ADVERTISEMENT

ഹൈദരാബാദ്∙ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ടെന്നിസ് താരവും പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്കിന്റെ ഭാര്യയുമായ സാനിയ മിർസയ്ക്കെതിരെ വിമർശനവുമായി ബിജെപി എംഎൽഎ. ‘പാക്കിസ്ഥാന്റെ മരുമകളാ’യ സാനിയയെ തെലങ്കാനയുടെ ബ്രാൻഡ് അംബാസഡർ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സംസ്ഥാനത്തുനിന്നുള്ള ഏക ബിജെപി എംഎൽഎ ടി. രാജാ സിങ് ആവശ്യപ്പെട്ടു. 2014 ജൂലൈയിലാണ് സാനിയയെ തെലങ്കാനയുടെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത്.

‘കശ്മീരിലെ പുൽവാമയിൽ നമ്മുടെ ധീര സൈനികരെ പാക്കിസ്ഥാന്റെ പിന്തുണയുള്ള ഭീകരർ കൊലപ്പെടുത്തിയത് പൊറുക്കാനാകാത്ത കാര്യമാണ്. നമ്മുടെ അയൽരാജ്യത്തിന്റെ പിന്തുണയോടെ അരങ്ങേറിയ ഹീനകൃത്യത്തെ ഇന്ത്യ ഒന്നടങ്കം അപലപിച്ചിട്ടുമുണ്ട്. പാക്കിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും ഇന്ത്യ പുനഃപരിശോധിക്കുന്ന സമയത്ത്, പാക്കിസ്ഥാന്റെ മരുമകളായ സാനിയ മിർസ തെലങ്കാനയുടെ ബ്രാൻഡ് അംബാസഡർ സ്ഥാനത്തു തുടരുന്നത് ശരിയല്ല’ – രാജാ സിങ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

അതേസമയം, പുൽവാമ ആക്രമണത്തെ അപലപിച്ച് സാനിയ മിർസ നേരത്തെ രംഗത്തെത്തിയിരുന്നു. ആദ്യം ചെറിയൊരു കുറിപ്പിലൂടെയായിരുന്നു പ്രതികരണമെങ്കിലും, പാക്കിസ്ഥാനെതിരെ സാനിയ പരസ്യ പ്രതികരണം നടത്തിയില്ലെന്ന് ‘ട്രോളുകൾ’ വ്യാപകമായതോടെ താരതമ്യേന സുദീർഘമായൊരു കുറിപ്പ് സാനിയ ട്വീറ്റ് ചെയ്തിരുന്നു.

‘പുൽവാമയിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻമാർക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണു ഞാൻ. ഫെബ്രുവരി 14 ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ഇരുണ്ട ദിനമായിരുന്നു. അങ്ങനെയൊരു ദിനം ഇനി ഉണ്ടാകാതിരിക്കട്ടെ. ഈ ദിവസം മറക്കാനോ പൊറുക്കാനോ സാധിക്കില്ലെന്ന് ഉറപ്പ്. എങ്കിലും വിദ്വേഷം പരത്തുന്നതിനു പകരം സമാധാനം പുലർന്നിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു. ക്രിയാത്മകമായ തലത്തിലേക്ക് ദിശ മാറ്റിവിടാൻ സാധിച്ചാൽ മാത്രമേ കോപം കൊണ്ടു കാര്യമുള്ളൂ’– സാനിയ പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com