്ടു പിന്നാലെ ഓസ്ട്രേലിയൻ ഓപ്പണും നേടിയ നവോമി ഒസാക്ക മാത്രമാണ് ഇക്കാലയളവിൽ അടുപ്പിച്ച് രണ്ടു ഗ്രാൻസ്ലാം കിരീടങ്ങൾ ചൂടിയത്.

24

ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങൾ നേടിയ റെക്കോർഡ് ഓസ്ട്രേലിയയുടെ മാർഗരറ്റ് കോർട്ടിന്റെ പേരിലാണ്– 24 എണ്ണം. 23 കിരീടങ്ങളുമായി അമേരിക്കയുടെ സെറീന വില്യംസ് തൊട്ടു പിന്നിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN TENNIS
SHOW MORE
FROM ONMANORAMA