sections
MORE

ആദ്യ കിരീടം ഏറ്റുവാങ്ങുമ്പോൾ കാണികൾ കൂവി; ഒന്നുകൂടി നേടി നെഞ്ചുവിരിച്ച് ഒസാക!

naomi-osaka
SHARE

യുഎസ് ഓപ്പൺ ഗ്രാൻസ്ലാം ചാംപ്യൻഷിപ്പ് ജയിച്ച ശേഷമുള്ള ഏറ്റവും നല്ല അനുഭവമെന്തായിരുന്നു? ഈ വർഷമാദ്യം പ്രശസ്തമായ ടൈം മാഗസിനു വേണ്ടി അഭിമുഖത്തിനിരുന്നപ്പോൾ നവോമി ഒസാക്കയ്ക്കു നേരെ വന്ന ചോദ്യങ്ങളിലൊന്ന്. വലിയ ഉത്തരങ്ങൾ പ്രതീക്ഷിച്ച റിപ്പോർട്ടറുടെ മുഖത്തു നോക്കി ചിരിച്ച് ഒസാക്ക പറഞ്ഞു: ‘സിംഗപ്പൂരിൽ ഞാൻ പ്രശസ്തമായ യൂണിവേഴ്സൽ സ്റ്റുഡിയോ കാണാൻ പോയി. അവിടെ എനിക്ക് ക്യൂ നിൽക്കേണ്ടി വന്നില്ല’’. ഒസാക്കയുടേത് വ്യാജ വിനയമല്ല. ഒരു കൗമാരക്കാരി ലോകം കാണുന്ന കൗതുകം അവളുടെ കണ്ണുകളിലുണ്ട്.

ജപ്പാനിലേക്കു പോകുമ്പോൾ എന്താണു തോന്നാറുള്ളതെന്ന ചോദ്യത്തിന് ഒരു കൊച്ചുകുട്ടിയുടെ കൗതുകവുമായി നിറഞ്ഞ ചിരിയോടെ ഒസാക്കയുടെ മറുപടിയിങ്ങനെ: ‘‘വെക്കേഷനിൽ മനോഹരമായ ഒരു സ്ഥലത്തേക്ക് ടൂർ പോകുന്ന പോലെ..’’ ടെന്നിസ് കഴിഞ്ഞാൽ ഒസാക്കയുടെ ഇഷ്ടങ്ങളും ഒരു സ്കൂൾകുട്ടിയുടേതു തന്നെ. നന്നായി മധുരം കഴിക്കും, പോക്കിമോൺ കാർട്ടൂർ കഥാപാത്രങ്ങളെക്കുറിച്ചു സംസാരിക്കും, പിന്നെ എല്ലാ കാര്യങ്ങളും ഏറ്റവും അടുത്ത കൂട്ടുകാരിയോട് പങ്കുവയ്ക്കും.

21 വയസ്സു തികയുന്നതിനിടെ ഒസാക്ക കൈവരിച്ച നേട്ടങ്ങളുടെ വലുപ്പം ശരിക്കറിയാത്തത് ഒസാക്കയ്ക്കു മാത്രമാകും! സാക്ഷാൽ സെറീന വില്യംസിനെ തോൽപ്പിച്ച് ആദ്യ ഗ്രാൻസ്ലാം, അതിനു തൊട്ടു പിന്നാലെ ഓസ്ട്രേലിയൻ ഓപ്പൺ, ജെന്നിഫർ കപ്രിയാറ്റിക്കു ശേഷം കന്നി ഗ്രാൻസ്ലാം കിരീടത്തിനു തൊട്ടു പിന്നാലെ മറ്റൊന്നു കൂടി നേടുന്ന താരം, ലോക ഒന്നാം നമ്പർ റാങ്കിലെത്തുന്ന ആദ്യ ഏഷ്യൻ താരം, കരോളിൻ വോസ്നിയാക്കിക്കു ശേഷം ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം..എന്നിട്ടും യുഎസ് ഓപ്പണിൽ സെറീനയെ തോൽപ്പിച്ചപ്പോൾ കൂവിയ കാണികൾക്കു മുന്നിൽ തൊപ്പി കൊണ്ടു മുഖം മറച്ച് ഒസാക്ക കരഞ്ഞു. സെറീനയെ തോൽപ്പിച്ചതിനു മാപ്പു പറഞ്ഞു. ഒടുവിൽ സെറീന തന്നെയാണ് കാണികളെ അടക്കി നിർത്തി ഒസാക്കയെ ആശ്വസിപ്പിച്ചത്. ഓസ്ട്രേലിയൻ ഓപ്പണിൽ പെട്ര ക്വിറ്റോവയെ തോൽപ്പിച്ചതിനു ശേഷവും ഒസാക്ക വിതുമ്പി. ‘‘കരയുന്നത് ആൾക്കാർ കാണുന്നത് എനിക്കിഷ്ടമല്ല..പക്ഷേ...’’– ഒസാക്കയുടെ വാക്കുകൾ.

