ADVERTISEMENT

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ വമ്പൻ അട്ടിമറികൾ. ആദ്യ രണ്ടു റൗണ്ടുകൾ ആയാസപ്പെട്ടു ജയിച്ച ജാപ്പനീസ് താരം നവോമി ഒസാക്ക മൂന്നാം റൗണ്ടിൽ വീണു. ചെക് റിപ്പബ്ലിക് താരം കാതറീന സിനിയാകോവയാണ് ഒന്നാം സീഡ് ഒസാക്കയെ മടക്കിയയച്ചത് (6–4,6–2). 24–ാം ഗ്രാൻസ്‌ലാം കിരീടമെന്ന റെക്കോർഡിൽ കണ്ണുവച്ച് കളത്തിലിറങ്ങിയ യുഎസ് താരം സെറീന വില്യംസും തോറ്റു പുറത്തായി. സ്വന്തം നാട്ടുകാരിയായ സോഫിയ കെനിനാണ് സെറീനയെ വീഴ്ത്തിയത്. സ്കോർ: 6-2, 7-5.

ഡബിൾസ് ലോക റാങ്കിങിൽ ഒന്നാം സ്ഥാനത്താണെങ്കിലും സിംഗിൾസ് 42–ാം റാങ്കുകാരിയാണ് ഒസാക്കയെ വീഴ്ത്തിയ സിനിയാകോവ. വിമ്പിൾഡനിലും ഫ്രഞ്ച് ഓപ്പണിലും നിലവിൽ ഡബിൾസ് ചാംപ്യനാണ് സിനിയാകോവ. ഒസാക്കയും സെറീനയും കൂടി പുറത്തായതോടെ വനിതാ വിഭാഗം സിംഗിൾസിൽ ആദ്യ 20 സീഡുകളിൽ 14 പേരും മൂന്നാം റൗണ്ട് കാണാതെ മടങ്ങി.

ഒസാക്കയുടെ 16 മത്സരങ്ങൾ നീണ്ട ഗ്രാൻഡ്സ്ലാം വിജയത്തുടർച്ചയ്ക്കും ഇതോടെ അവസാനമായി. ആദ്യ രണ്ടു റൗണ്ടുകളിലും ഒരു സെറ്റ് നഷ്ടപ്പെടുത്തി ജയിച്ച ഒസാക്കയ്ക്ക് ഇത്തവണ ആ പോരാട്ടവീര്യം കാഴ്ച വയ്ക്കാനായില്ല. ചെത്തിവിട്ട ഫോർഹാൻഡുകളിലൂടെയും ഡ്രോപ്പ് ഷോട്ടുകളിലൂടെയും ഒസാക്കയെ വിറപ്പിച്ച സിനിയാകോവ 44 മിനിറ്റിൽ തന്നെ ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ ഒസാക്കയുടെ ‍ഡബിൾ ഫോൾട്ട് മുതലെടുത്ത സിനിയാകോവ അതിവേഗം മുന്നേറി. ഒസാക്കയുടെ തുടർപിഴവുകളിൽ മത്സരവും സ്വന്തമാക്കി.

മൂന്നാം സീഡ് സിമോണ ഹാലെപ് യുക്രെയ്ന്റെ ലെസിയ സുറെങ്കോയെ അനായാസം തോൽപ്പിച്ചു (6–2,6–1). പുരുഷൻമാരിൽ നൊവോക് ജോക്കോവിച്ച് ഇറ്റലിയുടെ സാൽവതോർ കരുസോയെ തോൽപ്പിച്ചു (6–3,6–3,6–2). റാഫേൽ നദാൽ കഴിഞ്ഞ ദിവസം ബൽജിയൻ താരം ഡേവിഡ് ഗോഫിനെ നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്നിരുന്നു (1–6,3–6,6–4,3–6). ഡബിൾസിൽ ഇന്ത്യൻ താരം ലിയാൻഡർ പെയ്സ്–ഫ്രഞ്ച് താരം ബെനോ പെയ്ർ സഖ്യം തോറ്റു പുറത്തായി. 

English Summary: Serena Williams suffered her earliest Grand Slam exit since 2014 when she crashed out of the French Open on Saturday, ending her bid to win a record-equalling 24th major, just hours after world number one Naomi Osaka also suffered a shock defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com