ADVERTISEMENT

ലണ്ടൻ ∙ ആരു ജയിച്ചാലും ഈ വിമ്പിൾഡൻ ഓർമിക്കപ്പെടുന്നത് കോറി ഗോഫിന്റെ കൂടി പേരിലാകും! ആദ്യ റൗണ്ടിൽ വീനസ് വില്യംസിനെ അട്ടിമറിച്ച പതിനഞ്ചുകാരി രണ്ടാം റൗണ്ടിലും ജയിച്ചു കയറി. 2017ലെ സെമിഫൈനലിസ്റ്റ് സ്ലൊവാക്യയുടെ മഗ്ദലന റൈബാറിക്കോവയാണ് ഇത്തവണ ലോക 313–ാം റാങ്കുകാരിയായ ഗോഫിനു മുന്നിൽ വീണത് (6–3, 6–3). മൽസരശേഷം ഗോഫ് തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചു– ‘ഞാൻ ആരെയും തോൽപിക്കും!’. 17–ാം സീഡ് മാഡിസൺ കീസിനെ അട്ടിമറിച്ചെത്തുന്ന സ്ലൊവേനിയൻ താരം പൊളോന ഹെർകോഗാണ് അടുത്ത റൗണ്ടിൽ ഗോഫിന്റെ എതിരാളി.

ജെന്നിഫർ കപ്രിയാറ്റിക്കു ശേഷം വിമ്പിൾഡൻ മൂന്നാം റൗണ്ടിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പതിനഞ്ചുകാരിയായ ഗോഫ്. കപ്രിയാറ്റി 1991ൽ സെമിഫൈനൽ വരെ എത്തിയിരുന്നു. 3 യോഗ്യതാ മത്സരങ്ങൾ ഉൾപ്പെടെ 5 മത്സരങ്ങളിൽ ഒരു സെറ്റ് പോലും കൈവിടാതെയാണ് ഗോഫിന്റെ മുന്നേറ്റം.

ഗോഫ് കോർട്ടിന്റെ മനംകവർന്ന ദിനം, നോവാക് ജോക്കോവിച്ച്, റോജർ ഫെഡറർ, കെയ് നിഷികോരി, ജോഹന്ന കോണ്ട, പെട്ര ക്വിറ്റോവ, ആഷ്‌ലി ബാർട്ടി തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തി. അമേരിക്കൻ താരം ഡെനിസ് കുഡ്‌ലയെയാണ് ജോക്കോ തോൽപിച്ചത് (6–3,6–2, 6–2). ഫെഡറർ ബ്രിട്ടിഷ് താരം ജേ ക്ലാർക്കിനെ വീഴ്ത്തി (1–6,6–7,2–6).

∙ കൂട്ടുകാരികളുടെ കൊകോ

കോകോ എന്നാണ് കോറി ഗോഫിന്റെ വിളിപ്പേര്. പിതാവിന്റെ ആദ്യപേരും കോറി എന്നായതിനാലാണ് ഇങ്ങനെ പേരു വീണത്. കൊകോയുടെ പിതാവ് ബാസ്കറ്റ് ബോൾ താരവും അമ്മ കാൻഡി ഹർഡിൽസ് താരവുമായിരുന്നു. സെറീന വില്യംസിന്റെയും വീനസ് വില്യംസിന്റെയും കളി കണ്ടാണ് ഗോഫ് ടെന്നിസിലേക്ക് ആകർഷിക്കപ്പെട്ടത്. ഗോഫിന്റെ ഇഷ്ടതാരം സെറീന തന്നെ. ആദ്യം ബാസ്കറ്റ് ബോളിലായിരുന്നു താൽപര്യമെങ്കിലും പിന്നീട് ടെന്നിസിലേക്കു മാറി. റോജർ ഫെഡറർക്കു പങ്കാളിത്തമുള്ള ‘ടീം8’ ആണ് ഗോഫിന്റെ പ്ലെയർ ഏജൻസി. ഒഴിവു സമയങ്ങളിൽ യൂടൂബ് വിഡിയോ കാണുക എന്നതാണ് ഗോഫിന്റെ ഇഷ്ടവിനോദം.

English Summary: Cori Gauff, Wimbledon's 15-year-old tennis prodigy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com