സെറീനയൊഴികെ ആരും ആധിപത്യം പുലർത്താത്ത വനിതാ ടെന്നിസിനു പുതിയ പ്രതീക്ഷയാണ് ശൈലിയിൽ സെറീനയെ അനുസ്മരിപ്പിക്കുന്ന ഒസാക്ക. സെറീനയെപ്പോലെ പവർ ഗെയിമാണ് ഒസാക്കയുടേതും. ഓസ്ട്രേലിയൻ ഓപ്പണിൽ 59 ഏയ്സുകളാണ് ഒസാക്ക ഉതിർത്തത്. രണ്ടാം സ്ഥാനത്തുള്ള താരത്തെക്കാൾ 22 എണ്ണം കൂടുതൽ. സെറീനയുമായുള്ള ഒസാക്കയുടെ അദൃശ്യബന്ധം ചെറുപ്പകാലത്തേക്കും നീളുന്നു.

ഹെയ്ത്തി വംശജനായ ലിയൊനാർഡ് മാക്സിൻ ഫ്രാങ്കോയിസിനും ജപ്പാൻകാരിയായ തമാകി ഒസാക്കയ്ക്കും മക്കൾ രണ്ട്– മാരിയും നവോമിയും. വില്യംസ് സഹോദരിമാരെ അവരുടെ പിതാവ് ലോകമറിയുന്ന ടെന്നിസ് താരങ്ങളാക്കിയ പോലെ മാരിയെയും നവോമിയെയും വളർത്തണമെന്നായിരുന്നു ലിയൊനാർഡിന്റെയും ആഗ്രഹം. ചെറുപ്പത്തിൽ തന്നെ അമേരിക്കയിലേക്കു കുടിയേറിയതോടെ മികച്ച സൗകര്യങ്ങളും കിട്ടി. മാരി ലോക നിലവാരത്തിലേക്ക് ഉയർന്നില്ലെങ്കിലും നവോമി അച്ഛന്റെ ആഗ്രഹം സാധിച്ചു– പതിൻമടങ്ങു വേഗത്തിൽ! 

ഫ്ലോറിഡയിലാണ് താമസിക്കുന്നതെങ്കിലും ജപ്പാനീസ് താരമാണ് ഒസാക്ക. പൊതുവെ മിശ്രവംശജരെ അംഗീകരിക്കാൻ മടി കാണിക്കുന്നവരാണ് ജപ്പാൻകാർ. എന്നാൽ ഒസാക്കയുടെ കാര്യത്തിൽ അവർ മാറിച്ചിന്തിക്കുന്നു. ജപ്പാനീസ് കേട്ടാൽ മനസ്സിലാകുമെങ്കിലും ശരിക്കു പറയാനറിയാത്ത ഒസാക്കയെ ജപ്പാനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ തന്നെ വിശേഷിപ്പിച്ചു – നിഹോൺ നോ ഹോകോരി അഥവാ ‘ജപ്പാന്റെ രത്നം’. ജപ്പാൻ ആതിഥ്യമരുളുന്ന 2020 ഒളിംപിക്സിന്റെ ‘ഗ്ലോബൽ അംബാസഡർ’മാരിലൊരാളായിരിക്കും ഈ കൗമാരക്കാരി എന്നുറപ്പ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
FROM ONMANORAMA