ADVERTISEMENT

ലണ്ടൻ ∙ വിമ്പിൾഡൻ ടെന്നിസിൽ അമേരിക്കയുടെ കൗമാര താരം കോകോ ഗോഫിന്റെ സ്വപ്നയാത്ര തുടരുന്നു. രണ്ടു മാച്ച് പോയിന്റുകളിൽ നിന്നു രക്ഷപ്പെട്ട ഗോഫ് സ്ലൊവേനിയയുടെ പൊളോന ഹെർകോഗിനെ തോൽപ്പിച്ച് പ്രീ–ക്വാർട്ടറിൽ കടന്നു (3–6,7–6,7–5). രണ്ടാം സെറ്റ് 2–5നു പിന്നിലായ ശേഷം തിരിച്ചടിച്ചു സ്വന്തമാക്കിയ ഗോഫ് മൂന്നാം സെറ്റിൽ 1–4നു പിന്നിലായ ശേഷം പൊരുതിക്കയറി.

മുൻ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപാണ് ഗോഫിന്റെ അടുത്ത എതിരാളി. ഗോഫിന്റെ ഉജ്വല വിജയത്തിൽ സെന്റർ കോർട്ടിൽ ഇന്നലെ നിഴലിലായിപ്പോയത് നൊവാക് ജോക്കോവിച്ചിന്റെ നേട്ടം. നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ (7–5, 6–7, 6–1, 6–4) പോളണ്ടിന്റെ ഹ്യൂബർട്ട് ഹർകാഷിനെ തോൽപ്പിച്ച ജോക്കോ വിമ്പിൾഡനിൽ 12 പ്രീ–ക്വാർട്ടറുകളെന്ന നേട്ടത്തിൽ ബോറിസ് ബെക്കർക്കൊപ്പം മൂന്നാമതെത്തി. 16 തവണ ഈ നേട്ടത്തിലെത്തിയ ജിമ്മി കോണോഴ്സും റോജർ ഫെഡററുമാണ് മുന്നിലുള്ളത്.

24–ാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിടുന്ന സെറീന വില്യംസ് ജർമനിയുടെ ജൂലിയ ജോർജസിനെ തോൽപ്പിച്ചു (6–3,6–4). ഫ്ര​ഞ്ച് ഓപ്പൺ ജേതാവ് ആഷ്‌ലി ബാർട്ടി ബ്രിട്ടന്റെ ഹാരിയറ്റ് ഡാർട്ടിനെ തോൽപ്പിച്ച് നാലാം റൗണ്ടിലെത്തി (6–1,6–1). കെയ് നിഷികോരി, സാം ക്വെറി, പെട്ര ക്വിറ്റോവ എന്നിവരും ജയിച്ചു മുന്നേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com